സ്വകാര്യമേഖലയിലേക്ക് 151 ട്രെയിനുകൾ ; ആദ്യഘട്ടത്തിൽ 109 റൂട്ടുകൾ

Posted on: July 2, 2020

ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേ 109 റൂട്ടുകളിലായി 151 ട്രെയിനുകൾ സ്വകാര്യവത്കരിക്കാനുള്ള പദ്ധതിക്ക് ടെൻഡർ ക്ഷണിച്ചു. ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ജയ്പൂർ, ചണ്ഡിഗഡ്, ഹൗറ, പാറ്റ്‌ന, പ്രയാഗ്‌രാജ്, സെക്കൻഡറാബാദ്, ചെന്നൈ, ബംഗലുരു തുടങ്ങി 12 ക്ലസ്റ്ററുകളിൽ സർവീസ് നടത്താനാണ് നീക്കം. 35 വർഷം കാലാവധിയുള്ള കരാറിന് സെപ്റ്റംബർ 8 വരെ ടെൻഡറുകൾ സമർപ്പിക്കാം. നടപടികൾ പൂർത്തിയാക്കി 2023-24 ൽ സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം.

ഏകദേശം 30,000 കോടിയുടെ നിക്ഷേപമാണ് ഇതിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്. വിമാനക്കമ്പനികളായ ഇൻഡിഗോ, വിസ്താര, സ്‌പൈസ്‌ജെറ്റ് ഓൺലൈൻ ട്രാവൽ പോർട്ടലായ മേക്ക് മൈ ട്രിപ്പ്, അദാനി പോർട്ട്‌സ് തുടങ്ങിയ കമ്പനികൾ സ്വകാര്യ ട്രെയിൻ സർവീസുകളിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

സ്വകാര്യ ഓപ്പറേറ്റർമാർക്ക് മിനിമം 12 ട്രെയിനുകളും പരമാവധി 30 ട്രെയിനുകളും സർവീസിന് ഉപയോഗിക്കാം. ഓരോ ട്രെയിനിലും 16 കോച്ചുകൾ വീതമുണ്ടാകും. മണിക്കൂറിൽ 160 കിലോമീറ്റർ ആണ് സ്വകാര്യ ട്രെയിനുകൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം. ലോക്കോ പൈലറ്റുമാർക്ക് ഇന്ത്യൻ റെയിൽവേ പരിശീലനം നൽകും. ടിക്കറ്റ് നിരക്കുകളും ട്രെയിനിലെ മറ്റ് സേവനങ്ങളും ഓപ്പറേറ്റർമാർക്ക് നിശ്ചയിക്കാം.

സ്വകാര്യവത്കരിക്കാനുള്ള ദീർഘ ദൂര സർവീസുകളുടെ പട്ടികയിൽ തിരുവനന്തപുരം – ഗുവാഹട്ടിയും ഹ്രസ്വദൂര സർവീസുകളിൽ കൊച്ചി – തിരുവനന്തപുരവും ഉൾപ്പെടുന്നുണ്ട്.