കൊവിഡിനിടയിലും 36 കോടി നിക്ഷേപം നേടി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍

Posted on: September 13, 2021

തിരുവനന്തപുരം : കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ മേല്‍നോട്ടത്തില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളായ ഫാര്‍മേഴ്‌സ് ഫ്രെഷ് സോണും ക്ലൂട്രാക്കും 36 കോടി രൂപയുടെ നിക്ഷേപം നേടി. ലോകത്താകമാനം കൊവിഡ് മഹാമാരി പ്രത്യാഘാതം സൃഷ്ടിക്കുമ്പോഴും സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗസ്റ്റില്‍ വന്‍നിക്ഷേപമാണ് സ്വന്തമാക്കാനായത്.

ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ തത്സമയം മനസ്സിലാക്കാന്‍ ബ്രാന്‍ഡുകളെ സഹായിക്കുന്ന വിശകലന പ്ലാറ്റ് ഫോമായ ക്ലൂട്രാക്കാണ് 30 കോടി രൂപയുടെ നിക്ഷേപം നേടിയത്. കര്‍ഷകരില്‍ നിന്നും നേരിട്ട് കാര്‍ഷികോത്പന്നങ്ങള്‍ സംഭരിച്ച് ഓണ്‍ലൈന്‍ വിപണിയിലെത്തിക്കുന്ന കാര്‍ഷിക സ്റ്റാര്‍ട്ടപ്പായ ഫാര്‍മേഴ്‌സ് ഫ്രെഷ് സോണ്‍ ആറ് കോടി രൂപയുടെ നിക്ഷേപവും കരസ്ഥമാക്കി.

ഇന്‍വെന്റസ് ക്യാപ്പിറ്റല്‍ ഇന്ത്യ, നിലവിലെ നിക്ഷേപകരായ യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സ്, ഐഎഎന്‍ ഫണ്ട്, സലാമാണ്ടര്‍ എക്‌സ്‌കുബേറ്റര്‍ എയ്ഞ്ചല്‍ ഫണ്ട് എന്നിവയും ജിഫി.എഐ സിഇഒ ബാബു സദാശിവനും ചേര്‍ന്ന് നയിച്ച സീരീസ് എ ഫണ്ടിംഗിലാണ് ക്ലൂട്രാക്കിന് നേട്ടമുണ്ടായത്. ആകെ 4.6 മില്യണ്‍ ഡോളര്‍ ക്ലൂട്രാക്കിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഷമീല്‍ അബ്ദുള്ളയും സുബ്ബകൃഷ്ണ റാവുവും ചേര്‍ന്ന് 2017 ലാണ് ക്ലൂട്രാക്കിന് തുടക്കമിട്ടത്.

നിക്ഷേപത്തുകയുടെ ഭൂരിഭാഗവും ഉത്പന്ന വികസനത്തിനായി ഉപയോഗിക്കുമെന്നും സാധ്യമായ ഇടങ്ങളില്‍ നിന്നും വിവരശേഖരണത്തിനാണ് തുടര്‍ന്നുള്ള ശ്രമമെന്നും ഷമീല്‍ അബുദുള്ള പറഞ്ഞു.

ബാങ്കിംഗ്, ഓട്ടോമോട്ടീവ്, ട്രാവല്‍, മൊബൈല്‍ ആപ്പ് അധിഷ്ഠിത സേവന മേഖലകളിലാണ് നൂറ്റിയന്‍പതിലധികം ഉപഭോക്താക്കളുമായി ക്ലൂട്രാക്ക് പ്രവര്‍ത്തിക്കുന്നത്. ചില്ലറ വ്യാപാരമേഖലയിലും ഉപഭോക്താക്കളുമായി നേരിട്ടും സ്ഥാപനത്തിന് ബന്ധമുണ്ട്. പ്രധാനമായും ഇന്ത്യയിലാണ് പ്രവര്‍ത്തനമെങ്കിലും അമേരിക്കയിലും യൂറോപ്പിലും സ്ഥാപനത്തിന് സാന്നിദ്ധ്യമുണ്ട്.

ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ് വര്‍ക്ക് (ഐഎഎന്‍) നയിച്ച റൗണ്ടില്‍ ഐഎഎന്‍ ഫണ്ട്, മലബാര്‍ എയ്ഞ്ചല്‍ നെറ്റ് വര്‍ക്ക്, നേറ്റീവ് എയ്ഞ്ചല്‍ നെറ്റ് വര്‍ക്ക് എന്നിവ പങ്കെടുത്ത പ്രീസീരീസ് എ റൗണ്ടിലാണ് ഫാര്‍മേഴ്‌സ് ഫ്രെഷ് സോണ്‍ നിക്ഷേപം നേടിയത്. ഇതുവരെ 8.5 കോടി രൂപയുടെ നിക്ഷേപം ഈ സ്റ്റാര്‍ട്ടപ്പ് നേടിയിട്ടുണ്ട്. പ്രാരംഭത്തില്‍ എഞ്ചിനീയറും പിന്നീട് കാര്‍ഷിക സംരംഭകനുമായി മാറിയ പ്രദീപ് പിഎസ് ആണ് 2015 ല്‍ സ്ഥാപനത്തിന് തുടക്കമിട്ടത്.