കെബിഎഐസി-ഡിസെൻട്രലൈസ്ഡ് ഇന്ത്യ ചാപ്റ്റർ ഉദ്ഘാടനം ആറിന്

Posted on: September 1, 2019

തിരുവനന്തപുരം : ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യയുടെ ആഗോള സാധ്യതകൾ പൊതു സമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിനായി ഐഐഐടിഎം-കെയുടെ കീഴിലുള്ള കേരള ബ്ലോക്‌ചെയിൻ അക്കാദമി കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേരള ബ്ലോക്‌ചെയിൻ ഇന്നൊവേഷൻ ക്ലബുകൾ ആരംഭിക്കുന്നു.

ക്ലബുകൾക്ക് രാജ്യാന്തര പ്രാധാന്യം കൈവരുന്ന തരത്തിൽ കെബിഎഐസി സൈപ്രസിലെ നിക്കോഷ്യ സർവകലാശാല, സൈപ്രസിലെ തന്നെ ബ്ലോക്‌ചെയിൻ സ്റ്റാർട്ടപ്പായ ബ്ലോക്.കോ എന്നിവയുമായി സഹകരിച്ച് ഡിസെൻട്രലൈസ്ഡ് എന്ന ആഗോള ബ്ലോക്‌ചെയിൻ വിദ്യാർഥി ശൃംഖലയുടെ ഇന്ത്യ ചാപ്റ്റർ രൂപീകരിക്കാൻ തീരുമാനിച്ചു. കെബിഎഐസി-ഡിസെൻട്രലൈസ്ഡ് എന്ന പേരിലുള്ള ഈ ചാപ്റ്ററിലൂടെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള ബ്ലോക്‌ചെയിൻ വിദഗ്ധരുമായി സഹകരിക്കാൻ കഴിയും. നിക്കോഷ്യ സർവകലാശാലയാണ് ഡിസെൻട്രലൈസ്ഡ് ചാപ്റ്ററുകൾ ആഗോള വ്യാപകമായി ഏകോപിപ്പിക്കുന്നത്.

കെബിഎഐസി-ഡിസെൻട്രലൈസ്ഡ് ഇന്ത്യ ചാപ്റ്ററിൻറെ ഉദ്ഘാടനം ടെക്‌നോപാർക്കിലെ സി-ഡാക്ക് ഓഡിറ്റോറിയത്തിൽ സെപ്തംബർ ആറ് വെള്ളിയാഴ്ച രണ്ടു മണിക്ക് ഉദ്ഘാടനം ചെയ്യും. മദ്രാസ് ഐഐടി പ്രഫ. ഡോ. ചന്ദ്രശേഖരൻ പാണ്ഡുരംഗൻ മുഖ്യപ്രഭാഷണം നടത്തും. കെഎസ് യുഎം സിഇഒ ഡോ. സജി ഗോപിനാഥ്, ഐഐഐടിഎം-കെയിലെ കെബിഎ പ്രഫ. ഇൻ ചാർജ് ഡോ. അഷ്‌റഫ് എസ് എന്നിവരും പങ്കെടുക്കും.

നിക്കോഷ്യ യൂണിവേഴ്‌സിറ്റി സിഇഒ അൻറോണിസ് പോളിമിറ്റിസ്, നിക്കോഷ്യ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ബിസിനസ് അസോസിയേറ്റ് ഡീനും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ ഫ്യൂച്ചർ ഡയറക്ടറുമായ പ്രഫ. മറീനോസ് തെമിസ്‌തോക്ലിയോസ്, ബ്ലോക്.കൊ സിഇഒ അലെക്‌സിസ് നിക്കോളോ എന്നിവർ ഓൺലൈനായും പരിപാടിയിൽ ചേരും.

ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യയിൽ ഏഷ്യയിലെ കേന്ദ്രീകൃത ശക്തിയായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കെബിഎയുടെ സംരംഭങ്ങൾക്ക് മേഖലയിലെ പ്രമുഖ സർവകലാശാലയുമായുള്ള സഹകരണം കരുത്തേകും. കേരള സ്റ്റാർട്ടപ് മിഷനുമായി സഹകരിച്ച് വിദ്യാർത്ഥികൾക്കും രാജ്യത്തെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യയുടെ സാധ്യതകൾ തേടുന്നതിനും വിദഗ്ധരുമായി പ്രവർത്തിക്കുന്നതിനും വിവിധ പദ്ധതികളിൽ പരീക്ഷണങ്ങൾ നടത്തുന്നതിനും അവസരം നൽകുന്നതിനാണ് കെബിഎഐസി മുൻതൂക്കം നൽകുന്നത്.

കെബിഎഐസി അംഗത്വം സൗജന്യമാണ്. അംഗങ്ങളായ സ്ഥാപനങ്ങളിൽ ശിൽപശാല, സെമിനാർ, ഫാക്കൽറ്റി വികസന പരിപാടികൾ, ഹാക്കത്തോണുകൾ, ഇൻറേൺഷിപ്പുകൾ എന്നിവ നടത്തും.

കെഎസ് യുഎമ്മിൻറെ കീഴിൽ കോളജുകളിലുള്ള ഇന്നൊവേഷൻ ആൻഡ് ഓൻട്രപ്രണർഷിപ്പ് ഡവലപ്‌മെൻറ് സെൽ വഴി ബ്ലോക്‌ചെയിൻ മേഖലയിലെ നൂതന പ്രവണതകൾ പരിചയപ്പെടുത്തുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും കെബിഎഐസി ഊന്നൽ നൽകും.

ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യയെ പൊതുനൻമയ്ക്കായി മാറ്റുകയെന്ന ലക്ഷ്യം മുൻനിർത്തി 2017 ൽ സ്ഥാപിതമായ കെബിഎ ബ്ലോക് ചെയിൻസാങ്കേതിക വിദ്യയിലെ വിവിധ വിഭാഗങ്ങളിലായി 1000 വിദ്യാർത്ഥികൾക്ക് ഇതിനോടകം പരിശീലനം നൽകിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ സൗജന്യമാണ്. ടിക്കറ്റുകൾക്കും വിശദവിവരങ്ങൾക്കും ഫോൺ 0471 2784145/154.