മാരുതി സുസുക്കിക്ക് 2,484 കോടി രൂപ അറ്റാദായം

Posted on: October 27, 2017

ന്യൂഡൽഹി : മാരുതി സുസുക്കി സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 2,484.3 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ 2,401.5 കോടി രൂപയായിരുന്നു അറ്റാദായം. 3.44 ശതമാനം വളർച്ച കൈവരിച്ചു. നികുതിക്ക് മുമ്പുള്ള ലാഭം 9.2 ശതമാനം വർധിച്ച് 3,502.90 കോടി രൂപയായി.

നടപ്പ് സാമ്പത്തികവർഷം രണ്ടാം ക്വാർട്ടറിൽ 21,438 കോടി രൂപയാണ് വിറ്റുവരവ്. വില്പന വോള്യം 17.6 ശതമാനം വർധിച്ച് 4,92,118 യൂണിറ്റുകളായി. രണ്ടാം ക്വാർട്ടറിൽ മാർജിൻ 17.2 ശതമാനമായി കുറഞ്ഞു. മുൻവർഷം ഇതേകാലയളവിൽ 17.3 ശതമാനമായിരുന്നു മാർജിൻ.

ബ്രെസ, ബെലേനോ, സിയാസ്, ഡിസയർ എന്നിവയുടെ ഉയർന്ന ഡിമാൻഡും ഗുജറാത്ത് പ്ലാന്റ പ്രവർത്തനക്ഷമമായതിലൂടെ ഉത്പാദനശേഷി വർധിച്ചതും ഗ്രാമീണ വിപണികളിൽ നിന്നുള്ള ഡിമാൻഡും കമ്പനിയുടെ വളർച്ചയ്ക്ക് ഗുണകരമായി.