സിൽവർ ലേക്ക് റിലയൻസ് റീട്ടെയ്‌ലിൽ 7500 കോടി രൂപ നിക്ഷേപിക്കും

Posted on: September 10, 2020

കൊച്ചി : അമേരിക്കൻ നിക്ഷേപക കമ്പനിയായ സിൽവർ ലേക്ക് റിലയൻസ് റീട്ടെയ്‌ലിൽ 7500 കോടി രൂപ നിക്ഷേപിക്കും. റിലയൻസ് റീട്ടെയ്‌ലിന്റെ 1.75 ശതമാനം ഓഹരികൾ സിൽവർ ലേക്കിനു ലഭിക്കും. ഒരു ഓഹരിക്കു 681 രൂപ നൽകിയാണ് സിൽവർ ലേക്ക് നിക്ഷേപിക്കുന്നത്. റിലയൻസ് ഗ്രൂപ്പിൽ സിൽവർ ലേക്കിന്റെ രണ്ടാമത്തെ നിക്ഷേപമാണ്. നേരത്തെ ജിയോയിലും സിൽവർ ലേക്ക് നിക്ഷേപം നടത്തിയിട്ടുണ്ട്.

റിലയൻസ് റീട്ടെയ്ൽ രാജ്യമെമ്പാടും വ്യാപാര ശൃംഖല വിപുലമാക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ 7000 നഗരങ്ങളിൽ 11,806 റീട്ടെയ്ൽ സ്റ്റോറുകളാണുള്ളത്. ദശലക്ഷക്കണക്കിന് കർഷകരെയും, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും ശാക്തീകരിക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ സേവിക്കുന്ന ഒരു സമഗ്ര പദ്ധതിയിലൂടെ ഇന്ത്യൻ റീട്ടെയ്ൽ മേഖലയെ സ്വാധീനിക്കുകയാണ് റിലയൻസ് റീട്ടെയ്‌ലിന്റെ ലക്ഷ്യം.

കൂടാതെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് തൊഴിൽ സംരക്ഷിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇന്ത്യൻ സമൂഹത്തിന് വളരെയധികം നേട്ടങ്ങൾ നൽകുന്നതിനും ആഗോള പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുക എന്നാണ് ലക്ഷ്യം

ഏകദേശം 40 ബില്യൺ ഡോളർ സംയോജിത ആസ്തികൾ ഉള്ള കമ്പനിയാണ് സിൽവർ ലേക്ക്. എയർഎൻബി, ആലിബാബ, ഡെൽ ടെക്നോളജീസ്, ട്വിറ്റർ, തുടങ്ങിയ നിരവധി ആഗോള സാങ്കേതിക കമ്പനികളിലും സിൽവർ ലേക്ക് നിക്ഷേപം നടത്തിയിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള ഇന്ത്യൻ ഉപഭോക്താക്കൾക്ക് മൂല്യം നൽകി ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുമായി സമഗ്ര പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ പരിവർത്തന ശ്രമങ്ങളിലേക്ക് സിൽവർ ലേക്കുമായുള്ള ബന്ധം കൂടുതൽ കരുത്തും ദൃഢതയും കൊണ്ടുവരുമെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി അഭിപ്രായപ്പെട്ടു.