യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധന പ്രതീക്ഷിച്ച് സിയാല്‍

Posted on: February 5, 2024

കൊച്ചി : ഈ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധന പ്രതീക്ഷിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാല്‍). തിരക്കേറിയ റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താനും കൂടുതല്‍ പ്രാദേശിക സര്‍വീസുകള്‍ തുടങ്ങാനുമുള്ള ശ്രമങ്ങള്‍ക്കു വിമാന കമ്പനികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നു അധികൃതര്‍ അറിയിച്ചു.

ലക്ഷദ്വീപിലെ അഗത്തിയിലേക്ക് ഈ വര്‍ഷം വിമാന സര്‍വീസുകള്‍ ഇരട്ടിയാകും. ഗള്‍ഫിലെ പല നഗരങ്ങളിലേക്കും കൂടുതല്‍ സര്‍വീസുകളും ഉണ്ടാകും. അഗത്തിയിലേക്ക് നിലവില്‍ കൊച്ചിയില്‍ നിന്ന് മാത്രമാണ് വാണിജ്യ വിമാന സര്‍വീസ് ഉള്ളത്. അലയന്‍സ് എയര്‍ ആഴ്ചയില്‍ 7 സര്‍വീസുകള്‍ ആണ് നടത്തുന്നത്. ഇത് 9 ആയി വര്‍ധിക്കും. ഏപ്രില്‍ മുതല്‍ ഇന്‍ഡിഗോയും അഗത്തിയിലേക്ക് സര്‍വീസ് നടത്തും.

ബെംഗളൂരുവിലേക്ക് നിലവില്‍ കൊച്ചിയില്‍ നിന്ന് 97 പ്രതിവാര സര്‍വീസുകള്‍ ആണ് ഉള്ളത്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയര്‍ എന്നിവ അധിക സര്‍വീസുകള്‍ നടത്താമെന്നറിയിച്ചിട്ടുണ്ട്. അതോടെ പ്രതിദിനം 16 വിമാന സര്‍വീസുകള്‍ കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് ഉണ്ടാകും.

ഹൈദരാബാദിലേക്ക് അന്‍പത്തിനാലും ഡല്‍ഹിയിലേക്ക് എഴുപത്തിയേഴും മുംബൈയിലേക്ക് എണ്‍പതും സര്‍വീസുകള്‍ നിലവിലുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഹൈദരാബിലേക്കും എയര്‍ ഇന്ത്യ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കും അധിക സര്‍വീസുകള്‍ ആരംഭിക്കും. അലയന്‍സ് എയറിന്റെ കണ്ണൂര്‍, തിരുപ്പതി, മൈസൂരു സര്‍വീസുകളും വൈകാതെ ആരംഭിക്കും.

യുഎഇ സെക്ടറില്‍ നിലവില്‍ 114 പ്രതിവാര സര്‍വീസുകളാണ് കൊച്ചിയില്‍ നിന്ന് ഉള്ളത്. അബുദാബിയിലേക്ക് ഇത്തിഹാദും എയര്‍ അറേബ്യയും അധിക സര്‍വീസുകള്‍ തുടങ്ങും. തായ് എയര്‍വേയ്‌സ് മാര്‍ച്ച് 31 മുതല്‍ ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തിലേക്ക് സര്‍വീസ് ആരംഭിക്കും. ബാത്തിക് എയറും ബാങ്കോക്കിലേക്ക് സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ചോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ പ്രതിദിന സര്‍വീസുകളുടെ എണ്ണം 185 ആയി ഉയരും.

 

TAGS: Cial |