ദുബായ് മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നു

Posted on: November 12, 2022

ദുബായ്: ആധുനിക ദുബായ് നഗരത്തിന്റെ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന ഡൗണ്‍ ടൗണ്‍ ദുബായില്‍ സ്ഥിതി ചെയ്യുന്ന ദുബായ് മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നു. ഇത് സംബന്ധിച്ച കരാറില്‍ ബുര്‍ജ് ഖലീഫ, ദുബായ് മാള്‍ എന്നിവയുടെ ഉടമസ്ഥരായ എമ്മാര്‍ പ്രോപ്പര്‍ട്ടീസും ലുലു ഗ്രൂപ്പും തമ്മില്‍ ഒപ്പുവച്ചു.

‘എമ്മാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ ജമാല്‍ ബിന്‍ താനിയയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുമാണ് കരാറില്‍ ഒപ്പിട്ടത്. എമാര്‍ പ്രോപ്പര്‍ട്ടീസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അമിത് ജയിന്‍, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ എം.എ. അഷ്‌റഫ് അലി, ലുലുഗ്രൂപ്പ് ഡയറക്റ്റര്‍ എം.എ. സലിം, എമാര്‍ മാള്‍സ് സിഇഒ വാസിം അല്‍ അറബി എന്നിവരും സന്നിഹിതരായിരുന്നു.
ഏപ്രിലോടെ ദുബായ് മാളിലെ ലുലു പ്രവര്‍ത്തനമാരംഭിക്കും.

ലോകത്തെ ഏറ്റവും പ്രമുഖമായ ഷോപ്പിംഗ് കേന്ദ്രമായ ദുബായ് മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുന്നതിനായി എമ്മാര്‍ ഗ്രൂപ്പുമായി സഹകരിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു.

ഡൗണ്‍ ടൗണിലും സമീപ പ്രദേശങ്ങളിലുമായി വസിക്കുന്ന താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി ഏറ്റവും മികച്ചതും ആധുനിക രീതിയിലുള്ള ഒരു ഷോപ്പിംഗ് അനുഭവമായിരിക്കും ലുലു നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിംഗ് മാളായ ദുബായ് മാളില്‍ 1,000 ത്തിലധികം റീട്ടെയ്ല്‍ ബ്രാന്‍ഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ഉയരത്തില്‍ ലോകപ്രശസ്ത കെട്ടിടമായ ബുര്‍ജ് ഖലീഫയോട് ചേര്‍ന്ന് 5 ലക്ഷത്തില്‍പ്പരം സ്‌ക്വയര്‍ മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ദുബായ് മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്
ആരംഭിക്കുമ്പോള്‍ നവീന ഷോപ്പിങ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

ദുബായ് മാള്‍ 15-ാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ സമയത്ത് 200ഓളം രാജ്യങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനാളുകള്‍ വന്നുപോകുന്ന ഇടമെന്ന ഖ്യാതിയും ഇതിനുണ്ട്. ലോകത്തെ പ്രമുഖബ്രാന്‍ഡുകളും മികച്ച സേവനങ്ങളുംഒന്നിച്ചു ചേരുന്ന ദുബായ് മാള്‍ സഞ്ചാരികളുടെയും താമസക്കാരുടെയും പ്രമുഖ ഷോപ്പിങ് കേന്ദ്രമാണ്. ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 240ലധികം കീപ്പര്‍ മാര്‍ക്കുകളാണ് ലുലു ഗ്രൂപ്പിനുള്ളത്.