ഐസിഐസിഐ ബാങ്ക് വെബ്‌സൈറ്റ് വഴി റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സൗകര്യം

Posted on: December 26, 2015

ICICI-Bank-big

കൊച്ചി : ഐസിഐസിഐ ബാങ്കിന്റെ വെബ്‌സൈറ്റ് വഴി റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി. ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷനുമായി (ഐആർ സിടിസി) സഹകരിച്ചാണ് ബാങ്ക് ഈ സംവിധാനമൊരുക്കിയിട്ടുള്ളത്. ഈ സൗകര്യമൊരുക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ് ഐസിഐസിഐ ബാങ്ക്. ഏതു ബാങ്കിന്റെ ഇടപാടുകാരനും ഈ സേവനം ഉപയോഗപ്പെടുത്തി ഓൺലൈനിൽ ബാങ്കിന്റെ സൈറ്റിൽനിന്നും റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യാം.

ഈ സേവനം ലഭ്യമാക്കിയതോടെ ഉപഭോക്താക്കൾക്കു തീവണ്ടികളെക്കുറിച്ചു സേർച്ച് നടത്താം; ഇ-ടിക്കറ്റ് ബുക്ക് ചെയ്യാം; റിസർവേഷൻ കാൻസൽ ചെയ്യാം; പിഎൻആർ സ്റ്റാറ്റസ് ചെക്ക് ചെയ്യാം. ട്രെയിൻ ഓപ്ഷൻ, ടിക്കറ്റ് ലഭ്യത തുടങ്ങിയവ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാക്കും. റെയിൽവേ റിസർവേഷൻ സിസ്റ്റവുമായി ബന്ധിപ്പിച്ച് തത്സമയ വിവരങ്ങളാണ് സൈറ്റിൽ ലഭ്യമാക്കുക.

ഏതു ബാങ്കിന്റെയും ഇന്റർനെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ തുടങ്ങിയവ ഉപയോഗിച്ചു ടിക്കറ്റിന്റെ ചാർജ് ഉപഭോക്താവിന് അടയ്ക്കാം. ഈ സേവനം ഉപയോഗിക്കാനായി ബാങ്കിന്റെ സൈറ്റിൽ ഒറ്റത്തവണ കയറി രജിസ്റ്റർ ചെയ്യണം. ഐആർസിടിസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പരും യൂസർ ഐഡിയും ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്. തുടർന്നു ബാങ്കിന്റെ സൈറ്റിൽനിന്നു നേരിട്ടു ടിക്കറ്റ് വാങ്ങാം.

ബാങ്കിന്റെ വെബ്‌സൈറ്റ് വഴി റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഉപഭോക്താവിന് മികച്ച അനുഭവം നല്കുന്ന ഒരു സേവനമാണ്. താമസിയാതെ ഈ സംവിധാനം ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനായ ഐ-മൊബൈൽ, ഡിജിറ്റൽ ബാങ്കായ പോക്കറ്റ്‌സ് എന്നിവയിലും ലഭ്യമാകുമെന്ന് ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജീവ് സബർവാൾ അറിയിച്ചു.