അവധിക്കാലത്തു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ റെയില്‍വേ സൗകര്യമൊരുക്കുന്നു

Posted on: May 11, 2023

പാലക്കാട് : അവധിക്കാലത്തു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ റെയില്‍വേ സൗകര്യമൊരുക്കുന്നു. ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) ഭാരത് ഗൗരവ് ട്രെയിന്‍ ടൂര്‍ 19നു കേരളത്തില്‍ നിന്നു പുറപ്പെട്ട് 30നു തിരികെയെത്തും. ഹൈദരാബാദ്, ആഗ്ര, ഡല്‍ഹി, ജയ്പുര്‍, ഗോവ എന്നിവിടങ്ങളി ലൂടെ കടന്നുപോകുന്ന യാതയില്‍ രാമോജി ഫിലിം സിറ്റി, താജ് മഹല്‍, ചെങ്കോട്ട, രാജ്ഘട്ട്, ലോട്ടസ് ടെംപിള്‍, ഖുത്ബ് മിനാര്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം.

750 പേര്‍ക്കു പങ്കെടുക്കാം. നോണ്‍ എസി ക്ലാസില്‍ 22,900 രൂപയും തേഡ് എസിയില്‍ 36,050 രൂപയുമാണു നിരക്ക്. ട്രെയിന്‍ യാത്ര, രാത്രി താമസം, യാതയ്ക്കുള്ള വാഹനം എന്നിവ ഇതില്‍ ഉള്‍പ്പെടും. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ സന്ദര്‍ശന ഫീസ് ഉള്‍പ്പെടില്ല. സുരക്ഷാ ജീവനക്കാരുടെയും സേവനം ലഭിക്കും. സഞ്ചാരികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകും. കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജംക്ഷന്‍ എന്നിവിടങ്ങളില്‍ നിന്നു ട്രെയിനില്‍ കയറാം. മടക്കയാത്രയില്‍ കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളില്‍ ഇറങ്ങാം. ട്രെയിന്‍ ഓരോ സ്റ്റേഷനിലും എത്തുന്ന സമയംസഞ്ചാരികളെ മുന്‍കൂട്ടി അറിയിക്കും. രാജ്യത്തിന്റെ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനും സാംസ്‌കാരിക പൈതൃകം പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ടാണു ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ പദ്ധതിയെന്ന് അഡീഷനല്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ സി.ബി.സക്കീര്‍ ഹുസൈന്‍, ഐആര്‍സിടിസി എറണാകുളം റീജനല്‍ മാനേജര്‍ ശ്രീജിത്ത് ബാപ്പുജി, പാലക്കാട് ഏരിയ മാനേജര്‍ അജിത് കുമാര്‍ എന്നിവര്‍ അറിയിച്ചു.

ബുക്കിംഗിന് ഐആര്‍സിടിസി വെബ്‌സൈറ്റിലും റെയില്‍വേ സ്റ്റേഷനുകളിലെ ഐആര്‍സിടിസി കൗണ്ടറുകളിലും ബന്ധപ്പെടാം. തിരുവനന്തപുരം: 8287932095, എറണാകുളം: 8287932082, കോയമ്പത്തൂര്‍: 9003140655, കോഴിക്കോട്: 8287932098.

TAGS: IRCTC |