ശശികല തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കും

Posted on: February 4, 2017

ചെന്നൈ : ജയലളിതയുടെ തോഴി ശശികല വൈകാതെ തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തേക്കും. ഇതിനു മുന്നോടിയായി ഫെബ്രുവരി 5 ന് എഐഎഡിഎംകെ എംഎൽഎ മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ശശികലയ്ക്ക് വഴിയൊരുക്കാൻ മുഖ്യമന്ത്രി പനീർശെൽവം, ജയലളിതയുടെ വിശ്വസ്തരായ മൂന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ പദവികളിൽ നിന്ന് നീക്കം ചെയ്തു. ജയലളിത മുഖ്യമന്ത്രിയായിരിക്കെ ഉപദേഷ്ടാവായിരുന്ന മുൻ ചീഫ് സെക്രട്ടറി ഷീല ബാലകൃഷ്ണൻ, കെ.എൻ. വെങ്കിടരമണൻ, എ. രാമലിംഗം എന്നിവരെയാണ് മാറ്റിയത്. ജയലളിത ആശുപത്രിയിലായിരിക്കെ സംസ്ഥാനഭരണം നിയന്ത്രിച്ചിരുന്നത് തിരുവനന്തപുരം സ്വദേശിനിയായ ഷീല ബാലകൃഷ്ണനാണ്.

പാർട്ടിതലത്തിലും ശശികല അഴിച്ചു പണി നടത്തി വരികയാണ്. മുൻമന്ത്രിമാരായ കെ. എ. ശെങ്കോട്ടയ്യൻ, എസ്. ഗോകുല ഇന്ദിര, ബി.വി. രാമണ്ണ, മുൻ മേയർ സെയ്ദായി എസ് ദൊരൈസ്വാമി എന്നിവരെ പാർട്ടിയുടെ ഓർഗനൈസിംഗ് സെക്രട്ടറിമാരായി നിയമിച്ചു.