കാത്തലിക് സിറിയൻ ബാങ്ക് അവകാശ ഇഷ്യു മാർച്ച് ആറിന്

Posted on: February 20, 2015

Catholic-Syrian-Bank--big

തൃശൂർ : കാത്ത്‌ലിക് സിറിയൻ ബാങ്ക് അവകാശ ഇഷ്യു മാർച്ച് ആറിന് ആരംഭിക്കും. നിലവിൽ മൂന്ന് ഓഹരിയുള്ളവർക്ക് ഒരു ഓഹരി എന്ന കണക്കിലാണ് റൈറ്റ്‌സ് ഇഷ്യു. 10 രൂപ മുഖവിലയുള്ള 15084406 ഓഹരികളാണ് 65 രൂപ പ്രീമിയത്തിൽ ഓഹരിയുടമകൾക്ക് നൽകുന്നത്. ഇഷ്യു മാർച്ച് 20 ന് സമാപിക്കും. ഫെബ്രുവരി 28 ആണ് റെക്കോർഡ് ഡേറ്റ്.

സി എസ് ബി ഓഹരികൾ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാനും ഐപിഒ നടത്താനും തൃശൂരിൽ ചേർന്ന സി എസ് ബിയുടെ അസാധാരണ പൊതുയോഗം തീരുമാനിച്ചു.

കാത്തലിക് സിറിയൻ ബാങ്കിൽ 49 ശതമാനംവരെ വിദേശ ഓഹരി നിക്ഷേപം അനുവദിക്കാനും 24 ശതമാനംവരെ എൻആർഐ ഓഹരി നിക്ഷേപം സ്വീകരിക്കാനും 150 കോടി രൂപവരെയുള്ള തുകയ്ക്കു കടപ്പത്രം ഇറക്കാനും യോഗം തീരുമാനിച്ചു. വിദേശ ധനകാര്യ സ്ഥാപനങ്ങൾക്കോ (എഫ്‌ഐഐ) രജിസ്റ്റേർഡ് പോർട്ട്‌ഫോളിയോ ഇൻവെസ്റ്റേഴ്‌സിനോ ക്വാളിഫൈഡ് ഫോറിൻ ഇൻവെസ്റ്റേഴ്‌സിനോ 49 ശതമാനംവരെയുള്ള ഓഹരികൾ നൽകാൻ ഓഹരിയുടമകൾ അംഗീകാരം നൽകി.

യോഗത്തിൽ ബാങ്ക് ചെയർമാൻ എസ്. സന്താനകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ മാനേജിംഗ് ഡയറക്ടർ രാകേഷ് ഭാട്യ, ഡയറക്ടർമാരായ ടി.എസ്. അനന്തരാമൻ, ബോബി ജോസ്, സി. കെ. ഗോപിനാഥൻ, കെ. സുബരാമയ്യശർമ, എസ്. രാമകൃഷ്ണൻ, എം. മാധവൻ നമ്പ്യാർ, റിസർവ് ബാങ്ക് നോമിനിമാരായ കെ. നീതി രാഘവൻ, വി. ശേഷാദ്രി തുടങ്ങിയവർ പങ്കെടുത്തു.