നൂതന സാങ്കേതികവിദ്യ : ജല അഥോറിട്ടിയും സ്റ്റാർട്ടപ്പ്മിഷനും ധാരണാപത്രം ഒപ്പുവച്ചു

Posted on: January 12, 2018

തിരുവനന്തപുരം : ജല അഥോറിട്ടിയ്ക്കാവശ്യമായ സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും സ്റ്റാർട്ടപ്പുകൾ വഴി കൈമാറുന്നതിനുള്ള ധാരണാപത്രം കേരള സ്റ്റാർട്ടപ്പ് മിഷനും കേരള ജല അഥോറിട്ടിയും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചു. ആദ്യ ഉത്പന്നമായി മാൻഹോളുകൾ വൃത്തിയാക്കാൻ ജെൻ റോബോട്ടിക്‌സ് നിർമിച്ച ബാൻഡിക്കൂട്ട് എന്ന റോബോട്ടിനെ ഉപയോഗിക്കും. ഇതിനുള്ള സാക്ഷ്യപത്രം ജെൻ റോബോട്ടിക്‌സിന് മുഖ്യമന്ത്രി കൈമാറി.

പരമ്പരാഗതമായി തൊഴിലാളികൾ മാൻഹോളുകളിലിറങ്ങി മാലിന്യം നീക്കം ചെയ്യുന്നതിനുപകരം ബാൻഡിക്കൂട്ടിനെ ആയിരിക്കും ഇനി ഉപയോഗിക്കുന്നത്. മാർച്ചിൽ ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായി ബാൻഡിക്കൂട്ടിനെ രംഗത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. അഴുക്കുചാലുകളും ഈ റോബോട്ട് വൃത്തിയാക്കും.

എട്ടുകാലിയ്ക്ക് സമാനമായ രൂപമുള്ള ബാൻഡിക്കൂട്ട് രൂപകല്പന ചെയ്ത് നിർമിച്ചത് എട്ട് യുവ സുഹൃത്തുക്കൾ ചേർന്ന് രൂപം നൽകിയ ജെൻറോബോട്ടിക്‌സ് ആണ്. യന്ത്രക്കാലുകളും ബക്കറ്റുകളുമുപയോഗിച്ചാണ് ബാൻഡിക്കൂട്ട് മാലിന്യം നീക്കം ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിൽ അദേഹത്തിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ എട്ടുപേരും സന്നിഹിതരായിരുന്നു. കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ.സജി ഗോപിനാഥ്, ജല അഥോറിട്ടി മാനേജിംഗ് ഡയറക്ടർ ഷൈനമോൾ എന്നിവരാണ് ധാരണാപത്രം ഒപ്പുവച്ചത്. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ജലവിഭവ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി ടോം ജോസ് ഐടി സെക്രട്ടറി എം. ശിവശങ്കർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.