ഡോർസ്‌റ്റെപ്പ് ബാങ്കിംഗിലെ ഇസാഫ് മാജിക്

Posted on: June 7, 2019

ബാങ്കിംഗ് രംഗത്ത് ജൈത്രയാത്ര തുടരുമ്പോഴും ഇസാഫ് ധനകാര്യ സ്ഥാപനങ്ങളെ സാമൂഹ്യസംരംഭങ്ങൾ എന്നു വിശേഷിപ്പിക്കാനാണ് ഇസാഫ് സ്ഥാപകൻ പോൾ തോമസിന് ഇഷ്ടം. ഇന്ന് രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ ഇസാഫിന് സാന്നിധ്യമുണ്ട്. ബാങ്കിംഗ് സേവനങ്ങൾ ബ്രാഞ്ചിൽ മാത്രം ഒതുക്കാതെ ഇടപാടുകാരന്റെ വീട്ടുപടിക്കലേക്ക് എത്തിക്കാനാണ് പോൾ തോമസ് ലക്ഷ്യമിടുന്നത്.

സാധാരണക്കാരെ ലക്ഷ്യമിട്ട് തൃശൂർ മണ്ണുത്തിയിൽ ആരംഭിച്ച ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഡിജിറ്റൽ ബാങ്കിംഗിന് ഒപ്പം വ്യക്തിഗത സേവനവുമാണ് മുന്നോട്ടുവെയ്ക്കുന്നതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ. പോൾ തോമസ് പറഞ്ഞു. ഇന്റർനെറ്റ് ബാങ്കിംഗ്, എസ് എം എസ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് തുടങ്ങിയ ആധുനിക സേവനങ്ങൾക്കൊപ്പം ബാങ്കിംഗിൽ അസിസ്റ്റഡ് ഡിജിറ്റൽ മോഡൽ ആണ് ഇസാഫ് പിന്തുടരുന്നത്.

തുടക്കം മൈക്രോഫിനാൻസിൽ

സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരും പാവപ്പെട്ടവരുമായ ജനവിഭാഗങ്ങളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കണമെന്ന ചിന്തയാണ് ഇസാഫിന് തുടക്കം കുറിക്കാൻ പോൾ തോമസിനെ പ്രേരിപ്പിച്ചത്. 1992 ൽ സന്നദ്ധ സംഘടനയായിട്ടായിരുന്നു തുടക്കം. മൈക്രോ ലെവൽ സംരംഭങ്ങൾ തുടങ്ങാൻ 1993-94 കാലഘട്ടത്തിൽ വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. തൃശൂർ ജില്ലയിലെ താളിക്കോട് എന്ന ഗ്രാമത്തിലാണ് ഇസാഫ് മൈക്രോഫിനാൻസിന്റെ തുടക്കം. തുടർന്ന് കൊടുങ്ങല്ലൂർ, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ചു. സ്ത്രീകളുടെ ചെറു സംഘങ്ങൾ രൂപീകരിച്ച് അവർക്ക് താത്പര്യമുള്ള മേഖലകളിൽ മൈക്രോലെവൽ സംരംഭങ്ങൾക്കുള്ള പരിശീലനം, ഈടില്ലാതെ പരസ്പര ജാമ്യത്തിൽ വായ്പ, വിപണനത്തിന് സഹായിക്കുക തുടങ്ങിയ കാര്യങ്ങൾ ഇസാഫിനെ ജനകീയമാക്കി. ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കിൽ നിന്ന് 1998 ൽ ലഭിച്ച 15 ലക്ഷം രൂപയുടെ സീഡ് കാപ്പിറ്റലാണ് ഇസാഫിന്റെ വളർച്ചയുടെ വേഗം വർധിപ്പിച്ചത്.

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്

ഇസാഫ് 2008 ൽ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയായി. റിസർവ് ബാങ്ക് 2014 ൽ സ്‌മോൾ ഫിനാൻസ് ബാങ്കുകൾക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ, 72 അപേക്ഷകളിൽ നിന്ന്, കേരളത്തിൽ നിന്ന് ലൈസൻസ് ലഭിച്ച ഏക സ്ഥാപനമായി മാറാൻ ഇസാഫിന് സാധിച്ചു. തുടർന്ന് 2017 മാർച്ചിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. ഇസാഫ് ബാങ്കിനെ റിസർവ് ബാങ്ക് 2018 ഡിസംബറിൽ ഷെഡ്യൂൾഡ് ബാങ്കായി ഉയർത്തി.

