ടാറ്റാസൺസ് എയർ ഏഷ്യ ഇന്ത്യയെ പൂർണമായും ഏറ്റെടുക്കാൻ ഒരുങ്ങുന്നു

Posted on: July 9, 2020

മുംബൈ : ടാറ്റാസൺസ് എയർ ഏഷ്യ ഇന്ത്യയെ പൂർണമായും ഏറ്റെടുക്കാൻ ഒരുങ്ങുന്നു. എയർ ഏഷ്യ ബെർഹാദിന് എയർ ഏഷ്യ ഇന്ത്യയിലുള്ള 49 ശതമാനം ഓഹരികൾ വാങ്ങാനാണ് നീക്കം. നിലവിൽ ടാറ്റാസൺസിന് എയർഏഷ്യ ഇന്ത്യയിൽ 51 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. ടാറ്റാസൺസും മലേഷ്യൻ വിമാനക്കമ്പനിയായ എയർ ഏഷ്യ ബെർഹാദും ചേർന്ന് 2014 ജൂണിലാണ് എയർ ഏഷ്യ ഇന്ത്യ ആരംഭിക്കുന്നത്.

തുടക്കത്തിൽ ടാറ്റാസൺസിന് 41,06 ശതമാനം ഓഹരിപങ്കാളിത്തമാണുണ്ടായിരുന്നത്. പിന്നീട് അരുൺ ഭാട്യയുടെ ടെലിസ് ട്ര ട്രേഡ്‌പ്ലേസിന്റെ കൈവശമുണ്ടായിരുന്ന 10 ശതമാനം ഓഹരികൾ ടാറ്റാസൺസും എയർ ഏഷ്യ ചെയർമാൻ എസ്. രാമദൊരൈയും ഡയറക്ടർ ആർ. വെങ്കിടരാമനും ചേർന്ന് വാങ്ങി. ഇതോടെ എയർ ഏഷ്യയുടെ നിയന്ത്രണം ടാറ്റാസൺസിന്റെ കൈയിലായി.

ഇതിനെതിരെ എയർ ഏഷ്യ ഗ്രൂപ്പ് സിഇഒ ടോണി ഫെർണാണ്ടസ് രംഗത്ത് വന്നിരുന്നു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കുറഞ്ഞ നിരക്കിൽ എയർ ഏഷ്യ ബെർഹാദിന്റെ ഓഹരികൾ സ്വന്തമാക്കാനാണ് ടാറ്റാസൺസിന്റെ നീക്കം. ലോക്ക്ഡൗണിന് മുമ്പ് രാജ്യത്തെ 21 കേന്ദ്രങ്ങളിലേക്ക് എയർ ഏഷ്യ ഇന്ത്യ സർവീസ് നടത്തിയിരുന്നു.