വാട്ട്‌സ്‌നിയർ ഡോട്ട് കോം : ഇ-കൊമേഴ്‌സ് സ്റ്റാർട്ടപ്പ്

Posted on: November 23, 2014

Whatznear-Team-BIG

വേറിട്ട സ്റ്റാർട്ടപ്പ് സംരംഭമാണ് വാട്‌സ്‌നിയർ ഡോട്ട്‌കോം. കോഴിക്കോട് ഐഐടിയിൽ ഒരേ ബാച്ചിലെ പഠിച്ച എൻജിനിയറിംഗ് വിദ്യാർഥികളുടെ സൗഹാർദ കൂട്ടായ്മയിൽ വിരിഞ്ഞ ഇ-കൊമേഴ്‌സ് സംരംഭം. ഗൃഹോപകരണങ്ങൾ, ഫർണിച്ചറുകൾ, പെർഫ്യൂമുകൾ, സൈക്കിൾ, കിടക്കകൾ, കേക്കുകൾ ഒരു വീടിനു വേണ്ട എന്തും വാങ്ങാൻ സഹായിക്കുന്ന നൂതന ഓൺലൈൻ ഷോപ്പിംഗ് സൈറ്റാണ് വാട്‌സ്‌നിയർ ഡോട്ട്‌കോം.

കൊച്ചി സ്വദേശിയായ എ.ജി കൃഷ്‌ണേന്ദു ഗോൾഡ്മാൻ സാഷിലും മൂവാറ്റുപുഴക്കാരനായ സജിത് ഗീത്‌രാജും കൊച്ചി സ്വദേശിയായ കെ.എസ് സരുണും തൃശൂർ സ്വദേശി കെ. രഞ്ജിതും ഒറ്റപ്പാലത്തുകാരനായ സംഗീത് ഫിലിപ്പും ഒറാക്കിളിലും പാലക്കാട്ടുകാരനായ വരുൺ അനിൽകുമാർ ബജാജ് ഓട്ടോമൊബൈൽസിലും കോഴിക്കോടു സ്വദേശി ഷിഥിൻ ശരത് യാഹൂവിലുമാണ് ജോലി ചെയ്തിരുന്നത്. 2012 ഡിസംബറിൽ ഇവർ ജോലി രാജിവച്ചു. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലായിരുന്നു എല്ലാവരും. ആറുമാസക്കാലം നീണ്ട ചർച്ചയ്‌ക്കൊടുവിൽ വാട്ട്‌സ്‌നിയർ ഡോട്ട് കോം (www.whatznear.com) എന്ന ഓൺലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റിന് രൂപം നൽകുകയായിരുന്നു.

ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്ന എന്തെങ്കിലും ചെയ്യുന്നതായിരിക്കും നല്ലതെന്നു കൂട്ടുകാർക്കു തോന്നി. 2013 ജൂലൈയിൽ തോന്നിയ ആശയം 2014 ജനുവരി 23-ന് ഇവർ യാഥാർത്ഥ്യമാക്കി. പ്രമുഖ ബ്രാൻഡ് നിർമാതാക്കളുടെ തലപ്പത്തുള്ളവരുമായി സംസാരിച്ച് അവരുടെ സഹകരണവും പ്രാദേശിക ഷോപ്പുകളുടെ പിന്തുണയും ഉറപ്പാക്കി. പ്രമുഖ ബ്രാൻഡ് ഉത്പന്നങ്ങളെ കമ്പനികൾ നേരിട്ടു നടത്തുന്ന ഷോറൂമുകളിൽ നിന്ന് ഉപയോക്താവിന്റെ വീട്ടിൽ എത്തിക്കുന്നു. Blue Finch Online Services എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് വാട്ട്‌സ് നിയർ ഡോട്ട് കോം.

Whatznear-Homepage-Big

ഷോപ്പിംഗ് അനായാസമാക്കാം

വീട്ടിലിരുന്നുതന്നെ ഷോപ്പിംഗ് നടത്താമെന്നതാണ് ഈ വെബ്‌സൈറ്റിന്റെ പ്രത്യേകത. സാംസംഗ്, എൽ ജി, പ്രസ്റ്റീജ്, പാനസോണിക് തുടങ്ങി പ്രമുഖ ബ്രാൻഡുകളുടെ ഷോറൂമുകൾ ഓൺലൈനിൽ ലഭിക്കും. നമ്മുടെ അഭിരുചിക്കനുസരിച്ചുള്ള സാധനങ്ങൾ വാട്ട്‌സ് നിയർ ഡോട്ട് കോമിൽ നിന്നു തെരഞ്ഞെടുക്കാം.

ഗൃഹോപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, ഫർണിച്ചർ, കിടക്കകൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ, സൈക്കിൾ, കേക്ക്, പെർഫ്യൂമുകൾ എന്നിവയെല്ലാം ഈ ഓൺലൈൻ സൈറ്റിൽ നിന്നു സ്വന്തമാക്കാനാകും.

