ശാസ്ത്രയുടെ റോബോട്ടിക് ഡ്രീംസ്

Posted on: January 3, 2017

നിങ്ങളുടെ ചിന്തകൾ നിങ്ങളുടെ പ്രവർത്തികളാകും. ആ ചിന്തകൾ ഇനി നിങ്ങളുടേതുമാത്രമല്ല നിങ്ങളുടെ റോബോട്ടിന്റേതുകൂടിയാണ്. വർത്തമാനകാലം റോബോട്ടിക് സാങ്കേതിക വിദ്യകളിലേക്ക് കുതിക്കുകയാണ് കൊച്ചിയിൽ നിന്നുമുള്ള ഒരു സ്റ്റാർട്ടപ്പ് സംരംഭവും.

മനുഷ്യൻ ചിന്തിക്കുന്നതനുസരിച്ച് അവൻ ചെയ്യേണ്ട കാര്യങ്ങൾ ശരീരത്തിന്റെ ഓരോ ഭാഗത്തും പ്രത്യേക സിഗ്നലുകളായി എത്തുന്നു. അതുവഴി നമ്മുടെ ശരീരം നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നു. ഇതേ പോലെ തന്നെ റോബോട്ടും പ്രവർത്തിച്ചാലോ?. അതിന്റെ പണിപ്പുരയിലാണ് ശാസ്ത്ര റോബോട്ടിക്‌സ് എന്ന കൊച്ചിയിലെ സ്റ്റാർട്ടപ്പ് സംരംഭവും. ആരംഭഘട്ടമെന്ന നിലയിൽ റോബോട്ടിക് കൈ ഇവർ നിർമിച്ചു കഴിഞ്ഞു. ഇപ്പോൾ മസിലിന്റെ ചലനം അനുസരിച്ചാണ് ഈ കൈ പ്രവർത്തിക്കുന്നത്. പദ്ധതി പൂർണമാകുമ്പോൾ നമ്മൾ ചിന്തിക്കുന്നതനുസരിച്ച് പ്രവർത്തിക്കുന്ന കൈയ്യായി മാറും.

കോളജിൽ ആരംഭിച്ച സൗഹൃദം

 

പാലക്കാട് എൻജിനിയറിംഗ് കോളജിൽ നിന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ ബിരുദധാരികളായി പുറത്തിറങ്ങിയ മൂന്ന് സുഹൃത്തുക്കളുടെ സ്വപ്‌നസാഫല്യമായിരുന്നു ശാസ്ത്ര റോബോട്ടിക്‌സ്. ചേർത്തല സ്വദേശിയായ പി. അരോണിൻ, ഇടുക്കി അടിമാലി സ്വദേശിയായ അച്ചു വിൽസൺ, ആലപ്പുഴ സ്വദേശിയായ എ. അഖിൽ എന്നിവരായിരുന്നു ഈ മൂവർ സംഘം. 2009-ൽ രണ്ടാം വർഷം എൻജിനീയറിംഗിന് പഠിക്കുമ്പോഴായിരുന്നു കമ്പനി രൂപീകരിക്കണമെന്ന ആഗ്രഹം മൂവരും പങ്കുവയ്ക്കുന്നത്.

കോളജിലെ പ്രഫസർ പറഞ്ഞതനുസരിച്ച് ബംഗലുരുവിൽ നടന്ന ഫോസ് മീറ്റിൽ റോബോട്ടിനെ അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. അവിടെവച്ച് റോബോട്ടിക് സയ്ന്റിസ്റ്റായ മൃണാൾ കലാകൃഷ്ണനെ പരിചയപ്പെട്ടു. അതോടെ തങ്ങളുടെ മേഖല ഇതു തന്നെയാണ് എന്ന ചിന്തയിലേക്ക് ഇവർ എത്തിപ്പെടുകയുമായിരുന്നു. കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിൽ കാക്കനാടിന് സമീപമുള്ള കൈപ്പടമുകളിൽ 11 ജീവനക്കാരുമായി നേട്ടങ്ങൾ കൊയ്യാനൊരുങ്ങുകയാണ് ശാസ്ത്ര റോബോട്ടിക്‌സ്. അരോണിൻ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും അച്ചു വിൽസൺ ചീഫ് ടെക്‌നോളജി ഓഫീസറും എ. അഖിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമാണ്.

