തലൈവിക്ക് തമിഴകം കണ്ണീരോടെ വിട നൽകി

Posted on: December 6, 2016

jayalalithaa-vida-big

ചെന്നൈ : നാല് പതിറ്റാണ്ടോളം ദ്രാവിഡ രാഷ്ട്രീയത്തിലെ നിറ സാന്നിധ്യമായിരുന്ന പുരട്ചി തൈലവി ജയലളിതയ്ക്ക് തമിഴകം കണ്ണീരോടെ വിട നൽകി. തങ്ങളുടെ പ്രിയപ്പെട്ട അമ്മയെ അവസാനമായി ഒരു നോക്കു കാണാൻ ജനലക്ഷങ്ങളാണ് രാജാജി ഹാളിലും വിലാപയാത്ര കടന്നുപോയ വഴികളിലും മെറീനബീച്ചിലും തടിച്ചു കൂടിയത്. അണ്ണ സ്‌ക്വയറിൽ എത്തിയ ശേഷം മുഖ്യമന്ത്രി പേടകത്തിൽ നിന്നും പുറത്തെടുത്ത ഭൗതിക ശരീരത്തിൽ പനീർശെൽവം, ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കർ തമ്പി ദുരൈ, മുൻ തമിഴ്‌നാട് ഗവർണർ റോസയ്യ, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.

പൂർണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരചടങ്ങുകൾ ആരംഭിച്ചത്. ജയലളിതയുടെ ഭൗതിക ശരീരത്തിൽ പുതപ്പിച്ചിരുന്ന ദേശീയ പതാക സൈനികർ തോഴി ശശികലയ്ക്ക് കൈമാറി. അന്ത്യകർമങ്ങൾ നടത്തിയതും ശശികലയായിരുന്നു. സൈന്യം ഗൺ സല്യൂട്ട് നൽകിയതോടെ ഭൗതിക ശരീരം അടങ്ങിയ ചന്ദനപേടകം ചെന്നൈയുടെ മണ്ണ് ഏറ്റുവാങ്ങി. സംസ്‌കാരം നടന്ന അണ്ണ സ്‌ക്വയറിലേക്ക് സാധാരണ ജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല.

രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി ദേവഗൗഡ, തമിഴ്‌നാട് ഗവർണർ സി. വിദ്യാസാഗർ റാവു, കേരള ഗവർണർ പി. സദാശിവം, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, പൊൻ രാധാകൃഷ്ണൻ, എഐസിസി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, മുകുൾ വാസ്‌നിക്, ഇ.വി.കെ.എസ്. ഇളങ്കോവൻ, തിരുനാവക്കരശ്, ഡിഎംകെ നേതാക്കളായ എം.കെ. സ്റ്റാലിൻ, കനിമൊഴി, എംഡിഎംകെ നേതാവ് വൈകോ,

സിനിമതാരങ്ങളായ രജനീകാന്ത്, പ്രഭു, വിജയ്, വിജയ്കാന്ത്, ഖുശ്ബു, ഗൗതമി, സുകന്യ, റഹ്മാൻ, മൻസൂർ അലിഖാൻ, സംഗീത സംവിധായകൻ ഇളയരാജ, സ്‌പോർട്‌സ് താരങ്ങളായ വിശ്വനാഥൻ ആനന്ദ്, ഷൈനി വിൽസൺ, സംവിധായകൻ കെ.ടി. കുഞ്ഞുമോൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.