യന്ത്രമനുഷ്യന്റെ കൈപിടിച്ച് വിജയത്തിലേക്ക്

Posted on: December 26, 2018

   

റോബോട്ടുകൾ ഇന്ന് സിനിമയിൽ മാത്രമല്ല, അനുദിന ജീവിതത്തിന്റെ ഭാഗം കൂടിയാണ്. കളമശേരി കിൻഫ്രാ പാർക്കിൽ ജയകൃഷ്ണൻ ടി. അസിമോവ് റോബോട്ടിക്‌സ് എന്ന സ്റ്റാർട്ടപ്പ് ആരംഭിക്കുമ്പോൾ റോബോട്ടുകൾ മലയാളികൾക്ക് സുപരിചിതമല്ലായിരുന്നു. എൻജനിയറിംഗ് വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ റോബോട്ടേിക്‌സ് പ്രോജക്ട് സബ്‌ജെക്ടായി ജയകൃഷ്ണൻ പഠനം നടത്തിയിരുന്നു. ഇന്റർനെറ്റ് സജീവമാകാൻ തുടങ്ങിയ കാലം. തുടർന്ന് ടെക്‌നോപാർക്കിൽ ടാറ്റാ എൽഎക്‌സി യിൽ ജോലിക്ക് കയറിയെങ്കിലും റോബോട്ടിക്‌സിലെ ഉപരിപഠനവും റിസേർച്ചുമായിരുന്നു മനസിൽ. അതിനുവേണ്ടിയുള്ള അന്വേഷണത്തിന്റെ ഒടുവിലാണ് യു എസ് കമ്പനിയിൽ ജോലിക്ക് കയറുന്നത്. റോബോട്ടിക്‌സിൽ റിസേർച്ചിനുള്ള സൗകര്യം ചെയ്തു തരാമെന്നു കമ്പനി പറഞ്ഞപ്പോൾ ജോലി സ്വീകരിക്കുകയായിരുന്നു.
.

2006 അവസാനമായപ്പോഴേക്കും അഞ്ച് യൂണിറ്റ് കയറ്റി അയയച്ചു. അമേരിക്ക, ചൈന തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് 250 റോബോട്ട് ആമുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്. യു എസ് കമ്പനിയായതുകൊണ്ട് ഇന്ത്യൻ ഡിഫൻസിൽ നിന്നും സ്‌പേസിൽ നിന്നും അന്വേഷണം വന്നു. യു എസ് കമ്പനിയുമായി സഹകരിക്കാൻ പാടില്ല എന്നു പറഞ്ഞു. അങ്ങനെ ആ ബന്ധം അവസാനിച്ചെങ്കിലും റോബോട്ട് നിർമാണത്തിൽ നിന്നും പിന്മാറിയില്ല.

ആസിമോവിന്റെ പിറവി

റോബോട്ടിക്‌സ് ആമുകൾ നിർമ്മിക്കുന്നതിൽ നിന്ന് സർവീസ് റോബോട്ട്‌സിന്റെ നിർമാണമായിരുന്നു ജയകൃഷ്ണൻ റിസർച്ച് ചെയ്തുകൊണ്ടിരുന്നത്. അങ്ങനെ 2012 ൽ ആസിമോവ് റോബോട്ടിക്‌സ് തുടങ്ങി. 2013 ൽ ഇസ്ര എന്ന സർവീസ് റോബോട്ട് അവതരിപ്പിച്ചു ആസിമോവ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഭാഗമായി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് ഉദ്ഘാടനം നിർവഹിച്ചത്. അന്ന് ഇസ്ര എന്ന റോബോട്ടാണ് പൂച്ചെണ്ടു നല്കി അദേഹത്തെ സ്വീകരിച്ചത്.

യു എസ് വിപണി നഷ്ടപ്പെട്ടതുകൊണ്ട് ഇന്ത്യൻ വിപണിയിലാണ് സർവീസ് റോബോട്ട് വില്ക്കാൻ ശ്രമിച്ചത്. തുടക്കത്തിൽ വിജയകരമായില്ല. അതുകൊണ്ട് വീണ്ടും റോബോട്ടിക്‌സ് ആമിന്റെ നിർമാണത്തിലേക്ക് തിരിഞ്ഞു.  ടി സി എസ്, എക്‌സിയൽ, സാംസംഗ് തുടങ്ങി നിരവധി കമ്പനികൾക്ക് റോബോട്ടിക്‌സ് ആം നിർമിച്ചു നല്കി.

