ഷെവർലെ ട്രെയ്ൽബ്ലെയ്‌സർ കേരളത്തിൽ

Posted on: November 24, 2015

Chevrolet-TrailBlazer-Keral

കൊച്ചി : ജനറൽ മോട്ടോഴ്‌സ് ഷെവർലെ ട്രെയ്ൽബ്ലെയ്‌സർ എസ്‌യുവി കേരള വിപണിയിൽ അവതരിപ്പിച്ചു. കൊച്ചി നെട്ടൂരിൽ ജിഎം മോട്ടോഴ്‌സിൽ നടന്ന ചടങ്ങിൽ നടൻ സുരേഷ് ഗോപി വാഹനം അനാവരണംചെയ്തു. പ്രീമിയം എസ്‌യുവി വിഭാഗത്തിലെ ഏറ്റവും വലുതും ശക്തവുമെന്ന വിശേഷണത്തോടെയാണ് ട്രെയ്ൽബ്ലെയ്‌സർ കടന്നുവരുന്നത്. 18 ഇഞ്ച് വീൽ ബേസും 253 എംഎം ഗ്രൗണ്ട് ക്ലിയറൻസും ഏഴു സീറ്റുമുള്ള ഈ വാഹനം.

500 എൻഎം ടോർക്ക് പ്രദാനം ചെയ്യുന്ന 200 പിഎസ് ഡീസൽ എൻജിൻ, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്‌സ്, പ്രൊജക്ടർ ഹെഡ്‌ലാപുകൾ, ട്രെയ്ൽബ്ലെയ്‌സറിന്റെ ബീജ്, ബ്ലാക്ക് നിറങ്ങൾ സമ്മേളിക്കുന്ന ഇന്റീരിയർ, ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീൻ, റിയർ വ്യൂ കാമറ, ഷെവർലെ മൈലിങ്ക് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ ഉപഭോക്താക്കൾക്കായി സിരിഐസ് തുടങ്ങിയ നിരവധി സവിശേഷതകളുണ്ട്. രണ്ടു നിര മടക്കാവുന്ന പിൻസീറ്റുകൾ വേണ്ടത്ര ലെഗ് സ്‌പേസ് നൽകുന്നു പിൻസീറ്റുകൾക്കായി സീലിംഗിൽ നാല് എയർ കണ്ടീഷൻ വെന്റുകൾ ക്രമീകരിച്ചിരിക്കുന്നു.

സുരക്ഷാ സംവിധാനങ്ങൾക്കു മുൻഗണന നൽകിയിട്ടുണ്ട്. ഡ്യുവൽ എയർബാഗ്, ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), ഇലക്‌ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനോടുകൂടിയ(ഇബിഡി) ആന്റിലോക്ക് ബ്രേക്ക്‌സ് (എബിഎസ്), കോർണറിംഗ് ബ്രേക്ക് കൺട്രോൾ (സിബിസി), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് (എച്ച്എസ്എ), ഹിൽ ഡിസന്റ് കൺട്രോൾ (എച്ച്ഡിസി), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (ടിസിഎസ്), പാനിക് ബ്രേക്ക് അസിസ്റ്റ് (പിബിഎ), ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ് (എച്ച്ബിഎ) തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള ടോപ്പ് എൻഡ് മോഡലിന് 26,96,466 രൂപയാണ് എക്‌സ് ഷോറൂം വില. ബുക്കിംഗ് അനുസരിച്ചു തായ്‌ലൻഡിൽനിന്നാണ് വാഹനം ഇറക്കുമതി ചെയ്യുന്നത്.