ഡായ്ചി സൻക്യോ സൺഫാർമയിലെ ഓഹരിവിഹിതം വിറ്റഴിച്ചു

Posted on: April 21, 2015

Sun-Pharma-Big

മുംബൈ : ജാപ്പനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡായ്ചി സൻക്യോ സൺഫാർമയിലെ 9 ശതമാനം ഓഹരിവിഹിതം പൂർണമായും വിറ്റഴിച്ചു. ഡായ്ചിക്ക് സൺഫാർമയിലുണ്ടായിരുന്ന 21,49,69,058 ഓഹരികളും ഓഹരി ഒന്നിന് ശരാശരി 950 രൂപ പ്രകാരമാണ് വില്പന നടത്തിയത്. ഓഹരിവില്പനയിലൂടെ 20,420 കോടി രൂപ ഡായ്ചിക്കു ലഭിച്ചു. ഓഹരിവിൽക്കാനുള്ള തീരുമാനം ഇന്നലെയാണ് ഡായ്ചി പ്രഖ്യാപിച്ചത്.

ഡായ്ചിയുടെ ഓഹരിവില്പന സൺഫാർമ ഓഹരികളുടെ വില കുത്തനെ കുറയാൻ ഇടയാക്കി. നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ സൺഫാർമ ഓഹരിവില 10.9 ശതമാനം കുറഞ്ഞ് 930 രൂപയിൽ എത്തി. ബിഎസ്ഇയിൽ 10.63 ശതമാനം (933.10 രൂപ) ഇടിവുണ്ടായി.

റാൺബാക്‌സിയുമായുള്ള ലയനം പൂർത്തിയായതായി സൺഫാർമ വ്യക്തമാക്കി. ഏകദേശം ഒരു വർഷം മുമ്പാണ് 4 ബില്യൺ ഡോളർ മുതൽമുടക്കിൽ റാൺബാക്‌സിയെ സൺ ഏറ്റെടുത്തത്. കരാർ പ്രകാരം റാൺബാക്‌സിയുടെ ഓരോ ഓഹരിക്കും സൺഫാർമയുടെ 0.8 ഓഹരികൾ ലഭിക്കും. 2008 ൽ ഡായ്ചി 22,000 കോടി രൂപ മുടക്കി റാൺബാക്‌സിയെ ഏറ്റെടുത്തിരുന്നു. റാൺബാക്‌സിയുടെ 63.4 ശതമാനം ഓഹരികളുടെ ഡായ്ചിയുടെ നിയന്ത്രണത്തിലായിരുന്നു.