3000 കോടി വരുമാന ലക്ഷ്യവുമായി സിയാൽ

Posted on: June 23, 2016

CIAL-Apron-Bigകൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി 2023 ൽ 3,000 കോടി രൂപ വരുമാനം ലക്ഷ്യമിട്ട് വികസനപദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങുന്നു. വ്യോമയാനേതര വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികൾക്ക് ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന സിയാൽ ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകും.

സോളാർ വൈദ്യുതി ഉത്പാദനം ഇപ്പോഴത്തെ 12 മെഗാവാട്ടിൽ നിന്ന് 26 മെഗാവാട്ടായി വർധിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. സിയാലിന്റെ ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന വൈദ്യുതി കെഎസ്ഇബിക്ക് നൽകും. ഇതിനു പുറമെ ചെറുകിട ജലവൈദ്യുത പദ്ധതികൾ സ്ഥാപിച്ച് 49.8 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്.

കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ മൂന്നു മെഗ വാട്ട്, ഓമശേരിയിൽ 21 മെഗാവാട്ട്, കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ രണ്ട് മെഗാവാട്ട്, ഇടുക്കി ജില്ലയിലെ തോണിയാറിൽ 2.6 മെഗാവാട്ട്, ഇരട്ടയാറിൽ ഒരു മെഗാവാട്ടിന്റെയും പത്തനംതിട്ട ജില്ലയിലെ സീതത്തോടിൽ 2.2 മെഗാ വാട്ടിന്റെയും കൊല്ലം ജില്ലയിലെ തെന്മലയിൽ രണ്ട് മെഗാ വാട്ടിന്റെയും എറണാകുളം ജില്ലയിലെ ഭൂതത്താൻകെട്ടിൽ 16 മെഗാ വാട്ടിന്റെയും ജല വൈദ്യുത പദ്ധതികളാണ് സ്ഥാപിക്കുന്നത്.

സിയാൽ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ വിപുലീകരണമാണ് മറ്റൊരു പ്രധാന വരുമാന മാർഗം. മിച്ചമുള്ള 600 ഏക്കറോളം ഭൂമി വിനിയോഗിച്ച് അധിക വരുമാനം നേടാനും പദ്ധതി തയാറാക്കിയിട്ടുണ്ട്.

മന്ത്രിമാരായ തോമസ് ഐസക്, വി.എസ്. സുനിൽകുമാർ, മാത്യു ടി. തോമസ്, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് എന്നിവരാണ് ഡയറക്ടർ ബോർഡലെ സംസ്ഥാന സർക്കാരിന്റെ പുതിയ പ്രതിനിധികൾ. പ്രമുഖ പ്രവാസി വ്യവസായി പദ്മശ്രീ എം എ യൂസഫലി, എൻ. വി. ജോർജ്, സി. വി. ജേക്കബ്, ഇ.എം. ബാബു, കെ. റോയി പോൾ, എ.കെ. രമണി എന്നിവരാണ് മറ്റു ഡയറക്ടർമാർ.