സിയാൽ ഓഹരികൾ ലിസ്റ്റ് ചെയ്യണമെന്ന് ചെറുകിട ഓഹരിയുടമകൾ

Posted on: July 27, 2019

കൊച്ചി : സിയാലിന്റെ ഓഹരികൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന ആവശ്യം വാർഷിക പൊതുയോഗത്തിൽ ഉന്നയിക്കാൻ ചെറുകിട ഓഹരിയുടമകൾ തയാറെടുക്കുന്നു. സെപ്റ്റംബർ 28 ന് എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ നടക്കുന്ന വാർഷിക പൊതുയോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നു സിയാൽ ഷെയർ ഹോൾഡേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹികൾ അറിയിച്ചു. ലിസ്റ്റ് ചെയ്യുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിൻറെ തീരുമാനം നിർണായകമാകും.

ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് (ഐപിഒ) നടത്തിയാൽ ചെറുകിട ഓഹരി ഉടമകൾക്ക് തങ്ങളുടെ കൈവശമുള്ള ഓഹരികൾക്ക് മെച്ചപ്പെട്ട വില ലഭിക്കാൻ ഇടയാകും. ഇപ്പോൾ സിയാലിന്റെ ഒരു ഓഹരിക്ക് വിപണിയിൽ 200 മുതൽ 250 രൂപ വരെ് ലഭ്യമാകുന്നുണ്ട്. സിയാൽ ഓഹരികൾ ലിസ്റ്റ് ചെയ്യപ്പെട്ടാൽ വില 300 മുതൽ 500 രൂപ വരെയായി ഉയരും.

മുപ്പത് രാജ്യങ്ങളിൽ നിന്നായി 18,000 ൽപ്പരം ചെറുകിട ഓഹരിയുടമകളാണ് സിയാലിനുള്ളത്. നെടുമ്പാശേരി വിമാനത്താവള കമ്പനിയുടെ 34.42 ശതമാനം ഓഹരികൾ കൈവശമുള്ള സംസ്ഥാന സർക്കാരാണ് സിയാലിലെ ഏറ്റവും വലിയ ഓഹരിയുടമ. ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലിക്ക് പത്ത് ശതമാനത്തിനടുത്ത് ഓഹരികളുണ്ട്. അടുത്തിടെയാണ് ലുലു ഗ്രൂപ്പ് സിയാലിൽ അവരുടെ ഓഹരിവിഹിതം വർധിപ്പിച്ചത്.

സിന്തൈറ്റ് ഇൻഡസ്ട്രീസ്, ഭാരത് പെട്രോളിയം, ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെൻറ് കോർപറേഷൻ, എയർ ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവരാണ് സിയാലിലെ മറ്റ് വലിയ ഓഹരിയുടമകൾ. ചെറുകിട ഓഹരിയുടമകൾക്ക് പത്തു ശതമാനത്തിനടുത്ത് ഓഹരികളാണുള്ളത്. കുറഞ്ഞ തുകയ്ക്ക് ഓഹരികൾ വാങ്ങിക്കൂട്ടാൻ വൻകിടക്കാരെ സഹായിക്കുന്നതിനാണ് സിയാൽ ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്യാൻ വൈകിപ്പിക്കുന്നതെന്ന് ഒരു വിഭാഗം ഓഹരിയുടമകൾ ആരോപിക്കുന്നു.