എച്ച് ഡി എഫ് സി ബാങ്ക് 2016 ൽ സർവീസ് റോബോട്ട് ആവശ്യപ്പെട്ട് ആസിമോവിനെ സമീപിച്ചു. കസ്റ്റമേഴ്‌സിന് ഇൻഫർമേഷൻ നൽകാനാണ് അവർ റോബോട്ടിനെ ആവശ്യപ്പെട്ടത്. അതുകൊണ്ട് തന്നെ കാഴ്ചയ്ക്ക് ഭംഗിയുള്ള റോബോട്ടിനെയാണ് നിർമിച്ചത്. 2017 ൽ റോബോട്ടിനെ റിലീസ് ചെയ്തു. മുംബൈയിലെ ബ്രാഞ്ചിലാണ് റോബോട്ടിനെ സ്ഥാപിച്ചിരിക്കുന്നത്. പൊതുവെ ആളുകൾക്ക് റോബോട്ടിനോട് വിമുഖതയുണ്ട്. എന്നാൽ പുതിയ തലമുറയ്ക്ക് അത്തരം പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് ജയകൃഷ്ണൻ പറഞ്ഞു.

മാറ്റങ്ങൾക്ക് അംഗീകാരം

കഴിഞ്ഞ മൂന്നാലുമാസമായി വളരെ നല്ല മാറ്റങ്ങൾ ഈ മേഖലയിൽ വന്നിട്ടുണ്ട്. കുറെയധികം ഓർഡറുകളും ലഭിച്ചു കഴിഞ്ഞു. ചൈനയിൽ വിപ്ലവകരമായ മാറ്റമാണ് റോബോട്ടിന്റെ ഉപയോഗത്തിൽ വന്നിരിക്കുന്നത്.

പതിനഞ്ചു തരം റോബോട്ടിക് ആമുകളുണ്ട്. ബാങ്കുകൾ, ഹോട്ടൽ, റീട്ടെയ്ൽ മേഖലയിൽ ആതിഥ്യം വഹിക്കുന്ന റോബോട്ടുകൾക്ക് കാണാൻ ഭംഗി നിർബന്ധം. എന്നാൽ ഇൻഡസ്ട്രിയൽ മേഖലയിലെ റോബോട്ടുകൾക്ക് പ്രവർത്തനക്ഷമതയാണ് പ്രധാനം. എച്ച് ഡി എഫ് സി ബാങ്കിന് നിർമിച്ചു നൽകിയ റോബോട്ട് കൈയെടുത്ത് ആംഗ്യം കാണിച്ചാണ് സംസാരിക്കുന്നത്. പുതിയതായി നിർമ്മിക്കുന്ന റോബോട്ടിന്റെ കണ്ണുകൾ ചലിക്കുന്നതാണ്. ആതിഥ്യം മാത്രമല്ല ഇപ്പോൾ ബാങ്കിന്റെ പ്രവർത്തനങ്ങളുമായി റോബോട്ടിനെ ബന്ധപ്പെടുത്താനാണ് ബാങ്കുകാർ ആവശ്യപ്പെടുന്നത്.

ഇപ്പോൾ പങ്കാളിയായി ഒരാൾ മാത്രമേയുള്ളൂ. കൂടാതെ 10 ജീവനക്കാരുമുണ്ട്. സെക്യൂരിറ്റി, ഹോസ്പിറ്റാലിറ്റി മേഖലയിലേക്കാണ് റോബോട്ടിനെ ആവശ്യപ്പെട്ടിരിക്കുന്നത്. നല്ല തുക ചെലവാകുന്ന മേഖലയാണ്. തിരിച്ച് ലാഭം ലഭിച്ചെങ്കിൽ മാത്രമേ കൂടുതൽ സ്‌റ്റേക് ഹോൾഡേഴ്‌സിനെ ഉൾപ്പെടുത്തുകയുള്ളൂ. ഇപ്പോൾ ഈ മേഖലയിലെ നല്ല സമയമാണ്. കേരളത്തിൽ റോബോട്ടിനെക്കുറിച്ച് ആളുകൾക്ക് അവബോധം ഉണ്ടായിരിക്കുന്നു. മാത്രമല്ല ഇവിടെ റോബോട്ടിക് ഹാർഡ്‌വേർ കമ്പനികളും ധാരളമുണ്ട്.

