ഐആര്‍സിടിസിക്ക് 30 ശതമാനം ലാഭവളര്‍ച്ച

Posted on: May 31, 2023

കൊച്ചി : ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 30.4 ശതമാനം വളര്‍ച്ചയോടെ 278.8 കോടി രൂപയുടെ ലാഭം നേടി. മുന്‍വര്‍ഷത്തെ സമാനപാദ ലാഭം 214 കോടി രൂപയായിരുന്നു. മൊത്ത വരുമാനം 691 കോടി രൂപയില്‍ നിന്ന് 39.7 ശതമാനം ഉയര്‍ന്ന് 965 കോടി രൂപയായി.

നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ) 16.5 ശതമാനം വര്‍ധിച്ച് 324.6 കോടി രൂപയായി. കഴിഞ്ഞവര്‍ഷത്തെ സമാനപാദത്തില്‍ ഇത് 278.5 കോടി രൂപയായിരുന്നു.

രണ്ടു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് രണ്ടു രൂപ വീതം ലാഭവിഹിതം ഡയറക്റ്റര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കമ്പനിയുടെ ഓഹരി വില ഇന്നലെ 0.26 ശതമാനം നഷ്ടത്തോടെ 643.90 രൂപയിലാണ്.

TAGS: IRCTC |