സൗത്ത് ഇന്ത്യന്‍ ബാങ്കിന് 6.79 കോടി രൂപ അറ്റാദായം

Posted on: May 22, 2021

കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്ക് 2021 മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസത്തില്‍ 6.79 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 143.69 കോടി രൂപയുടെ അറ്റ് നഷ്ടത്തിലായിരുന്നു. 2020 ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 91.62 കോടി രൂപയുടെ അറ്റ നഷ്ടമായിരുന്നു.

2021 ജനുവരി-മാര്‍ച്ച് ത്രൈമാസത്തെ മൊത്തം വരുമാനം 10.4 ശതമാനം ഇടിഞ്ഞ് 2, 341.88കോടി രൂപയിലെത്തി. ബാങ്കിന്റെ കിട്ടാക്കടം മൊത്തം വായ്പയുടെ 6.97 ശതമാനമായി കുതിച്ചുയര്‍ന്നു. അറ്റ നിഷ്‌ക്രിയ ആസ്തി 4.71 ശതമാനമായും ഉയര്‍ന്നു.

അതേസമയം, കിട്ടാക്കടത്തിനായുള്ള വകയിരുത്തല്‍ 723.80 കോടി രൂപയില്‍നിന്ന് 412.29 കോടി രൂപയായി കുറച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തെ ബാങ്കിന്റെ വാര്‍ഷിക അറ്റാദായം 104.59 കോടിയില്‍നിന്ന് 61.91 കോടി രൂപയായി കുറഞ്ഞു. 41 ശതമാനം ഇടിവ്. മൊത്തംവരുമാനം 8,809.5 കോടിയില്‍നിന്ന് 8, 490.93
കോടി രൂപയായും ഇടിഞ്ഞു.

കോവിഡ് പ്രതിസന്ധി ബാങ്കിന്റെ വളര്‍ച്ചാ ലക്ഷ്യങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍, കാര്‍ഷിക വായ്പ, സ്വര്‍ണപ്പണയം എന്നീ മേഖലകളില്‍ മികച്ച വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കോര്‍പ്പറേറ്റ് വാഷ്ടകളിലുള്ള ശ്രദ്ധ കുറച്ച് എം.എസ്.എം.ഇ., കാര്‍ഷിക, റീട്ടെയില്‍ വായ്പകള്‍ക്ക് ഊന്നല്‍ നല്‍കുന്ന സമീപനം തുടരും.

മൊത്തം വായ്പയില്‍ കോര്‍പ്പറേറ്റ് വായ്പയുടെ വിഹിതം 28 ശതമാനത്തില്‍നിന്ന് 25 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിഷന്‍ 2024 വളര്‍ച്ചാ ലക്ഷ്യവുമായി മുന്നോട്ടുപോകുമെന്നും സുസ്ഥിരമായി മുന്നേറാനാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്നും മുരളി രാമകൃഷ്ണന്‍ പറഞ്ഞു.