സർക്കാർ പിന്തുണയോടെ

2013 ൽ ആണ് കിൻഫ്ര പാർക്കിലേക്ക്  ആസിമോവ് എത്തുന്നത്. അന്ന് സ്റ്റാർട്ടപ്പ് വില്ലേജ് ആയിരുന്നു. ഇന്ന് കേരള സ്റ്റാർട്ടപ്പ് മിഷനായി മാറി. ഗവൺമെന്റിനാണ് കമ്പനിയുടെ നിയന്ത്രണമെങ്കിലും വളരെ പിന്തുണയാണ് ലഭിക്കുന്നത്. പരസ്പരസഹകരണത്തോടെ നിൽക്കുന്നതാണ് എപ്പോഴും സ്റ്റാർട്ടപ്പിന്റെ വളർച്ചയ്ക്ക് നല്ലത്. ഇവിടെ ഉള്ള ഓരോ കമ്പനികളും പരസ്പരപൂരകത്തോടെയാണ് പ്രവർത്തിക്കുന്നത്. സ്റ്റാർട്ടപ്പിനോടുള്ള സർക്കാരിന്റെ സമീപനം നേരത്തെയുള്ളതിനേക്കാൾ മാറ്റം വന്നിട്ടുണ്ട്.

വേറെ ഒന്നം ചെയ്യാനില്ലാത്തപ്പോൾ ചെയ്യാനുള്ളതല്ല സ്റ്റാർട്ടപ്പ്. ജെനുവിൻ പാഷൻ ഉണ്ടെങ്കിൽ മാത്രം തുടങ്ങുക. പലരും സ്റ്റാർട്ടപ്പ് തുടങ്ങിയപ്പോൾ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാൽ എനിക്ക് ഈ ആശയം കിട്ടിയത് ലോകം എങ്ങോട്ടാണ് പോകുന്നത് തിരിച്ചറിഞ്ഞപ്പോഴാണ്. യു എസ് എ യിലെ യൂണിവേഴ്‌സിറ്റിയുമായി കണക്ട് ആയിരുന്നതുകൊണ്ട് അവിടുത്തെ ഡവലപ്‌മെന്റ് നേരത്തെ മനസ്സിലാക്കിയിരുന്നു.

എന്നാല്‍ ഇവിടെ സര്‍വീസ് റോബോട്ടിന് മാര്‍ക്കറ്റ് അനുകൂലമല്ലാത്തതു കാരണമാണ് റോബോട്ടിക്‌സ് ആമിന്റെ നിര്‍മാണത്തിലേക്ക് കടന്നത്.  സര്‍ജിക്കല്‍ റോബോട്ടുകള്‍ വിപണിയിലെത്തിക്കുക എന്നതാണ് അടുത്ത ലക്ഷ്യം.  എന്നാല്‍ അതിന് കേന്ദ്രഗവണ്‍മെന്റ് അപ്രൂവല്‍ ലഭിക്കുന്നതിന് കാലതാമസമുണ്ടാകും.

കുടുംബത്തിന്റെ പിന്തുണയില്ലാതെ മുന്നോട്ടു പോകാൻ കഴിയില്ല. ടെക്‌നോപാർക്കിലെ ജോലി ഉപേക്ഷിച്ച് പുതിയ ജോലിയും റിസേർച്ചുമായി ഇറങ്ങിയപ്പോൾ കുടുംബമാണ് പ്രോത്സാഹനം തന്നത്. ഭാര്യ ദീപ, മക്കൾ ഉത്തര, ദക്ഷിണ. അച്ഛൻ ത്രിവിക്രമൻ നായർ, അമ്മ ശ്രീകുമാരി.

അജീന മോഹൻ