കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വേനല്‍ക്കാല വിമാന സര്‍വീസ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

Posted on: March 8, 2024

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വേനല്‍ക്കാല വിമാന സര്‍വീസ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 26 വരെയാണ് പ്രാബല്യം. ആഭ്യന്തര, രാജ്യാന്തര സെക്ടറുകളിലായി 1628 പ്രതിവാര സര്‍വീസുകളാണുള്ളത്. നിലവില്‍ 1330 സര്‍വീസുകളാണുള്ളത്. ലണ്ടന്‍, മാലി, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകള്‍ പുതിയ പട്ടികയിലുണ്ട്. കോഴിക്കോട്ടേയ്ക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നുണ്ട്.

തായ് എയര്‍ വേയ്സ് ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തിലേക്ക് പുതിയ പ്രീമിയം സര്‍വീസുകള്‍ ആരംഭിക്കും. ആഴ്ചയില്‍ 3. തായ് ലയണ്‍ എയര്‍ ബാങ്കോക്കിലെ ഡോണ്‍ മ്യൂങ് വിമാനത്താവളത്തിലേക്ക് പ്രതിദിന സര്‍വീസുകളും ആരംഭിക്കുന്നുണ്ട്.

രാജ്യാന്തര സെക്ടറില്‍ 26ഉം ആഭ്യന്തര സെക്ടറില്‍ എട്ടും കമ്പനികള്‍ സര്‍വീസ് നടത്തുന്നു. രാജ്യാന്തര സെക്ടറില്‍ കൂടുതല്‍ സര്‍വീസുകളുള്ളത് അബുദാബിയിലേക്കാണ്; ആഴ്ചയില്‍ 66. ദോഹയിലേക്ക് 46, ദുബായിലേക്ക് 45 വീതം സര്‍വീസുണ്ട്.

ആകാശ എയര്‍ കൊച്ചിയില്‍ നിന്ന് അബുദാബി, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് പ്രതിദിന സര്‍വീസുകള്‍ തുടങ്ങും. ഇത്തിഹാദ് അബുദാബിയിലേക്ക് ആഴ്ചയില്‍ ഏഴും എയര്‍ ഏഷ്യ ബെര്‍ഹാദ് ക്വാലലംപൂരിലേക്ക് ആഴ്ചയില്‍ അഞ്ചും അധിക സര്‍വീസുകള്‍ നടത്തും.

ഇന്‍ഡിഗോ ദോഹയിലേക്കും സ്പൈസ് ജെറ്റ് മാലിയിലേക്കും അധിക പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് ഇപ്പോഴുള്ള ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലെ സര്‍വീസുകള്‍ക്കു പുറമെ ഒരു സര്‍വീസ് കൂടി തുടങ്ങും. ജസീറ എയര്‍വേയ്‌സ് കുവൈത്തിലേക്കും സൗദിയ ജിദ്ദയിലേക്കും ആഴ്ചയില്‍ 2 അധിക സര്‍വീസുകള്‍ തുടങ്ങും.

കൊച്ചിയില്‍ നിന്ന് അഗത്തിയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. നിലവില്‍ അലയന്‍സ് എയറിന്റെ 10 സര്‍വീസുകളാണ് പ്രതിവാരം ഉള്ളത്. ഇന്‍ഡിഗോ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ ഇത് 16 ആകും.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഹൈദരാബാദിലേക്ക് 2 അധിക സര്‍വീസുകള്‍ നടത്തും. ഇപ്പോള്‍ ബെംഗളൂരുവിലേക്ക് ആഴ്ചയില്‍ 87 സര്‍വീസുകളാണുള്ളത്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയര്‍ എന്നിവ ബെംഗളൂരുവിലേക്ക് ആഴ്ചയില്‍ 14 അധിക സര്‍വീസുകള്‍ നടത്തും.ഇതോടെ കൊച്ചി-ബെംഗളൂരു സെക്ടറില്‍ പ്രതിദിന സര്‍വീസുകള്‍ 16 ആയി ഉയരും.

കോഴിക്കോട്ടേക്ക് പുതിയ പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കുന്നത് ഇന്‍ഡിഗോ ആണ്. കോഴിക്കോട്ട് നിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന വിമാനം 9.30ന് കൊച്ചിയിലെത്തും. ഇവിടെ നിന്ന് ഉച്ചയ്ക്ക് 1.35ന് പുറപ്പെട്ട് 2.35ന് കോഴിക്കോട്ടെത്തും.