പേമെന്റ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി

Posted on: August 20, 2015

RBI-round-logo-big

മുംബൈ : റിസർവ് ബാങ്ക് 11 പേമെന്റ് ബാങ്കുകൾക്ക് പ്രാഥമിക അംഗീകാരം നൽകി. ആദിത്യ ബിർള നുവോ, എയർടെൽ എം കൊമേഴ്‌സ് സർവീസസ്, ചോളമണ്ഡലം ഡിസ്ട്രിബ്യൂഷൻ സർവീസസ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് പോസ്റ്റ്‌സ്, ഫിനോ പേ ടെക്, നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി, റിലയൻസ് ഇൻഡസ്ട്രീസ്, ദിലീപ് ശാന്തിലാൽ (പ്രമോട്ടർ സൺഫാർമ), വിജയ് ശേഖർ ശർമ്മ (പ്രമോട്ടർ പേടിഎം), ടെക് മഹീന്ദ്ര, വോഡഫോൺ എം പെസ എന്നിവർക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്.

നിക്ഷേപം സ്വീകരിക്കൽ, മണി ട്രാൻസ്ഫർ, ഇന്റർനെറ്റ് ബാങ്കിംഗ്, തുടങ്ങിയ സേവനങ്ങളാണ് പേമെന്റ് ബാങ്കുകൾക്ക് നടത്താനാവുക. ഒരു വ്യക്തിയിൽ നിന്ന് ഒരു ലക്ഷം രൂപ വരെ നിക്ഷേപം സ്വീകരിക്കാം. വായ്പ നൽകാനാവില്ല. ഡെബിറ്റ് കാർഡ് നൽകാം. എന്നാൽ ക്രെഡിറ്റ് കാർഡ് വിതരണം ചെയ്യാനാകില്ല. ഇൻഷുറൻസ് ഉത്പന്നങ്ങൾ വിൽക്കാം.

അനുമതി ലഭിച്ചവർ അടുത്ത 18 മാസത്തിനുള്ളിൽ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്നാണ് ആർബിഐയുടെ നിർദ്ദേശം. നൂറ് കോടി രൂപ മൂലധനമുള്ള സ്ഥാപനങ്ങൾക്കു മാത്രമെ ലൈസൻസിന് അപേക്ഷ നൽകാനാവുമായിരുന്നുള്ളു. പേമെന്റ് ബാങ്ക് ലൈസൻസിന് 41 അപേക്ഷകളാണ് റിസർവ് ബാങ്കിന് ലഭിച്ചിരുന്നത്.