അപ്പോളോ ടയേഴ്‌സ് ആന്ധ്രപ്രദേശിലെ പ്ലാന്റ് കമ്മീഷൻ ചെയ്തു

Posted on: June 27, 2020

ഹൈദരാബാദ് : അപ്പോളോ ടയേഴ്‌സിന്റെ ഏഴാമത്തെ ടയർ പ്ലാന്റ് ആന്ധ്രപ്രദേശിൽ കമ്മീഷൻ ചെയ്തു. ചിറ്റൂർ ജില്ലയിലെ ചിന്നപാണ്ഡുരുവിൽ 256 ഏക്കർ സ്ഥലത്ത് 38,00 കോടി രൂപ മുതൽമുടക്കിലാണ് പുതിയ പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. പുതിയ പ്ലാന്റിന് പ്രതിദിനം 15,000 കാർ ടയറുകളും 3000 ട്രക്ക് – ബസ് ടയറുകളും നിർമ്മിക്കാൻ ശേഷിയുണ്ട്. ഡിമാൻഡ് ഉയരുന്നതോടെ 2022 ൽ ഉത്പാദന ശേഷി വർധിപ്പിക്കും.

ആദ്യ ടയർ പുറത്തിറക്കുന്നതിന് സാക്ഷ്യംവഹിക്കാൻ അപ്പോളോ ടയേഴ്‌സ് ചെയർമാൻ ഓംകാർ എസ് കൻവാർ, വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നീരജ് കൻവാർ തുടങ്ങി നിരവധി പ്രമുഖർ എത്തിയിരുന്നു.

വിവരസാങ്കേതിക വിദ്യയും റോബോട്ടിക്‌സും അടിസ്ഥാനപ്പെടുത്തിയുള്ള അത്യാധുനിക ടയർ പ്ലാന്റാണ് ആന്ധ്രയിലേതെന്ന് അപ്പോളോ ടയേഴ്‌സ് ചെയർമാൻ ഓംകാർ എസ് കൻവാർ പറഞ്ഞു. ലോകോത്തര നിലവാരമുള്ള ഉത്പന്നങ്ങളായിരിക്കും ഇവിടെ നിർമ്മിക്കുന്നത്. ആഗോളതലത്തിൽ അപ്പോളോയുടെ ഏഴാമത്തെയും ഇന്ത്യയിലെ അഞ്ചാമത്തെയും ടയർ പ്ലാന്റാണ് ആന്ധ്രയിൽ പൂർത്തിയായതെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി.