കേരളത്തിലെ 23 കോളേജുകളില്‍ പുതിയ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകള്‍

Posted on: March 7, 2022

കൊച്ചി : കേരളത്തിലെ കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന ഇനോവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മന്റ് സെന്ററുകളില്‍ (ഐഇഡിസി) 23 എണ്ണത്തിന് ഇകുബേറ്ററുകള്‍ തുടങ്ങാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അനുമതി നല്‍കി. ഐഇഡിസികളിലെ നൂതനാശയങ്ങള്‍ക്ക് ദ്രുതഗതിയിലുള്ള വാണിജ്യ സാധ്യത ലഭ്യമാക്കുകയും ഗവേഷണ സംവിധാനം വിപുലീകരിക്കുകയുമാണ് ഈ ചുവടുവയ്പിലൂടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യം വയ്ക്കുന്നത്. ഇതിനു പുറമെ സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആദ്യ ഗവേഷണ ഇന്‍കുബേഷന്‍ പരിപാടി കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് അനുവദിച്ചു.

കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന നവസംരംഭകര്‍ക്ക് സഹായകരമാകും പുതിയ തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമുള്ള കൂടുതല്‍ അക്കാദമിക് ഇന്‍കുബേറ്ററുകള്‍ ഇതിലൂടെ വരും. ത്വരിതഗതിയിലുള്ള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ പുതിയ തീരുമാനത്തിലൂടെ സംജാതമാകും.

അതു വഴി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ മുതലായവയുമായി ദൃഢമായ ബന്ധം സ്ഥാപിക്കാന്‍ കഴിയും. നിയമം, സാമ്പത്തികം, സാങ്കേതികം, ബൗദ്ധിക സ്വത്തവകാശം, മുതലായ കാര്യങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദഗ്‌ധോപദേശം ലഭ്യമാക്കാനും ഇന്‍കുബേറ്ററുകള്‍ വഴി സാധിക്കും.  കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അംഗീകരിച്ച മൂന്നു വര്‍ഷം പരിചയമുള്ള ഐഇഡിസികളെയാണ് ഇന്‍കുബേറ്ററുകള്‍ക്കായി തെരഞ്ഞെടുത്തത്. 2000 ചതുരശ്ര അടി സ്ഥലം ഇന്‍കുബേറ്ററുകള്‍ക്കായി പ്രത്യേകമായി ഉണ്ടാകേണ്ടതാണ്.

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല(കുസാറ്റ്), എറണാകുളം സെ. ആല്‍ബര്‍ട്‌സ് കോളേജ്, കാലടി ആദി ശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ ടെക്‌നോളജി, കളമശ്ശേരിയിലെ ആല്‍ബേര്‍ഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എന്‍ജിനീയറിംഗ്, അങ്കമാലി ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ ഗവ. എന്‍ജിനീയറിംഗ് കോളേജ്, ഏറ്റുമാനൂര്‍ മംഗളം കോളേജ് ഓഫ് എന്‍ജിനീയറിംഗ്, തിരുവനന്തപുരം മാര്‍ ബസേലിയസ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, തിരുവനന്തപുരം മരിയന്‍ എന്‍ജിനീയറിംഗ് കോളേജ്, നെടുമങ്ങാട് മോഹന്‍ദാസ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, പുത്തന്‍കുരിശ് മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ്, കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ ടെക്‌നോളജി, കൊടകര സഹൃദയ കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, കോട്ടയം പത്താമുട്ടം സെന്റ്ഗിറ്റ്‌സ് കോളേജ് ഓഫ് എന്‍ജിനീയറിംഗ്, കൂറ്റനാട് ശ്രീപതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആന്‍ഡ് ടെക്‌നോളജി, പാലാ സെ. ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, ആരക്കുന്നം ടോക് എച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, തിരുവനന്തപുരം നരുവാംമൂട് ട്രിനിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗ്, പെരിന്തല്‍മണ്ണ ഗവ പോളിടെക്‌നിക് കോളേജ്, തിരുവനന്തപുരം ലൂര്‍ദ്‌സ് മാതാ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എന്‍ജിനീയറിംഗ്, അരീക്കോട് സുലാമുസ്ലാം സയന്‍സ് കോളേജ് എന്നിവയ്ക്കാണ് ഇന്‍കുബേറ്ററുകള്‍ തുടങ്ങാനുള്ള അനുമതി ലഭിച്ചത്.