സൗത്ത് ഇന്ത്യൻ ബാങ്കിന് ഒന്നാം ക്വാർട്ടറിൽ 95.06 കോടി രൂപ അറ്റാദായം

Posted on: July 9, 2016

SIB-88th-General-body-Thris

തൃശൂർ : സൗത്ത് ഇന്ത്യൻ ബാങ്കിന് നടപ്പ് സാമ്പത്തികവർഷത്തിലെ (2016-2017) ഒന്നാം ക്വാർട്ടറിൽ 45.60 ശതമാനം അറ്റാദായവളർച്ച. 95.06 കോടി രൂപയാണ് അറ്റാദായം. മുൻ വർഷം ഇതേ കാലയളവിൽ അറ്റാദായം 65.29 കോടിയായിരുന്നു.

മൊത്തം വായ്പകൾ 3,204 കോടി രൂപ വർധിച്ച് 42,024 കോടി രൂപയായി. കാർഷിക, എസ്എംഇ വായ്പകൾ, ഭവന വായ്പകൾ, വാഹന വായ്പകൾ തുടങ്ങിയവ് വളർച്ചയിലേക്ക് നയിച്ചു. മൊത്തം നിഷ്‌ക്രിയ ആസ്തിയിൽ മാറ്റമില്ല. കാർഷിക, എസ്എംഇ വായ്പകൾ കഴിഞ്ഞവർഷത്തെ ആദ്യക്വാർട്ടറിനേക്കാൾ 22 ശതമാനം വർധിച്ചു. ഭവന, വാഹന വായ്പാ എന്നിവ യഥാക്രമം 19 ശതമാനം, 28 ശതമാനം വർധിച്ചു.

നിക്ഷേപങ്ങൾ 5,565 കോടി രൂപയുടെ വർധനയോടെ 57,889 കോടി രൂപയായി. കാസ 1,798 കോടി രൂപ വർധിച്ച് 13,454 കോടി രൂപയായി. മൊത്തം നിക്ഷേപങ്ങളുടെ 23.24 ശതമാനമാണ് കാസ. മൊത്തം നിക്ഷേപങ്ങളുടെ 25.95 ശതമാനമാണ് പ്രവാസി നിക്ഷേപങ്ങൾ (മുമ്പ് 23.31 ശതമാനമായിരുന്നു).

ബാങ്കിന്റെ മൊത്തം ബിസിനസ് 8,769 കോടി രൂപ വർധിച്ച് 99,913 കോടി രൂപയായി. 9.62 ശതമാനം വളർച്ച കൈവരിച്ചു. നടപ്പു സാമ്പത്തികവർഷത്തിന്റെ ആദ്യക്വാർട്ടറിൽ ബാങ്കിന്റെ പ്രവർത്തന ലാഭത്തിൽ 78.60 കോടി രൂപയുടെ വർധനയും (43.45 ശതമാനം) നികുതിക്കു ശേഷമുള്ള ലാഭത്തിൽ 29.77 കോടി രൂപ വർധനയും ഉണ്ടായതായി ബാങ്കിന്റെ എംഡിയും സിഇഒയുമായ വി.ജി. മാത്യു തൃശൂരിൽ പറഞ്ഞു.

വെല്ലുവിളികൾ നേരിടുന്ന സാമ്പത്തിക അന്തരീക്ഷത്തിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ ബാങ്കിനു സാധിച്ചതു റീട്ടെയിൽ വായ്പകളിലും സിഎഎസ്എയിലും ശ്രദ്ധയൂന്നി ബാങ്ക് നടത്തിയ തന്ത്രപ്രധാനമായ ചുവടുമാറ്റത്തിന്റെ ഫലമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്മർദമുള്ള ആസ്തികൾ ക്രമാനുഗതമായി കുറച്ചു കൊണ്ടുവന്നതിന്റെ ഫലമായി കോർപറേറ്റ് മേഖലയിലെ ആസ്തി ഗുണമേന്മാ സമ്മർദ്ദം ഗണ്യമായി കുറഞ്ഞു.ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 2016 ജൂൺ 30 ലെ കണക്കുകൾ പ്രകാരം 11.68 ശതമാനമാണ്.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 88 മത് വാർഷിക പൊതുയോഗം ഇന്നലെ തൃശൂർ കാസിനോ കൾച്ചറൽ ഓഡിറ്റോറിയത്തിൽ നടന്നു.