അപ്പോളോ ടയേഴ്‌സ് വഡോദരയിൽ ഇരുചക്ര വാഹന ടയർ പ്ലാന്റ് തുറന്നു

Posted on: July 19, 2020

അഹമ്മദാബാദ് : അപ്പോളോ ടയേഴ്‌സ് ഗുജറാത്തിലെ വഡോദരയിൽ ഇരുചക്ര വാഹന ടയർ പ്ലാന്റ് തുറന്നു. വഡോദരയിലെ ലിംദ പ്ലാന്റിനോട് അനുബന്ധിച്ചാണ് ഇരുചക്ര വാഹന ടയർ പ്ലാന്റ ആരംഭിച്ചിട്ടുള്ളത്. പുതിയ പ്ലാന്റിന്റെ ഉദ്ഘാടനം അപ്പോളോ ടയേഴ്‌സ് ചെയർമാൻ ഓങ്കാർ എസ് കൻവാർ നിർവഹിച്ചു. വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നീരജ് കൻവാറും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

വഡോദര പ്ലാന്റിൽ പ്രതിമാസം 30,000 മോട്ടോർ സൈക്കിൾ റേഡിയലുകളും 60,000 മോട്ടോർ സൈക്കിൾ ക്രോസ് പ്ലൈ ടയറുകളും നിർമ്മിക്കാനാകും. ഡിമാൻഡ് വർധിക്കുന്നത് അനുസരിച്ച് 10,000 ചതുരശ്ര മീറ്ററിലേറെ വിസ്തീർണ്ണമുള്ള പ്ലാന്റിൽ ഉത്പാദനം കൂട്ടാനാകും.

അപ്പോളോ 2016 ൽ ആണ് ടൂ വീലർ ടയർ നിർമാണത്തിലേക്ക് കടന്നത്. ഈ രംഗത്ത് ഇരട്ടയക്ക വിപണി വിഹിതം അപ്പോളോ ടയേഴ്‌സിനുണ്ട്. മോട്ടോർ സൈക്കിൾ ടയറുകളിൽ രാജ്യാന്തര സുവർണ നിലവാരത്തിലുള്ള സീറോ ഡിഗ്രി സ്റ്റീൽ റേഡിയൽ ടയറുകൾ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണ് അപ്പോളോ ടയേഴ്‌സ്.