സ്റ്റാർട്ടപ്പ് റാങ്കിംഗ് : കേരളത്തിന് വീണ്ടും പുരസ്‌കാരം

Posted on: September 11, 2020

തിരുവനന്തപുരം : സ്റ്റാർട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്രസർക്കാരിന്റെ സ്റ്റാർട്ടപ്പ് പുരസ്‌കാരം തുടർച്ചയായി രണ്ടാംവർഷവും കേരളത്തിന്. ഇത്തവണ കർണാടകവുമായി കേരളം പുരസ്‌കാരം പങ്കിടുകയായിരുന്നു. ദീർഘവീക്ഷണമുള്ള നേതൃത്വം, തന്ത്രപരമായ സമീപനങ്ങൾ, മികച്ച നൂതനസ്വഭാവം, സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കൽ, അനുയോജ്യമായ അന്തരീക്ഷം എന്നിവയാണ് 2019 ലെ അവാർഡിന് കേരളത്തെ അർഹമാക്കിയത്.

കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) തയാറാക്കിയ ദേശീയ റാങ്കിംഗിൽ അഞ്ച് വിഭാഗങ്ങളിലുള്ള പുരസ്‌കാരങ്ങളാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. 22 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് മികവിനുവേണ്ടി മത്സരിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ സംവിധാനം വഴിയാണ് റാങ്കിംഗ് പ്രഖ്യാപിച്ചത് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ, സഹമന്ത്രി സോംപ്രകാശ്, നഗരവികസന-വ്യോമയാനവകുപ്പുകളുടെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി ഹർദീപ് സിംഗ് പുരി, ഡിപിഐഐടി സെക്രട്ടറി ഡോ. ഗുരുപ്രസാദ് മഹാപാത്ര എന്നിവർ ചേർന്നാണ് റാങ്കിംഗ് പ്രഖ്യാപിച്ചത്.

കേരളത്തിൻറെ തിളക്കമാർന്ന പ്രകടനത്തിന് നേതൃത്വം നൽകിയ സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ഡോ സജി ഗോപിനാഥ്, ഇന്നൊവേഷൻസ് മാനേജർ അശോക് കുര്യൻ പഞ്ഞിക്കാരൻ എന്നിവരെ യോഗത്തിൽ അനുമോദിച്ചു.

സ്റ്റാർട്ടപ്പ് നയത്തിലൂടെ സംരംഭങ്ങൾക്ക് നൽകുന്ന പിന്തുണ, എല്ലാ ജില്ലകളിലും സംരംഭക സെല്ലുകൾ, സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ഫണ്ട് എന്നിവയിലൂടെ കേരളം കാഴ്ചവച്ച മികച്ച പ്രകടനമാണ് റാങ്കിംഗിൽ എടുത്തുപറഞ്ഞിട്ടുള്ളത്. സ്റ്റാർട്ടപ്പ് നയം നടപ്പാക്കുന്നതിലും ഇൻകുബേഷൻ ഹബ്ബുകൾ സ്ഥാപിക്കുന്നതിലും സ്റ്റാർട്ടപ്പ് പ്രക്രിയയിലെ സീഡിംഗ്, ഇന്നൊവേഷൻ എന്നിവയിലും ബോധവൽകരണത്തിലും കേരളം മികവു കാട്ടി.

രാജ്യത്തുടനീളം 586 ജില്ലകളിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ചൂണ്ടിക്കാട്ടി. സ്റ്റാർട്ടപ്പ് രംഗത്ത് മുമ്പേ നടന്ന സംസ്ഥാനങ്ങൾ മറ്റുള്ളവയ്ക്ക് മാതൃകയാണ്. ലക്ഷദ്വീപിൽ പോലും സ്റ്റാർട്ടപ്പുകൾ തുടങ്ങിയത് ഏറെ ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായി രണ്ടാം തവണയും സ്റ്റാർട്ടപ്പ് റാങ്കിംഗിൽ സംസ്ഥാനം കാഴ്ച വയ്ക്കുന്ന മികച്ച പ്രകടനം കൂടുതൽ സംരംഭകർ ഈ രംഗത്തേക്ക് കടന്നു വരാനുള്ള പ്രചോദനമാകുമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് അറിയിച്ചു. കഴിഞ്ഞ തവണ നാലു സംസ്ഥാനങ്ങൾക്കൊപ്പമായിരുന്നു കേരളം ഈ സ്ഥാനം പങ്കിട്ടത്. എന്നാൽ 2019 ൽ കേരളവും കർണാടകവും മാത്രമാണ് ഇതിന് അർഹമായത്.