ഐ സി ഐ സി ഐ ബാങ്കിൽ സ്മാർട്ട് സ്റ്റാർ സേവിംഗ്‌സ് അക്കൗണ്ട്

Posted on: September 25, 2014

ICICI-Bank-Logo-b

കുട്ടികൾക്കായി ഐ സി ഐ സി ഐ ബാങ്കിന്റെ സേവിംഗ്‌സ് അക്കൗണ്ട്-സ്മാർട്ട് സ്റ്റാർ ആരംഭിച്ചു. 10 വയസു തികഞ്ഞാൽ കുട്ടികൾക്ക് അക്കൗണ്ടിൽ ചേരുകയും ഓപറേറ്റ് ചെയ്യുകയുമാകാം.

ആർ ബി ഐ നിബന്ധനകൾക്കു വിധേയമായാണ് സ്മാർട്ട് സ്റ്റാർ ആവിഷ്‌കരിച്ചിട്ടുള്ളത്. 10-18 പ്രായത്തിലുള്ളവരെക്കുറിച്ച് മുതിർന്നവർ കരുതുന്നതിലേറെ പ്രാവീണ്യം അവർക്കു സാമ്പത്തിക കാര്യങ്ങളിലുണ്ടെന്ന തിരിച്ചറിവോടെയാണ് ബാങ്ക് ഈ അക്കൗണ്ട് അവതരിപ്പിക്കുന്നതെന്ന് ഐ സി ഐ സി ഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജീവ് സബർവാൾ പറഞ്ഞു. പണം മിച്ചം വയ്ക്കാനും നിക്ഷേപങ്ങൾ നടത്താനുമുള്ള താത്പര്യം അവരിൽ വളരാൻ സ്വന്തം അക്കൗണ്ട് ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വയം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തോടെ ചെക്ക് ബുക്കും ഡെബിറ്റ് കാർഡും അക്കൗണ്ട് ഉടമകൾക്ക് ആവശ്യമെങ്കിൽ ലഭിക്കും. മൊബൈൽ റീ ചാർജിംഗ്, ബില്ലുകൾ അടയ്ക്കൽ, ഫിക്‌സഡ് ഡിപ്പോസിറ്റ് തുറക്കൽ തുടങ്ങിയവയ്ക്ക് ഇവ ഉപയോഗപ്പെടുത്താം. 3763 ശാഖകളും 11447 എ ടി എമ്മുകളും വഴിയുള്ള സേവനത്തിനു പുറമേ, ഫേസ്ബുക്കിലെ ഏറ്റവും സമഗ്രമായ ബാങ്കിംഗ് ആപ്ലിക്കേഷനെന്ന് വിലയിരുത്തപ്പെടുന്ന പോക്കറ്റ്‌സ് ബൈ ഐ സി ഐ സി ഐ ബാങ്ക് യുവലോകം വ്യാപകമായി ഉപയോഗിച്ചുവരുന്നു. മൊബൈൽ ബാങ്കിംഗ്, എക്‌സ്പ്രഷൻ കാർഡ് തുടങ്ങിയവയും അവർക്കു പ്രിയങ്കരമാണെന്ന് ബാങ്ക് കണ്ടെത്തിയിട്ടുണ്ട്.