അപ്പോളോയ്ക്ക് 17 ശതമാനം വരുമാന വർധന

Posted on: February 4, 2017

കൊച്ചി : അപ്പോളോ ടയേഴ്‌സിന് നടപ്പ് സാമ്പത്തികവർഷം മൂന്നാം ക്വാർട്ടറിൽ 17 ശതമാനം വരുമാനവർധന. 2016 ഒക്‌ടോബർ – ഡിസംബർ ക്വാർട്ടറിൽ വിറ്റുവരവ് മുൻവർഷം ഇതേകാലയളവിലെ 2,938 കോടിയിൽ നിന്ന് 17 ശതമാനം വർധിച്ച് 3,435 കോടിയായി. അറ്റാദായം 279 കോടിയിൽ നിന്ന് 6 ശതമാനം വർധിച്ച് 296 കോടിയായി.

നടപ്പ് സാമ്പത്തികവർഷം ആദ്യത്തെ ഒൻപത് മാസക്കാലത്ത് (2016 ഏപ്രിൽ – ഡിസംബർ) അപ്പോളോയുടെ വിറ്റുവരവ് മുൻവർഷം ഇതേകാലത്തെ 8,772 കോടിയിൽ നിന്ന് 12 ശതമാനം വർധിച്ച് 9,794 കോടിയായി. അറ്റാദായം 851 കോടിയിൽ നിന്ന് 871 കോടിയായി.

പ്രതികൂല വിപണിസാഹചര്യങ്ങൾക്കിടയിലും ഇന്ത്യൻ യൂറോപ്യൻ വിപണികളിൽ മികച്ച വില്പനയും വരുമാനവും നേടാൻ കഴിഞ്ഞതായി അപ്പോളോ ടയേഴ്‌സ് ചെയർമാൻ ഓംകാർ എസ്. കൻവാർ പറഞ്ഞു. റബറിന്റെയും മറ്റ് അസംസ്‌കൃതവസ്തുക്കളുടെ വിലവർധന വലിയ വെല്ലുവിളിയാണെന്ന് അദേഹം പറഞ്ഞു. ജിഎസ്ടിയിലെ അനിശ്ചിതത്വം വാണിജ്യവാഹന വിപണിയെ ദോഷകരമായി ബാധിച്ചു. എന്നാൽ പാസഞ്ചർ വാഹനവിപണി മികച്ച വളർച്ച നേടിയെന്നും അദേഹം ചൂണ്ടിക്കാട്ടി.