വഴി തുറന്നത് സ്റ്റാർട്ടപ്പ് വില്ലേജ്

 

മനുഷ്യൻ പറയുന്ന വാക്കുകൾ മനസിലാക്കി പ്രവർത്തിക്കുന്ന ഒരു റോബോട്ടായിരുന്നു ഇവർ ആദ്യമായി നിർമിച്ചത്. 2010 ൽ നിർമിച്ച ഈ റോബോട്ടിന് ചിപ്പു എന്ന് പേരിട്ടു. നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് മുന്നോട്ടും പിന്നോട്ടും പോവുകയും തലയാട്ടുകയും ചെയ്യുന്ന റോബോട്ടായിരുന്നു ചിപ്പു. മനസിൽ കമ്പനി തുടങ്ങണം എന്നൊരു ആശയം മാത്രമെ ഇവരുടെയുള്ളിൽ ഉണ്ടായിരുന്നുള്ളു. അത് എങ്ങനെ രൂപവത്കരിക്കണമെന്നോ അതിൽ നിന്നും എങ്ങനെ നേട്ടംകൊയ്യാമെന്നോ അരോണിനും അച്ചുവിനും അഖിലിനും അറിയില്ലായിരുന്നു.

2012-ൽ സ്റ്റാർട്ടപ്പ് വില്ലേജിൽ എത്തിയപ്പോൾ ഇതിനെല്ലാമുള്ള ഉത്തരം അവർക്കു ലഭിച്ചു. സ്റ്റാർട്ടപ്പ് വില്ലേജിന്റെ ആദ്യത്തെ സിഇഒ ആയിരുന്ന സിജോ കുരുവിളയുടെ ഉപദേശങ്ങളായരുന്നു ഇവർക്ക് പുതിയൊരു ലോകം തുറന്നുകൊടുത്തത്. ശാസ്ത്രയുടെ തുടക്കം മൂവർ സംഘത്തിലെ ഒരാളായ അഖിലിന്റെ ആലപ്പുഴയിലുള്ള വീടിന്റെ ടെറസിലായിരുന്നു. പിന്നീട് തൃശൂരിലേക്കും അതിനു ശേഷം സ്റ്റാർട്ടപ്പ് വില്ലേജിലേക്കും എത്തിച്ചേരുകയായിരുന്നു. 2013 ഓഗസ്റ്റിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി ശാസ്്ത്ര റോബോട്ടിക്‌സ് രജിസ്റ്റർ ചെയ്തു. 1.05 ലക്ഷം രൂപയായിരുന്നു മൂലധനമായി ഇവരുടെ കൈയ്യിലുണ്ടായിരുന്നത്.

തങ്ങളുടെതായ ഒരു ഉത്പന്നം ഉണ്ടാക്കി അത് നിർമിച്ച് നൽകുകയായിരുന്നു ശാസ്ത്രയുടെ ലക്ഷ്യം. പണം കണ്ടെത്താനായി എന്തെങ്കിലും സർവീസ് ചെയ്ത് നൽകേണ്ടതില്ലെന്ന് ഇവർ ആദ്യമെ തന്നെ തീരുമാനിച്ചു. സ്വന്തം കമ്പനിയുടെ ഉത്പന്നം വച്ച് വരുമാനം കിട്ടും എന്ന് ഉറപ്പ് ലഭിക്കുംവരെ ഒരു നിക്ഷേപകനെയും അടുത്തേക്കു ചെല്ലാൻ ഇവർ തയാറായിരുന്നില്ല.

 

ശാസ്ത്രയുടെ പരീക്ഷണം

 

ടെലികോൺഫറൻസ് സൗകര്യം ഉപയോഗിച്ച് വിദൂര സ്ഥലത്തിലുന്ന് നിയന്ത്രിക്കുന്ന റോബോട്ടിനെയാണ് ശാസ്ത്ര അടുത്തതായി നിർമിച്ചത്. എവിടെയാണോ റോബോട്ട് ഉള്ളത് അവിടുത്തെ മാപ്പ് റോബോട്ടിനെ ഉപയോഗിച്ച് എടുത്ത ശേഷം ആ മാപ്പ് അനുസരിച്ച് ഓരോ സ്ഥലത്ത് പിൻചെയ്താൽ റോബോട്ട് അവിടേക്കു നീങ്ങും. എട്ടു മാസം സമയമെടുത്താണ് ശാസ്്ത്ര ഇതിന്റെ നിർമാണം പൂർത്തികരിച്ചത്. വ്യാവസായിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ഈ റോബോട്ടിന്റെ സാധ്യതയും ഇവർതിരിച്ചറിഞ്ഞു. ടെലികോൺഫറൻസിലൂടെ ക്ലാസുകൾ എടുക്കാനും വിദ്യാർഥികളുമായി ആശയവിനിമയം നടത്താനും ഈ റോബോട്ടിനെ കൊണ്ട് സാധിക്കും.

റോബോട്ടുകൾക്കു കൂടുതൽ ആവശ്യക്കാർ വ്യാവസായിക മേഖലയിലാണെന്നു തിരച്ചറിഞ്ഞ ശാസ്ത്ര അതിനാവശ്യമായ റോബോട്ട് നിർമാണത്തിലേക്കു തിരിഞ്ഞു. ഒരു മുഴുവൻ റോബോട്ട് എന്നതിലുപരി റോബോട്ടിക് കൈകളായിരുന്നു ശാസ്ത്ര കമ്പനികൾക്കു നിർമിച്ചു നൽകിയത്.

