കോവിഡ് രോഗികൾക്ക് മരുന്നും ഭക്ഷണവും എത്തിക്കാൻ നൈറ്റിംഗേൽ 19 റോബോട്ട്

Posted on: April 20, 2020

കോവിഡ് രോഗികൾക്ക് മരുന്നും ഭക്ഷണവും എത്തിക്കാൻ നൈറ്റിംഗേൽ 19 റോബോട്ടുമായി കണ്ണൂർ ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിംഗ് കോളജിലെ വിദ്യാർത്ഥികൾ. കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററിലാണ് ആരോഗ്യപ്രവർത്തകരെ സഹായിക്കാൻ നൈറ്റിംഗേൽ 19 റോബോട്ടിനെ അവതരിപ്പിച്ചിട്ടുള്ളത്. ചൈനയിലെ വുഹാനിൽ കോവിഡ് രോഗികൾക്ക് ഭക്ഷണവും മരുന്നും എത്തിക്കാൻ റോബോട്ടുകളെ നിയോഗിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും ഈ മാതൃക സ്വീകരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

ആറ് പേർക്കുള്ള ഭക്ഷണവും മരുന്നും അല്ലെങ്കിൽ 25 കിലോഗ്രാം ഭാരം വരെ വഹിക്കാനുള്ള ശേഷി നൈറ്റിംഗേൽ 19 റോബോട്ടിനുണ്ട്. റിമോട്ട് കൺട്രോളിലൂടെ ഒരു കിലോമീറ്ററോളം റോബോട്ടിനെ നിയന്ത്രിക്കാനാകും. ഭക്ഷണവും മരുന്നും ലോഡ് ചെയ്താൽ റോബോട്ട് കൃത്യമായി ഓരോരുത്തരുടെയും അടുത്ത് എത്തിക്കും. തിരികെ വന്നാൽ ഉടനെ റോബോട്ടിനെ അണുവിമുക്തമാക്കിയ ശേഷം വീണ്ടും ഉപയോഗിക്കാനുമാകും.

ഇതിനു പുറമെ നൈറ്റിംഗേൽ 19 റോബോട്ടിലുള്ള വീഡിയോ സ്‌ക്രീനിലുൂടെ ആരോഗ്യപ്രവർത്തകർക്ക് രോഗികളുമായി സംസാരിക്കാനും കഴിയും. നൈറ്റിംഗേൽ 19 റോബോട്ടിന്റെ പ്രവർത്തനോദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ തിരുവനന്തപുരത്ത് നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു.

നേരത്തെ വിമൽ ജ്യോതിയിലെ ഇലക്ട്രിക്കൽ നാലാം സെമസ്റ്റർ വിദ്യാർത്ഥിയായ ശരൺ രത്‌നകുമാർ കുപ്പിയിൽ തൊടാതെ കൈ അണുവിമുക്തമാക്കാൻ സഹായിക്കുന്ന റോബോ സാനിറ്റൈസർ നിർമ്മിച്ച് ശ്രദ്ധേയനായി. കോവിഡ് ഗുരുതരമായ രോഗികളുടെ ജീവൻ നിലനിർത്താൻ ഉതകുന്ന മിനി വെന്റിലേറ്റർ മാതൃകയും വിമൽ ജ്യോതി എൻജിനീയറിംഗ് കോളജിലെ വിദ്യാർത്ഥികൾ വികസിപ്പിച്ചിരുന്നു.