കേരളത്തിലെ സഹകരണ മേഖല രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

Posted on: January 22, 2024

തിരുവനന്തപുരം : അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ച സംസ്ഥാന സഹകരണ മേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യ ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ മേഖല വളര്‍ന്നു കഴിഞ്ഞു. കേരള ബാങ്ക് മാതൃക പഠിക്കാന്‍ മറ്റു സംസ്ഥാനങ്ങള്‍ എത്തുന്ന തലത്തിലേക്കുയര്‍ന്നു. വായ്പ നല്‍കുന്നുന്നതില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിലേക്കും വൈവിധ്യ മേഖലകളിലേക്കും ചുവടുറപ്പിച്ച സഹകരണമേഖല നാടിന്റെ മാറ്റത്തിനും സാമൂഹിക വളര്‍ച്ചക്കുമാണ് അടിത്തറപാകുന്നത്. സഹകരണ മേഖലയുടെ സ്വാധീനം എല്ലായിടത്തും പ്രകടമാണ്. വിദ്യാഭ്യാസ, ആശുപത്രി രംഗങ്ങളിലും വന്‍തോതില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്താന്‍ ഇനിയും സഹകരണ മേഖലക്ക് കഴിയുമെന്നും നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ഒന്‍പതാം സഹകരണ കോണ്‍ഗ്രസിന്റെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ നിയമത്തിന്റേയും ചട്ടങ്ങളുടേയും പിന്‍ബലത്തോടെയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ സര്‍വ്വീസ് സഹകരണ സംഘമായി മാറ്റപ്പെടുകയും പിന്നീട് സര്‍വ്വീസ് സഹകരണ ബാങ്കായി മാറുകയും ചെയ്തു. ഇത്തരത്തില്‍ ക്രമാനുഗതമായി വളര്‍ച്ചനേടി സഹകരണ വകുപ്പിന്റെ അനുമതിയോടെയാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ആരും ശ്രദ്ധിക്കുന്ന കരുത്തുറ്റ മേഖലയായി കേരളത്തിന്റെ സഹകരണ മേഖല മാറി. ഇന്ത്യയില്‍ മാത്രമല്ല, ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായി കേരള ബാങ്ക് മാറി. രണ്ടായിരത്തി നാല്‍പ്പത്തിയഞ്ചുകോടി രൂപയുടെ ഓഹരി പങ്കാളിത്തം ഉണ്ട്. ഒരു ലക്ഷത്തി പതിനായിരത്തി എണ്ണൂറ്റിയന്‍പത്തിയേഴു കോടിരൂപയുടെ ബിസിനസാണ് കേരള ബാങ്കിനുള്ളത്.

കേരളത്തിലെ സഹകരണമേഖലയുടെ വിശ്വാസ്യതക്ക് കോട്ടംതട്ടാതെ ഉറച്ചുനില്‍ക്കേണ്ടതുണ്ട്. വളര്‍ച്ച കൈവരിച്ചു മുന്നോട്ടു പോകുന്നതിനിടയില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ദുഷിച്ച പ്രവണത കണ്ടുവരുന്നുണ്ട്. അഴിമതി ആരുടെ ഭാഗത്തുനിന്നുണ്ടായാലും ഒരു തരത്തിലുള്ള പരിരക്ഷയും വകുപ്പില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഉണ്ടാകില്ല. തെറ്റുകാരെ ശിക്ഷിക്കുകയും സഹകരണ സംഘത്തെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാട് തുടരുമെന്നും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കായി ഏകീകൃത സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അദ്ധ്യക്ഷനായി. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, വി ജോയ് എംഎല്‍എ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാര്‍ ടി വി സുഭാഷ്, സംസ്ഥാന സഹകരണ യൂണിയന്‍ അഡീഷണല്‍ രജിസ്ട്രാര്‍ സെക്രട്ടറി ഗ്ലാഡി ജോണ്‍ പുത്തൂര്‍, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.