ഐഐടി ഡൽഹിക്കായി ആറ് ഡിഗ്രി വരെ തിരിയുന്ന രീതിയിലുള്ള ഒരു റോബോട്ടിക് കൈ ശാസ്ത്ര രുപകല്പന ചെയ്തു. ഡിസൈൻ ഉണ്ടാക്കിയെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങൾ മൂലം പൂർണതയിലെത്തിക്കാൻ അവർക്കു കഴിഞ്ഞില്ല. കമ്പനി തുടങ്ങിയ മൂലധനത്തിൽ പകുതിയിലധികവും ആദ്യത്തെ പ്രോജക്ടിനു തന്നെ ചെലവായിരുന്നു. ബാക്കിയുള്ള തുക പുതിയ പദ്ധതിക്കു തികഞ്ഞതുമില്ല.

നിർമാണം പൂർത്തികരിക്കാൻ കഴിഞ്ഞില്ലെങ്കിലും പക്ഷേ ഈ ഡിസൈൻ ശാസ്ത്രയുടെ വൈബ്‌സൈറ്റിൽ അവർ ഇട്ടു. ഇതു കണ്ട യുഎസിലെ ഒരു റോബോട്ടിക് കമ്പനി ശാസ്ത്രയുമായി പങ്കാളിയായി ക്ഷണിച്ചു. റിസർച്ച് കാര്യങ്ങൾക്കായി റോബോട്ടിനെ ഉണ്ടാക്കുന്ന കമ്പനിയായിരുന്നു അത്്. അവർക്ക് ഇന്ത്യയിലെ കാര്യങ്ങൾ ചെയ്യുന്നതിനുള്ള പാർട്ണറായിട്ടാണ് ശാസ്ത്രയെ ക്ഷണിച്ചത്. ഇതോടൊപ്പം ദക്ഷിണ കൊറിയയിലെ ഒരു കമ്പനിയിൽ നിന്നും സഹകരണം ലഭിച്ചു. ശാസ്ത്രയുടെ റോബോട്ട് നിർമിക്കുന്നതിനാവശ്യമായ സാധനങ്ങൾ ഈ കമ്പനിയുമായി സഹകരിച്ചാണ് ഇപ്പോൾ വാങ്ങുന്നത്.

ഐഐടി ഭുവനേശ്വറിനായി സോഫ്റ്റ്‌വേർ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സ്വിറ്റ്‌സർലൻഡ് കമ്പനിയുമായും സഹകരണമുണ്ടാക്കി. ഈ സഹകരണങ്ങൾ ശാസ്ത്രയുടെ പിന്നീടുള്ള വളർച്ചക്കും സഹായകമായി.

ബോഷ് കമ്പനിയുമായുള്ള കരാർ

 

എൻജിനീയറിംഗ് ഇലക്ട്രിക്കൽ രംഗത്തെ ഭീമൻമാരായ ബോഷ് കമ്പനിയുമായി ഉണ്ടാക്കിയ സഹകരണമായിരുന്നു ശാസ്ത്രയുടെ വളർച്ചയിൽ വഴിത്തിരിവിന് കാരണമായത്. ടച്ച് സ്‌ക്രീൻ ടെസ്റ്റ് ചെയ്യുന്നതിനായുള്ള പരിഹാരമായിരുന്നു ബോഷ് ആവശ്യപ്പെട്ടത്. അങ്ങനെ ഐഐടി ഡൽഹിക്കായി രൂപീകരിച്ച മോഡൽ ബോഷിനെ കാണിച്ചു. അതു കണ്ട് തൃപ്തരായ ബോഷ് കമ്പനി റോബോട്ടിക് കൈ നിർമിച്ചു കാണിക്കാൻ ആവശ്യപ്പെട്ടു. സ്റ്റാർട്ടപ്പ് വില്ലേജിൽ നിന്നും 2.6 ലക്ഷത്തിന്റെ ലോൺ ഉപയോഗിച്ച് ഇംപോർട്ട് എക്‌സ്‌പോർട്ട് ലൈസൻസ് എടുക്കുകയും റോബോട്ട് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ സൗത്ത് കൊറിയയിൽ നിന്നും വാങ്ങുകയും ചെയ്തു.

