ഷാപ്പോർജി പല്ലോൺജിയുടെ കൈവശമുള്ള ടാറ്റാസൺസ് ഓഹരികൾ ടാറ്റാ ഗ്രൂപ്പ് വാങ്ങിയേക്കും

Posted on: September 23, 2020

മുംബൈ : പ്രവർത്തന മൂലധന പ്രതിസന്ധി നേരിടുന്ന ഷാപ്പോർജി പല്ലോൺജി ഗ്രൂപ്പിന്റെ കൈവശമുള്ള ടാറ്റാസൺസ് ഓഹരികൾ ടാറ്റാ ഗ്രൂപ്പ് വാങ്ങിയേക്കും. ഓഹരികൾ വാങ്ങാൻ തയാറാണെന്ന് ടാറ്റാ ഗ്രൂപ്പ് സുപ്രീംകോടതിയെ അറിയിച്ചു. ടാറ്റാസൺസ് ഓഹരികൾ ഷാപ്പോർജി പല്ലോൺജി ഗ്രൂപ്പ് പണയപ്പെടുത്താൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഓഹരികൾ പണയപ്പെടുത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ടാറ്റാസൺസ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്.

പല്ലോൺജി മിസ്ത്രിയുടെയും സൈറസ് മിസ്ത്രിയുടെയും ഉടമസ്ഥതയിലുള്ള ഷാപ്പോർജി പല്ലോൺജി ഗ്രൂപ്പിന് ടാറ്റാസൺസിന് 18.4 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. സൈറസ് മിസ്ത്രി 2012 മുതൽ 2016 വരെ ടാറ്റാസൺസ് ചെയർമാനായിരുന്നു. ഈ ഓഹരികളുടെ വിപണിമൂല്യം 1.75 ലക്ഷം കോടി രൂപയാണ്. ടാറ്റാസൺസിലെ ഓഹരികൾ വിൽക്കുകയാണെങ്കിൽ വിപണിവിലയ്ക്ക് വാങ്ങാൻ ടാറ്റാ ഗ്രൂപ്പിന് മുൻഗണന നൽകണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ ഓഹരിവില്പന സംബന്ധിച്ച് ഷാപ്പോർജി പല്ലോൺജി ഗ്രൂപ്പ് നിലപാട് വ്യക്തമാക്കിയിട്ടില്ല.