രണ്ട് വർഷം പിന്നിടുമ്പോൾ 2019 മാർച്ചിൽ 143 റീട്ടെയ്ൽ ബ്രാഞ്ചുകളും മൈക്രോ ഫിനാൻസ് ശാഖകൾ പുനർക്രമീകരിച്ച 291 അൾട്ര സ്‌മോൾ ബ്രാഞ്ചുകളും ഉൾപ്പടെ 434 ശാഖകൾ 12 സംസ്ഥാനങ്ങളിലായി ഇസാഫ് ബാങ്കിനുണ്ട്. 215 എടിഎമ്മുകളും പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആധുനിക ബാങ്കിംഗ് സേവനങ്ങളും ഇസാഫ് നൽകി വരുന്നു. മറ്റു ബാങ്കുകളെ അപേക്ഷിച്ച് കൂടിയ പലിശ നിരക്ക് എല്ലാ ടേം ഡിപ്പോസിറ്റുകൾക്കും ഇസാഫ് ബാങ്ക് നൽകി വരുന്നു.

നിക്ഷേപത്തിന് കർശന സുരക്ഷ

കറന്റ് അക്കൗണ്ടുകൾ, സേവിംഗ്‌സ് അക്കൗണ്ട്, ഫിക്‌സഡ് ഡിപ്പോസിറ്റ് തുടങ്ങി മറ്റ് ബാങ്കുകളിലുള്ള എല്ലാ നിക്ഷേപമാർഗങ്ങളും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിലുണ്ട്. മുതിർന്ന് പൗരൻമാർക്ക് ഫിക്‌സഡ് ഡിപ്പോസിറ്റിന് ഉയർന്ന പലിശയും ഇസാഫ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിൽ ഈ വർഷം ഫെബ്രുവരിയിൽ 3600 കോടി രൂപയുടെ നിക്ഷേപവും 4800 കോടി രൂപയുടെ വായ്പയും നൽകിയിട്ടുണ്ട്. നിക്ഷേപത്തേക്കാൾ കൂടുതലാണ് വായ്പ. നബാർഡ് പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന റീഫൈനാൻസിംഗ് സൗകര്യം ഉപയോഗപ്പെടുത്തിയാണ് കൂടുതൽ തുക വായ്പ നൽകാനാവുന്നത്. ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളും സംരംഭകത്വവും സൃഷ്ടിക്കാൻ ഇതിലൂടെ ബാങ്കിന് കഴിയുന്നുണ്ട്.

റിസർവ് ബാങ്ക് അനുശാസിക്കുന്ന എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇസാഫ് ബാങ്കിന്റെ പ്രവർത്തനം. പ്രോഫാൽ കോർ ബാങ്കിംഗ് സൊല്യൂഷൻ ആണ് ഇസാഫ് ബാങ്ക് ഉപയോഗിക്കുന്നത്. എഫ് ഐ എസ് ഗ്ലോബൽ ആണ് ടെക്‌നോളജി പാർട്ണർ.

എൻആർഇ ബിസിനസ്

റിസർവ് ബാങ്ക് 2018 ജൂൺ മുതൽ എൻആർഇ ബിസിനസിനുള്ള അംഗീകാരം ഇസാഫിന് നൽകി. ചുരുങ്ങിയ സമയത്തിനുള്ളിൽ 300 കോടി രൂപയുടെ എൻആർഇ/എൻആർഒ നിക്ഷേപം സമാഹരിക്കാനായി. ഗൾഫ് മലയാളികളിൽ നിന്നും രൂപയിലുള്ള നിക്ഷേപങ്ങളാണ് അധികപങ്കും.

ഹൃദയ ഡിപ്പോസിറ്റ്

പതിനഞ്ച് ലക്ഷം രൂപ രണ്ട് വർഷത്തേക്ക് ഡിപ്പോസിറ്റ് ചെയ്യുമ്പോൾ ഉയർന്ന പലിശ ലഭിക്കുന്നതു കൂടാതെ ഇസാഫിൽ നിന്ന് മൈക്രോ ഫിനാൻസ് വായ്പയോ, ഭവന വായ്പയോ കാർഷിക വായ്പയോ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ഓരോ ആറു മാസം കൂടുമ്പോഴും ഈ വായ്പകൾ മൂലം ഉപഭോക്താവിന് ലഭിച്ച നേട്ടം ബാങ്ക് വിലയിരുത്തി നിക്ഷേപകനെ അറിയിക്കും. നിക്ഷേപത്തിന്റെ പലിശ ലഭിക്കുന്നതോടൊപ്പം ഉപഭോക്താവിന്റെ ഹൃദയത്തിന് സന്തോഷം ലഭിക്കുന്ന കാര്യമാണിത്.

