എയര്‍ ഇന്ത്യ എക്‌സ്പ്രസ്-എയര്‍ ഏഷ്യ ഇന്ത്യ സംയോജനത്തില്‍ സുപ്രധാന നാഴികക്കല്ല് പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യ ഗ്രൂപ്പ്

Posted on: March 29, 2023

കൊച്ചി : എയര്‍ ഇന്ത്യാ എക്സ്പ്രസ്, എയര്‍ഏഷ്യ ഇന്ത്യ എന്നീ രണ്ട് ലോ-കോസ്റ്റ് സബ്സിഡിയറി എയര്‍ലൈനുകളുടെ സംയോജനത്തില്‍ സുപ്രധാന നാഴികക്കല്ല് പൂര്‍ത്തിയാക്കിയതായി എയര്‍ ഇന്ത്യ ഗ്രൂപ്പ് പ്രഖ്യാപിച്ചു.

2023 മാര്‍ച്ച് 27 മുതല്‍ ഈ രണ്ട് ചെലവ് കുറഞ്ഞ എയര്‍ലൈനുകളും ഒരൊറ്റ, ഏകീകൃത റിസര്‍വേഷന്‍ സംവിധാനത്തിലേക്കും വെബ്സൈറ്റിലേക്കും മാറുകയും പൊതുവായ സോഷ്യല്‍ മീഡിയ, കസ്റ്റമര്‍ സപ്പോര്‍ട്ട് ചാനലുകള്‍ സ്വീകരിക്കുകയും ചെയ്തു. എയര്‍ഏഷ്യ ഇന്ത്യ ഉപയോഗിക്കുന്ന സിസ്റ്റങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മൈഗ്രേറ്റ് ചെയ്യുന്ന ഈ മാറ്റത്തിലൂടെ യാത്രക്കാര്‍ക്ക് കൂടുതല്‍ കാര്യക്ഷമമായ സേവനങ്ങള്‍ ലഭ്യമാകും.

യാത്രക്കാര്‍ക്ക് പുതിയ സംയോജിത വെബ്‌സൈറ്റായ airindiaexpress.com-ലൂടെ എയര്‍ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഭ്യന്തര, അന്തര്‍ദേശീയ ഫ്‌ലൈറ്റുകളില്‍ ബുക്കിംഗുകള്‍ നടത്താനും ചെക്ക്-ഇന്‍ ചെയ്യാനും കഴിയും.

എയര്‍ ഏഷ്യ ഇന്ത്യ പൂര്‍ണമായും ഏറ്റെടുക്കുകയും എയര്‍ ഇന്ത്യയുടെ കീഴില്‍ സബ്സിഡിയറൈസ് ചെയ്യുകയും ചെയ്ത് അഞ്ച് മാസത്തിന് ശേഷമാണ് ഈ സിസ്റ്റം ഏകീകരണം വരുന്നത്. വരും മാസങ്ങളില്‍ മറ്റ് സംവിധാനങ്ങളും എയര്‍ ഓപ്പറേറ്റിംഗ് പെര്‍മിറ്റുകളും റെഗുലേറ്ററി പോസ്റ്റുകളും സംയോജിപ്പിക്കുന്നത് തുടരും.

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും എയര്‍ഏഷ്യ ഇന്ത്യയുടെയും കോര്‍ റിസര്‍വേഷനുകളുടെയും പാസഞ്ചര്‍ ഫേസിംഗ് സംവിധാനങ്ങളുടെയും സംയോജനം എയര്‍ ഇന്ത്യ ഗ്രൂപ്പിന്റെ പരിവര്‍ത്തന യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് എയര്‍ ഇന്ത്യ സിഇഒയും എംഡിയുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു.

എയര്‍ഏഷ്യ ഇന്ത്യ രാജ്യത്തുടനീളമുള്ള 19 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കുന്നുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് 19 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് 14 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു.