കൊവിഡ് 19: ശാസ്ത്രീയ വിവരങ്ങള്‍ നല്‍കാന്‍ ഐഐഐടിഎം-കെയുടെ വിലോകന സെര്‍ച്ച് എന്‍ജിന്‍

Posted on: April 24, 2020

തിരുവനന്തപുരം: കൊവിഡ് 19 മഹാമാരിയുടെ ശാസ്ത്രീയ വിവരങ്ങളും പഠനങ്ങളും ലഭ്യമാക്കാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്-കേരള (ഐഐഐടിഎം-കെ) www.vilokana.in എന്ന സെര്‍ച്ച് എന്‍ജിന്‍ വികസിപ്പിച്ചു.

കണ്ടെത്തുക എന്നര്‍ഥം വരുന്ന സംസ്‌കൃത പദമാണ് ഈ നിര്‍മ്മിതബുദ്ധി (എഐ) അധിഷ്ഠിത സെമാന്റിക് സെര്‍ച്ച് എന്‍ജിന് പേരായി നല്‍കിയിരിക്കുന്നത്. സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് ന്യൂറോമോര്‍ഫിക് സിസ്റ്റംസ് (ന്യൂറോ എജിഐ) പ്രൊഫസര്‍ ഡോ. എ.പി ജെയിംസിന്റെ നേതൃത്വത്തില്‍ സ്ഥാപനത്തിന്റെ ശാസ്ത്രീയ ദൗത്യങ്ങളുടെ ഭാഗമായാണ് ഐഐഐടിഎം-കെ സെര്‍ച്ച് എന്‍ജിന് രൂപം നല്‍കിയത്.

ശാസ്ത്രീയവും കൃത്യവുമായ വിവരങ്ങള്‍ ഇതിലൂടെ കണ്ടെത്താനാകും. ശാസ്ത്രീയ പഠനങ്ങളിലെ സങ്കീര്‍ണവും അതേസമയം സുപ്രധാനവുമായ വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ക്കും സാധാരണ ജനങ്ങള്‍ക്കും ലഭ്യമാകുന്നത് ഇപ്പോള്‍ വളരെ പ്രയാസകരമാണ്. ഈ പോരായ്മ പരിഹരിക്കാന്‍ വിലോകന-യ്ക്ക് കഴിയും.

നിര്‍മ്മിതബുദ്ധി ഉപയോഗിച്ചുള്ള ഈ സാങ്കേതികവിദ്യക്ക് കരുത്തേകിയ സംഘത്തില്‍ ശ്രീജിത്പഞ്ച, ഡോ.അക്ഷയ്മാന്‍ എന്നിവരാണുള്ളത്. ഇവരാണ് സെര്‍ച്ച് എന്‍ജിനെക്കുറിച്ചുള്ള ഗവേഷണ ലേഖനം തയ്യാറാക്കുന്നത്.

കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള എഐ ടൂള്‍ എന്ന നിലയില്‍, ഗവേഷക സൃഷ്ടികളില്‍ നിന്ന് സന്ദര്‍ഭാടിസ്ഥാനത്തില്‍ ആഴത്തിലുള്ള വിവരങ്ങള്‍ ലഭ്യമാക്കാനുള്ള മികച്ച ദൗത്യമാണിതെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒയും ഐഐഐടിഎം-കെ ഡയറക്ടറുമായ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

കീവേഡ് അടിസ്ഥാനത്തിലുള്ള തെരച്ചിലിനുപുറമെ വിശകലനത്തിനും പുതിയ വിവരങ്ങള്‍ കണ്ടെത്തുന്നതിനുമായി ശാസ്ത്രീയ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള ഓപ്ഷനും ഇതിലുണ്ട്. പുതിയ കീവേഡുകള്‍ കണ്ടുപിടിക്കുക, കൂടുതല്‍ ജനകീയമായ വിവരങ്ങള്‍ മനസിലാക്കുകയും പഠനവിധേയമാക്കുകയും ചെയ്യുക, വിവരങ്ങള്‍ സംഗ്രഹിക്കുക, പുത്തന്‍ പ്രവണതകള്‍ മനസിലാക്കുക എന്നിവയ്ക്കുകൂടി പ്രയോജനപ്പെടുന്ന തരത്തിലാണ് സെര്‍ച്ച് എന്‍ജിന്‍ തയാറാക്കിയിരിക്കുന്നത്.