മൈക്രോ റെക്കറിംഗ് ഡിപ്പോസിറ്റ്

സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവരും ചെറുകിട വരുമാനമുള്ളവരുമാണ് ഇസാഫിന്റെ ഇടപാടുകാരിൽ അധികവും. അവർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപപദ്ധതികളും ഇസാഫ് ബാങ്കിലുണ്ട്. 50 രൂപ മുതൽ മൈക്രോ റെക്കറിംഗ് ഡിപ്പോസിറ്റ് ആരംഭിക്കാം. മക്കളുടെ വിദ്യാഭ്യാസം, ഭവനനിർമാണം തുടങ്ങി സാധാരണക്കാരായ ഇടപാടുകാരുടെ ഭാവിയിലെ ആവശ്യങ്ങൾ കണക്കിലെടുത്താണ് ഈ നിക്ഷേപ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

മൈക്രോഫിനാൻസ് വായ്പകൾ

ഇസാഫ് ബാങ്കിന്റെ 95 ശതമാനവും മൈക്രോഫിനാൻസ് വായ്പകളാണ്. ചെറുകിട സംഘങ്ങൾ ഉണ്ടാക്കി ഒരു ലക്ഷം രൂപ വരെ വായ്പ നൽകും. മറ്റ് ഈട് ഒന്നുമില്ലാതെയാണ് അഞ്ച് പേരുടെ സംഘങ്ങൾക്ക് വായ്പ നൽകുന്നത്. സ്ത്രീകളുടെയും കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും സംഘങ്ങൾക്ക് ഇസാഫ് ബാങ്ക് വായ്പ നൽകും. വായ്പ രേഖകൾ ഒപ്പിടാൻ മാത്രം ഇടപാടുകാർ ബാങ്കിൽ വന്നാൽ മതി. പുതിയ വായ്പകൾ മൂന്ന് ദിവസത്തിനുള്ളിലും നിലവിലുള്ളവർക്ക് പുനർവായ്പകൾ ഒരു ദിവസത്തിനുള്ളിൽ ലഭ്യമാക്കും. ചെറുകിട
ബിസിനസ് വായ്പകൾ, ഭവനവായ്പ, ഇരുചക്ര വാഹന വായ്പകൾ, വസ്തു ഈടിൻ മേലുള്ള വായ്പ എന്നിവയും ഇസാഫ് ബാങ്കിൽ ലഭ്യമാണ്.

കൃഷി, ബിസിനസ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് സ്വർണ്ണപ്പണയത്തിന് മേൽ വായ്പ നൽകുന്ന സ്വർണ്ണശ്രീ വായ്പാ പദ്ധതിയും ഇസാഫ് ബാങ്കിലുണ്ട്.

ഡോർ സ്‌റ്റെപ്പ് ബാങ്കിംഗ്

നിക്ഷേപത്തിനായാലും വായ്പയ്ക്കായാലും സാധാരണഗതിയിൽ ഇടപാടുകാരൻ ബാങ്കിൽ വരേണ്ട കാര്യമില്ല. ഇസാഫിന്റെ ബാങ്കിംഗ് കറസ്‌പോണ്ടന്റുകൾ ടാബലറ്റുമായി ഉപഭോക്താവിനെ തേടിയെത്തും. ബാങ്കിലേക്ക് ഫോൺ ചെയ്താൽ നിക്ഷേപകന് പലിശയും വായ്പ വേണ്ടവർക്ക് വായ്പയും വീട്ടിലെത്തിച്ചുനൽകും. ഈ സേവനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് പോൾ തോമസ് പറഞ്ഞു.

കേരളത്തിൽ ഇസാഫിന് 110 റീട്ടെയ്ൽ ബാഞ്ചുകളും 83 അൾട്ര സ്‌മോൾ ബ്രാഞ്ചുകളും 95 എടിഎമ്മുകളുമുണ്ട്. തൃശൂർ, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലാണ് കൂടുതൽ ശാഖകൾ. നിലവിൽ ബാങ്കിൽ 1200 പേരും ഇസാഫ് കോഓപറേറ്റീവ് തുടങ്ങിയ അസോസിയേറ്റ്‌സിൽ 4000 പേരും ജോലി ചെയ്തുവരുന്നു.

