പൊതുമേഖലാ സ്ഥാപനങ്ങള്‍ 5570.55 കോടി രൂപയുടെ വിറ്റുവരവു ലക്ഷ്യമിടുന്നതായി വ്യവസായ മന്ത്രി പി. രാജീവ്

Posted on: May 4, 2022

കൊച്ചി : വ്യവസായ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതും റിയാബിന്റെ മേല്‍നോട്ടത്തിലുള്ളതുമായ 41 സ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ ബജറ്റിന് ഇന്ന് അന്തിമ രൂപം നല്‍കുകയുണ്ടായി.വിപുലീകരണവും വൈവിധ്യവല്‍ക്കരണവും വഴി സംസ്ഥാനത്തിന്റെ വ്യാവസായിക പുരോഗതിക്കാവശ്യമായ വികസനോന്മുഖവും നൂതനവുമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് സമയബന്ധിതമായി നടപ്പിലാക്കുന്നതിനു മുന്‍ഗണന നല്‍കിയാണ് എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും അവയുടെ ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്.

2022-23 വര്‍ഷത്തെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 41 പൊതുമേഖലാസ്ഥാപനങ്ങളിലുമായി 5570.55 കോടി രൂപയുടെ വിറ്റുവരവും 503.57 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവുമാണ് ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി. പി. രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ചുരുങ്ങിയത് 30 പൊതുമേഖലാസ്ഥാപനങ്ങളെങ്കിലും പ്രവര്‍ത്തനലാഭത്തില്‍ എത്തിക്കുന്നതിനുള്ള തീവ്രശ്രമം നടത്തുന്നതായിരിക്കും. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ്, റിയാബ് ചെയര്‍മാന്‍ ഡോ.ആര്‍ അശോക്, റിയാബ് സെക്രട്ടറി കെ. പദ്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ലാഭം നേടിയ 21 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനലാഭ ശതമാനം ഗണ്യമായി വര്‍ധിപ്പിക്കുന്നതോടൊപ്പം ഈ വര്‍ഷം ലാഭത്തിലെത്തിക്കാനുദ്ദേശിക്കുന്ന 9 സ്ഥാപനങ്ങളെ പ്രത്യേക നിരീക്ഷണത്തിലും പ്രോത്സാഹനത്തിലും കൂടി ലക്ഷ്യപ്രാപ്തി നേടാന്‍ സഹായിക്കുന്ന വിധത്തില്‍ റിയാബിന്റെ ചുമതലയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2021-22 സാമ്പത്തിക വര്‍ഷം വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള മേല്‍പ്പറഞ്ഞ 41 പൊതുമേഖലാ സ്ഥാപങ്ങളുടെ വിറ്റുവരവ് 4053.80 കോടി രൂപയും പ്രവര്‍ത്തന ലാഭം 391.66 കോടി രൂപയുമാണ്. 2020-21 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വിറ്റുവരവില്‍ 732.43 കോടി രൂപയുടെയും പ്രവര്‍ത്തനലാഭത്തില്‍ 280.36 കോടി രൂപയുടെയും വര്‍ധന ഉണ്ടായിട്ടുണ്ട്.

കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്, കെല്‍ട്രോണ്‍, കെല്‍ട്രോണ്‍ കംപോണന്റ് കോപ്ലക്‌സ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ സര്‍വകാല റെക്കോര്‍ഡ് വിറ്റുവരവും, പ്രവര്‍ത്തനലാഭവും കൈവരിച്ചു. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡും ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്‌സ് ലിമിറ്റഡും എക്കാലത്തേയും മികച്ച വിറ്റുവരവ് നേടി.