കുഴല്‍ക്കിണറില്‍ നിന്നും രക്ഷിക്കാന്‍ റോബോട്ട്

Posted on: October 30, 2019

കൊച്ചി : കുഴല്‍ക്കിണറില്‍ വീണ് കുട്ടികള്‍ക്ക് അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. ഒടുവിലത്തെ സംഭവമായിരുന്നു തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ രണ്ടര വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണ് മരിച്ചത്. ഇത്തരം സംഭവങ്ങള്‍ക്ക് പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് സൗത്ത് വാഴക്കുളം ജി. എച്ച്. എസ്. എസ്. വിദ്യാര്‍ത്ഥികളായ ശിവദേവ് മനുവും സൂര്യ ജോസും.

റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തോട് അനുബന്ധിച്ച് എറണാകുളം സെയ്ന്റ് ആന്റണിസ് സ്‌കൂളില്‍ നടന്ന എച്ച്. എസ്. വിഭാഗം വര്‍ക്കിംഗ് മോഡലിലാണ് പുതിയ മാര്‍ഗം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത്.

കുഴല്‍ക്കിണറില്‍ വീഴുന്ന കുട്ടികളെ റോബോട്ട് കൈപിടിച്ചുയര്‍ത്തും.
താഴ്ച എത്രയായിരുന്നാലും കുട്ടികളെ കുഴല്‍ക്കിണറില്‍ നിന്ന് രണ്ടുകൈയും കൊണ്ട് ഉയര്‍ത്തി മുകളിലെത്തിക്കാന്‍ റോബോട്ടിനാകും. റോബോട്ടിന്റെ കൈകള്‍ 360 ഡിഗ്രി സെല്‍ഷ്യസ് തിരിയും.

അഞ്ച് ചക്രങ്ങളിലായാണ് റോബോട്ടിന്റെ പ്രവര്‍ത്തനം. അഞ്ചാമത്തെ ചക്രമാണ്റോ ബോട്ടിന്റെ കുഴിയിലൂടെ സഞ്ചാരത്തിന് സഹായിക്കുന്നത്. 
റോബോട്ടില്‍ ക്യാമറ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ കുഴല്‍ക്കിണറില്‍ കിടക്കുന്ന കുട്ടിയുടെ സ്ഥിതി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനാകും.

സമാന്തര കുഴിയെടുത്ത് സമയം കളയാതെ തന്നെ കുഴല്‍ക്കിണറില്‍നിന്ന് കുട്ടികളെ രക്ഷിക്കാന്‍ കഴിയും. ഒരു ലക്ഷം രൂപയാണ് ഈ റോബോട്ടിന്െ നിര്‍മിക്കാന്‍ ചെലവാകുന്ന തുക.

TAGS: Borewell | Robot |