ബാങ്ക് ഓഫ് മഹാരാഷ്ട്രക്ക് 136 ശതമാനം അറ്റാദായം

Posted on: April 26, 2023


കൊച്ചി : ബാങ്ക് ഓഫ് മഹാരാഷ്ട്ര ഏറ്റവും ഉയര്‍ന്ന അറ്റാദായം ഈ ത്രൈമാസത്തില്‍ രേഖപ്പെടുത്തി. 840 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. പലിശ – പലിശേതര വരുമാനത്തിലെ കുതിപ്പാണ് ഈ നേട്ടത്തിന് കാരണമെന്ന് ബാങ്ക് എം ഡിയും സി.ഇ.ഒയുമായ എ.എസ്. രാജീവ് അറിയിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 136 ശതമാനം വളര്‍ച്ചയാണ് അറ്റാദായത്തില്‍ പ്രകടമായത്. കഴിഞ്ഞ വര്‍ഷം 355 കോടി രൂപയാണ് അറ്റാദായം രേഖപ്പെടുത്തിയത്.

ജൂണില്‍ അവസാനിക്കുന്ന അടുത്ത ത്രൈമാസത്തില്‍ 1000 കോടി രൂപ ഓഹരി വില്പനയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നതായി എം.ഡി. പറഞ്ഞു. ഓഹരിക്ക് 1.30 രൂപ വീതം ഡിവിഡന്റും ബാങ്ക് ബോര്‍ഡ് പ്രഖ്യാപിച്ചു. ഇതു കൂടാതെ വിപണി സാഹചര്യം കണക്കാക്കി ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ ( എഫ്.പി.ഒ) വഴിയോ ക്യാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് ( ക്യു.ഐ.പി) വഴിയോ മറ്റൊരു 1000 കോടി കൂടി ബാങ്ക് സമാഹരിക്കും. കഴിഞ്ഞ ത്രൈമാസത്തില്‍ത്തന്നെ 1000 കോടിയുടെ ഓഹരി വില് പനയ്ക്ക് ബാങ്ക് സന്നദ്ധമായിരുന്നു.

2024 സാമ്പത്തിക വര്‍ഷം ബാങ്ക് അഞ്ചു ലക്ഷം കോടിയുടെ ബിസിനസാണ് ലക്ഷ്യമിടുന്നത്. വായ്പയില്‍ 22 ശതമാനവും നിക്ഷേപത്തില്‍ 16 ശതമാനവും വളര്‍ച്ച പ്രതീക്ഷിക്കുന്നു. നിഷ്‌ക്രിയ ആസ്തികള്‍ 2.47 ശതമാനമായി കുറഞ്ഞു. മുന്‍ വര്‍ഷം ഇത് 3.94 ശതമാനമായിരുന്നു. അറ്റ എന്‍.പി.എയിലും 0.25 ശത മാനം ഇടിവുണ്ടായി. അറ്റ വായ്പാ മാര്‍ജിന്‍ 3.17 ശതമാനത്തില്‍ നിന്ന് 3.78 ശതമാനമായും ഉയര്‍ന്നു.

2023 – 24 വര്‍ഷത്തില്‍ 7500 കോടി രൂപയുടെ മൂലധന സമാഹരണവും ബാങ്ക് ലക്ഷ്യമിടുന്നുണ്ട്. വായ്പാ വരുമാനത്തില്‍ ബാങ്ക് 36 ശതമാനം വളര്‍ച്ചയോടെ 2157 കോടി രൂപയും രേഖപ്പെടുത്തി.