തുടർന്ന് റോബോട്ടിക് കൈ ഉണ്ടാക്കി കോയമ്പത്തൂരിലെ ബോഷിന്റെ ലാബിൽ ടെസ്റ്റിംഗിനായി നൽകി. ഡെമോ അവർക്ക് ഇഷ്ടപ്പെട്ടു. പക്ഷേ അവർക്ക്് തൂങ്ങിക്കിടക്കുന്ന കൈയ്യായിരുന്നു വേണ്ടത് നിർമിച്ചതാകട്ടെ ടേബിളിൽ വയ്ക്കുന്ന കൈയ്യും. ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. ഈ സമയത്തു തന്നെയായിരുന്നു കേരള ഫിനാൻഷ്യൽ കോർപറേഷനിൽ (കെഎഫ്‌സി) നിന്നും സ്റ്റാർട്ടപ്പ് ഡവലപ്‌മെന്റ് മിഷന്റെ ഭാഗമായി ഈടും പലിശയും ഇല്ലാതെ 18 ലക്ഷം രൂപ ലോണും ലഭിച്ചു. ഇത് ഉപയോഗിച്ച് ആവശ്യമായ ഓഫീസും റോബോട്ട് നിർമിക്കുന്നതിനാവശ്യമായ ലാബും തയാറാക്കി.

മിനിട്ടിൽ 1000 ക്ലിക്ക് ചെയ്യാൻ കഴിയുന്ന റോബോട്ടിക് കൈ ആയിരുന്നു അവർ ആവശ്യപ്പെട്ടത്. ഇതിൽ 900 വരെ ചെയ്യാൻ ശാസ്ത്രക്കു സാധിച്ചു. യഥാർഥത്തിൽ അവർക്കു വേണ്ടിയിരുന്നത് 60 ക്ലിക്ക് മാത്രമായിരുന്നു. തുടർന്നു മറ്റ് മൂന്ന് ഓർഡറുകൾ കൂടി ലഭിച്ചു.

കൈ നിറയെ കരാറുകൾ

 

അടുത്തത് ടെക്‌നോളജി രംഗത്തെ മറ്റൊരു പ്രമുഖ കമ്പനിയുമായുള്ള കരാറായിരുന്നു. ടച്ച് സ്‌ക്രീനിനൊപ്പം കീകളും ടെസ്റ്റ് ചെയ്യാനായിരുന്നു അവർക്ക് റോബോട്ട് വേണ്ടിയിരുന്നത്. അതും കൃത്യമായി ശാസ്ത്ര നിർമിച്ചു നൽകി. ഒരു പ്രത്യേക പദ്ധതിയുടെ ഭാഗമായി അഞ്ച് റോബോട്ട് കൂടി വാങ്ങാൻ ഇവർ ഓർഡർ നൽകിക്കഴിഞ്ഞു.

ഏവിയേഷൻ പാനലുകൾ നിർമിക്കുന്ന ഹണിവെൽ എന്ന കമ്പനിക്കും ശാസ്ത്ര റോബോട്ട് നിർമിച്ചു നൽകി. അവർക്ക് വേണ്ടിയിരുന്നത് ജർമനിയിൽ ഇരുന്ന് മറ്റു സ്ഥലങ്ങളിലുള്ള തങ്ങളുടെ ഉത്പന്നങ്ങൾ ടെസ്റ്റ് ചെയ്യാൻ സാധിക്കുന്ന റോബോട്ടിനെയായിരുന്നു. ഇതിനായി കാമറ ഉപയോഗിച്ച് ആർട്ടിഫീഷൽ ഇൻലിജൻസിൽ പ്രവർത്തിക്കുന്ന റോബോട്ടാണ് ശാസ്ത്ര നിർമിച്ചത്.

ഇപ്പോൾ 87 കമ്പനികൾ ശാസ്ത്രയുടെ റോബോട്ടിൽ താത്പര്യം കാണിക്കുന്നുണ്ട്. ഇതിൽ 35 കമ്പനികൾ ഹാർഡ്‌വേറിൽ സംതൃപ്തരാണ്. രണ്ട് കോടിയിലധികം രൂപ ഈ സാമ്പത്തിക വർഷം വരുമാനമായി ശാസ്ത്ര പ്രതീക്ഷിക്കുന്നു. നിലവിൽ ഡിവൈസ് ടെസ്റ്റിംഗ് റോബോട്ടുകൾ നിർമിക്കുന്ന കമ്പനികളൊന്നും തന്നെ ഇന്ത്യയിലില്ല. ഇന്റൽ യുഎസിൽ സംഘടിപ്പിക്കുന്ന ക്ലൗഡ് കംപ്യുട്ടിംഗ് ഗ്രൂപ്പുകളുടെ ആനുവൽ ഫെയറിൽ നമ്മളുടെ കൂടെനിന്ന് ഗെയിം കളിക്കാവുന്ന റോബോട്ടിക് കൈയ്യാണ് ശാസ്ത്ര അവതരിപ്പിച്ചത്. ശാസ്ത്രയുടെ വെബ്‌സൈറ്റ് www.sastrarobotics.com

എം എം