കെ-ഫോണ്‍ മുഖേന സ്റ്റാര്‍ട്ടപ്പ് മിഷനെയും, ടൂറിസം വകുപ്പിനെയും ബന്ധപ്പിക്കും : മുഖ്യമന്ത്രി

Posted on: December 16, 2022

തിരുവനന്തപുരം : കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ ടൂറിസം വകുപ്പുമായി ബന്ധിപ്പിച്ച് സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ച ത്വരിതഗതിയില്‍ ആക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ഹഡില്‍ ഗ്ലോബല്‍ ടെക് സ്റ്റാര്‍ട്ടപ്പ് പരിപാടി കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ കെ-ഫോന്‍ മുഖേനയായിരിക്കും ടൂറിസം വകുപ്പിനെയും സ്റ്റാര്‍ട്ടപ്പ് മിഷനെയും ബന്ധിപ്പിക്കുക.

ഇതുവഴി സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രവര്‍ത്തനം എത്തിപ്പെടുകയും യുവജനങ്ങള്‍ക്കും സംരംഭകര്‍ക്കും പ്രയോജനം ലഭിക്കുകയും ചെയ്യും. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് രംഗത്തെ മുന്‍നിര സംസ്ഥാനങ്ങളിലൊന്നായ കേരളത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത വിധമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നൈപുണ്യ വികസനത്തിലും സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കുന്നു. ഈസാമ്പത്തിക വര്‍ഷം മാത്രം ഒരു ലക്ഷത്തോളം സംരംഭങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. തിരുവനന്ത പുരത്ത് പുതിയ എമര്‍ജിംഗ് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് ഹബ് തുടങ്ങും. ആരോഗ്യ, സാമൂഹിക,വിദ്യാഭ്യാസ മേഖലകളില്‍ ലോകത്തിന് തന്നെ മാതൃകയായ കേരളം വൈജ്ഞാനിക സമ്പദ്വ്യവസ്ഥ രംഗത്ത് കൂടി ആ നേട്ടം സൃഷ്ടിക്കണമെന്നാണ് ആഗ്രഹം.

സംസ്ഥാന ഐടി സെക്രട്ടറി ഡോ. രത്തന്‍ യു.ഖേല്‍ക്കര്‍, ജിടെക് ചെയര്‍മാന്‍ വി.കെ. മാത്യൂസ്, സിസ്‌കോ ലോഞ്ച്പാഡ് മേധാവി ശ്രുതി കണ്ണന്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക തുടങ്ങിയവര്‍ പങ്കെടുത്തു.