കുടുംബം

പാലക്കാട് ജില്ലയിലെ കർഷക കുടുംബത്തിലാണ് കെ. പോൾ തോമസിന്റെ ജനനം. ഇസാഫ് കോഓപറേറ്റീവ് സൊസൈറ്റിയുടെ ചെയർപേഴ്‌സൺ കൂടിയായ ഭാര്യ മെറീന കോട്ടയം സ്വദേശിനിയാണ്. പോൾ തോമസ് – മെറീന ദമ്പതികൾക്ക് നാല് മക്കൾ. സോഷ്യൽ എന്റർപ്രണർഷിപ്പിൽ മാസ്റ്റേഴ്‌സ് ബിരുദധാരിയായ മൂത്ത മകൾ എമി, ഭർത്താവ് സാമിനൊപ്പം ഗുവാഹട്ടി കേന്ദ്രീകരിച്ച വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇസാഫിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. രണ്ടാമത്തെ മകൻ അലോക് യുകെയിലെ വാർവിക്ക് യൂണിവേഴ്‌സിറ്റിയിൽ ബിഹേവിയറൽ ഇക്‌ണോമിക്‌സിൽ മാസ്‌റ്റേഴ്‌സ് ചെയ്യുന്നു. മൂന്നാമത്തെ മകൻ അഭിഷേക് 11 ാം ക്ലാസിലും നാലാമത്തെ മകൻ ആശിഷ് എട്ടാം ക്ലാസിലും പഠിക്കുന്നു.

ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ദൗത്യം

ഇസാഫ് ഒരു ദൈവികദർശനമാണെന്ന് വിശ്വസിക്കുന്നതായി ഇസാഫ് കോഓപറേറ്റീവ് സൊസൈറ്റിയുടെ ചെയർപേഴ്‌സൺ കൂടിയായ മെറീന പോൾ പറഞ്ഞു. സമൂഹത്തിലെ പാവപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ സ്ത്രീകളുടെ ഉന്നമനമായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. 26 വർഷം മുമ്പ് ഞങ്ങളുടെ വാടക വീട്ടിലായിരുന്നു ഇസാഫിന്റെ തുടക്കം. ഗ്രാമങ്ങളിൽ നിന്ന് രാഷ്ട്രത്തെ പടുത്തുയർത്തുക എന്നതായിരുന്നു ഇസാഫിന്റെ ആദ്യത്തെ കാമ്പൈയിൻ. സമൃദ്ധിയുടെ പക്ഷപാതത്തിനെതിരായ പോരാട്ടത്തിലാണ് ഇപ്പോൾ ഇസാഫ് സ്ഥാപനങ്ങങ്ങളെന്ന് അവർ പറഞ്ഞു.

പത്ത് സ്ത്രീകൾക്ക് 3000 രൂപ വെച്ച് വായ്പ നൽകിക്കൊണ്ടായിരുന്നു തുടക്കം. അവർ ചായപ്പീടിക, തയ്യൽക്കട തുടങ്ങിയ ചെറുകിട സംരംഭങ്ങൾ തുടങ്ങി. അവർ കൃത്യമായി തിരിച്ചടക്കുകയും ചെയ്തു. സമൂഹത്തിലെ ദാരിദ്ര്യം തുടച്ചുനീക്കാനും സ്ഥിരവരുമാനം ഉറപ്പാക്കാനും സ്വന്തം കാലിൽ നിർത്താനുമുള്ള ദൗത്യമാണ് ഇസാഫ് ഏറ്റെടുത്തിട്ടുള്ളത്.

നിരവധി പേരെ സംരംഭകരാക്കാനും അതു വഴി അനേകർക്ക് തൊഴിൽ കൊടുക്കാനും ഇസാഫ് സാധിച്ചു. ഇസാഫ് മൈക്രോഫിനാൻസിന്റെ പ്രവർത്തനം 2004 ൽ നാഗപ്പൂരിലേക്ക് വ്യാപിപ്പിച്ചു. ഇതേവരെ 27 ലക്ഷം പേർക്ക് ഇസാഫിന്റെ സേവനം ലഭ്യമാക്കിയെന്ന് മെറീന പോൾ ചൂണ്ടിക്കാട്ടി.