ബ്രേക്ക് ദി ചെയിന്‍ : ബ്ലോക്ക് ചെയിന്‍ അക്കാദമി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നു

Posted on: May 18, 2020

തിരുവനന്തപുരം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി-കേരള (ഐഐഐടിഎം-കെ)യ്ക്ക് കീഴിലുള്ള കേരള ബ്ലോക്ക് ചെയിന്‍ അക്കാദമി(കെബിഎ) ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിച്ചു.

സിബിഎ ഓണ്‍ലൈന്‍ പ്രോഗ്രാം എന്ന കോഴ്‌സിലൂടെ വിദ്യാര്‍ത്ഥികള്‍, ഡെവലപ്പമാര്‍, സംരംഭകര്‍, ബിസിനസ് അനലിസ്റ്റുകള്‍ തുടങ്ങി ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയുടെ ആഗോളതലത്തിലുള്ള ശേഷി ഉപയോഗപ്പെടുത്താനാഗ്രഹിക്കുന്ന ആര്‍ക്കും ഈ സാങ്കേതിക വിദ്യയില്‍ പരിശീലനം നേടാനാകും. ബാങ്കിംഗ്, ആരോഗ്യം, പൊതുഭരണം, ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം, സ്മാര്‍ട്ട്‌സിറ്റികള്‍, പ്രദാന ശൃംഖല തുടങ്ങി വിവിധ മേഖലകളില്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനാകും.

കൊറോണ വൈറസിനെ തടയുന്നതിനായി സ്വീകരിച്ച ബ്രേക്ക് ദി ചെയിന്‍ എന്ന പ്രമേയത്തില്‍ അധിഷ്ഠിതമായാണ് ബ്ലോക്ക് ചെയിന്‍ വിജ്ഞാനം ഓണ്‍ലൈനായി നല്‍കാന്‍ തീരുമാനിച്ചതെന്ന് കെബിഎ അധികൃതര്‍ പറഞ്ഞു. ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയെക്കുറിച്ച് അജ്ഞരായവര്‍ക്കും കുറച്ചെങ്കിലും വിവരമുള്ളവര്‍ക്കും 30 മണിക്കൂറുകളുള്ള ഈ കോഴ്‌സ് ഗുണം ചെയ്യും.

ബ്ലോക്ക് ചെയിനിന്റെ ചരിത്രം, വിവിധ ഇടപാടുകളില്‍ അവയുടെ ഉപയോഗം തുടങ്ങിയവ കോഴ്‌സിന്റെ ഭാഗമാണ്. ഇതു കൂടാതെ ബിറ്റ് കോയിന്‍, ഇതേറിയം, ഹൈപ്പര്‍ലെഡ്ജര്‍, കോര്‍ഡ തുടങ്ങിയ സാങ്കേതികവിദ്യകളെ മനസിലാക്കാനും സാധിക്കും. ബ്ലോക്ക് ചെയിന്‍ എങ്ങിനെയാണ് വ്യത്യസ്തമായ വ്യവസായങ്ങളില്‍ ഉപയോഗിക്കുന്നതെന്നും മനസിലാക്കാം.

ബ്ലോക്ക് ചെയിന്‍ അക്കാദമിയുടെ ആദ്യ ഓണ്‍ലൈന്‍ കോഴ്‌സാണിത്. കൊവിഡ്19 നിമിത്തം ബ്ലോക്ക് ചെയിന്‍ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ ആവശ്യകത നാള്‍ക്കുനാള്‍ ഉയര്‍ന്നു വരുന്ന കാലത്താണ് ഇത്തരമൊരു കോഴ്‌സുമായി കെബിഎ മുന്നോട്ടു വരുന്നത്.

ബ്ലോക്ക് ചെയിന്‍ രംഗത്തെ പ്രാഥമിക കോഴ്‌സ് മുതല്‍ ആധുനിക ഡവലപ്പര്‍ കോഴ്‌സുകള്‍ വരെ കെബിഎ നടത്തുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്- https://elearning.kba.ai.