മൈക്രോമാക്‌സ് ഓഹരിവിപണിയിലേക്ക്

Posted on: January 3, 2015

Micromax-products-big

മൊബൈൽ ഫോൺ നിർമാതാക്കളായ മൈക്രോമാക്‌സ് ഇൻഫോമാറ്റിക്‌സ് ഓഹരിവിപണിയിലേക്ക്. ഏതാനും മാസങ്ങൾക്കുള്ളിൽ 3,170 കോടി രൂപയുടെ ഐപിഒ നടത്താനാണ് മൈക്രോമാക്‌സ് ലക്ഷ്യമിടുന്നത്. നടപ്പുവർഷം 2014-15 ൽ രണ്ടു ബില്യൺ ഡോളർ ( 12,600 കോടി രൂപ) വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. മുൻവർഷത്തേക്കാൾ ഇരട്ടി വരുമാനമാണിത്.

ലോകത്തിലെ ഏറ്റവും വലിയ 10 മത്തെ മൊബൈൽ ഫോൺ കമ്പനിയാണ് മൈക്രോമാക്‌സ്. സ്മാർട്ട്‌ഫോൺ വിപണിയിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനവുമുണ്ട്. നൂറോളം മോഡലുകളിലായി പ്രതിമാസം 23 ലക്ഷം മൊബൈൽഫോണുകളാണ് മൈക്രോമാക്‌സ് വിറ്റഴിക്കുന്നത്. രാജ്യത്തെ 560 ജില്ലകളിലായി 1.25 ലക്ഷം റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളുടെ വില്പന ശൃംഖല മൈക്രമാക്‌സിനുണ്ട്.

കൂടാതെ റഷ്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൡും മൈക്രോമാക്‌സ് ഫോണുകൾക്ക് വിപണിയുണ്ട്. മൊബൈൽഫോണുകൾക്ക് പുറമെ ടാബ്‌ലറ്റുകൾ, ഡാറ്റാകാർഡുകൾ, ഹൈഡെഫനിഷൻ ടെലിവിഷനുകൾ എന്നിവയും മൈക്രോമാക്‌സ് വിപണിയിൽ ഇറക്കുന്നുണ്ട്. രാജേഷ് അഗർവാൾ, രാഹുൽ ശർമ്മ, സുമീത് കുമാർ, വികാസ് ജയിൻ എന്നിവർ ചേർന്നാണ് 2000 ൽ മൈക്രോമാക്‌സിന് രൂപം നൽകിയത്.