ലാഭത്തിലും വായ്പാ വളര്‍ച്ചയിലും ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാമത്

Posted on: May 26, 2023

കൊച്ചി : 2022-23 കാലയളവില്‍ വായ്പയുടെയും നിക്ഷേപത്തിന്റെയും വളര്‍ച്ചയുടെ കാര്യത്തില്‍ പൊതുമേഖലാ വായ്പാ ദാതാക്കളില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബിഒഎം) ഒന്നാമതെത്തി. ഈ വര്‍ഷം 126 ശതമാനം വളര്‍ച്ചയോടെ 2,602 കോടി രൂപയുമായി പൂനെ ആസ്ഥാനമായുള്ള ബാങ്ക് ലാഭക്ഷമതയിലും ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തി.

പൊതുമേഖലാ ബാങ്കുകളുടെ (പി എസ് ബി ) വാര്‍ഷിക കണക്കുകള്‍ പ്രകാരം, 2023 സാമ്പത്തിക വര്‍ഷത്തില്‍ 12 പൊതുമേഖലാ ബാങ്കുകളും ചേര്‍ന്ന് അറ്റാദായത്തില്‍ 57 ശതമാനം വര്‍ധന രേഖപ്പെടുത്തി 1,04,649 കോടി രൂപയായി. 2023 മാര്‍ച്ചില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര വായ്പയില്‍ 29.4 ശതമാനം കുതിച്ചുചാട്ടത്തോടെ 1,75,120 കോടി രൂപ രേഖപ്പെടുത്തി. തൊട്ടു പിന്നിലായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും യുകോ ബാങ്കും യഥാക്രമം 21.2 ശതമാനവും 20.6 ശതമാനവും വളര്‍ച്ച നേടി.

രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ് ബി ഐ യുടെ മൊത്തത്തിലുള്ള വായ്പകള്‍ ഏകദേശം 16 മടങ്ങ് ഉയര്‍ന്ന് 27,76,802 കോടി രൂപയായി. നിക്ഷേപ വളര്‍ച്ചയുടെ കാര്യത്തില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര 15.7 ശതമാനം വര്‍ധന രേഖപ്പെടുത്തുകയും 2023 മാര്‍ച്ച് അവസാനത്തോടെ 2,34,083 കോടി രൂപ സമാഹരിക്കുകയും ചെയ്തു.

കുറഞ്ഞ നിരക്കിലുള്ള കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് (കാസ) നിക്ഷേപത്തില്‍ 53.38 ശതമാനം നേടി ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാം സ്ഥാനം നിലനിര്‍ത്തി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (50.18 ശതമാനം) നേടി തൊട്ടുപിന്നിലുണ്ട്.

ബാങ്ക് ഓഫ് മഹാരാഷ്ട്ര മൊത്തത്തിലുള്ള ബിസിനസ് വളര്‍ച്ചയിലും ഒന്നാം സ്ഥാനത്താണ്, 21.2 ശതമാനത്തോടെ 4,09,202 കോടി രൂപ. റീട്ടെയില്‍-കാര്‍ഷിക-എംഎസ്എംഇ (റാം) വായ്പകളുടെ കാര്യത്തില്‍, ബാങ്ക് ഓഫ് മഹാരാഷ്ട്ര 24.06 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.