കൊച്ചിയുടെ തനതു രുചിക്കൂട്ടുകൾ നൽകുന്ന കേക്ക് ഷോപ്പുകൾ, പെർഫ്യൂം കടകൾ എന്നിവയും ഇതിനോടൊപ്പം തന്നെ ഇവർ അവതരിപ്പിക്കുന്നുണ്ട്. ഓൺലൈൻ ഓർഡർ സ്വീകരിച്ച് 24 മണിക്കൂറിനകം തന്നെ ഉത്പന്നം ഉപഭോക്താവിനെ തേടിയെത്തും. വാങ്ങുന്ന സാധനങ്ങളുടെ വില ഓൺലൈനായി അടയ്ക്കാം. അല്ലെങ്കിൽ കാഷ് ഓൺ ഡെലിവറി സൗകര്യവുമുണ്ട്. ഓൺലൈൻ ഷോപ്പിങ്ങിന്റെ സൗകര്യങ്ങളും പ്രാദേശിക കടകൾ നൽകുന്ന വിശ്വാസ്യതയും സേവനമികവും ഒരുമിച്ച് ഉപഭോക്താവിലേക്ക് എത്തിക്കാനാണ് whatznear.com ലൂടെ ലക്ഷ്യമിടുന്നതെന്ന് സിഇഒ എ.ജി കൃഷ്‌ണേന്ദു പറഞ്ഞു.

ഇ-കൊമേഴ്‌സ് വിപണിയോടു കിടപിടിക്കാൻ ആകർഷകമായ കിഴിവുകളുമുണ്ട്. ഉത്പന്നങ്ങളുടെ വിതരണത്തിനുശേഷം കച്ചവടം അവസാനിപ്പിക്കുന്ന ഓൺലൈൻ വിപണനശൈലിക്കു വിപരീതമായി വാങ്ങിയ വസ്തുക്കളുടെ ഓൺസൈറ്റ് പ്രദർശനം, ഇൻസ്റ്റലേഷൻ എന്നീ സേവനങ്ങളുമുണ്ട്. 1800-2000-096 എന്ന നമ്പറിൽ വിളിച്ച് വാട്ട്‌സ് നിയർ ഡോട്ട് കോമിന്റെ കസ്റ്റമർ സപ്പോർട്ട് ടീമുമായി സംസാരിക്കുവാനും ഓർഡറുകൾ നൽകാനും സാധിക്കും. എക്‌സ്‌ചേഞ്ച് ഓഫറാണു മറ്റൊരു ആകർഷണീയത. കിടക്കകൾ, ഗൃഹോപകരണങ്ങൾ എന്നിവ ഇതിലൂടെ മാറ്റി വാങ്ങാനാകും. എക്‌സ്‌ചേഞ്ച് ഓഫറിന് നല്ല റെസ്‌പോൺസാണ് ലഭിക്കുന്നതെന്ന് കൃഷ്‌ണേന്ദു പറഞ്ഞു.

ഒറ്റ ക്ലിക്കിൽ സ്വന്തമാക്കം

ഗൃഹോപകരണങ്ങളിൽ പ്രസ്റ്റീജ്, സാംസംഗ്, എൽജി എന്നീ കമ്പനികളുടെ എയർ കണ്ടീഷണർ, ഫ്രിഡ്ജ്, വാക്വം ക്ലീനർ, വാഷിങ് മെഷീൻ, തേപ്പുപ്പെട്ടി എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അടുക്കള ഉപകരണങ്ങളുടെ കൂട്ടത്തിൽ കോഫി ആൻഡ് ടീ മേക്കർ, കുക്ക് വെയർ, ഡിഷ് വാഷേഴ്‌സ്, ഇലക്ട്രിക് കെറ്റിൽ, ഇലക്ട്രിക് റൈസ് കുക്കർ, ഗ്യാസ് സ്റ്റൗ, ഹോബ്‌സ്, ഹോട്ട് പ്ലേറ്റ്, ഗ്രിൽസ് ആൻഡ് തണ്ടൂർ, ഹാൻഡ് ബ്ലെൻഡേഴ്‌സ്, ഇൻഡക്ഷൻ കുക്ക് ടോപ്‌സ്, ജ്യൂസർ, മിക്‌സർ ഗ്രൈൻഡർ, കിച്ചൺ ഹുഡ്‌സ്, മൈക്രോവേവ് ഓവൻ, ഓവൻ, ടോസ്റ്റർ, ഗ്രിൽസ്, പോപ്-അപ് ടോസ്‌റ്റേഴ്‌സ്, പ്രഷർകുക്കർ, സാൻഡ് വിച്ച് ടോസ്‌റ്റേഴ്‌സ്, വെറ്റ് ഗ്രൈൻഡർ എന്നിവയുണ്ട്. ഇലക്ട്രോണിക് വിഭാഗത്തിൽ ഓഡിയോ, വീഡിയോ, ടിവി എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ഗൃഹോപകരണങ്ങളിൽ ബീൻ ബാഗ്, ചൂരൽ ഫർണിച്ചറുകൾ, കസേരകൾ, ദിവാൻ, സോഫ എന്നിവയെല്ലാം ഒറ്റ ക്ലിക്കിൽ സ്വന്തമാക്കാം.

സൈക്കിളുകൾ

എറണാകുളത്തെ പ്രമുഖ സൈക്കിൾ വിപണനക്കാരായ കവിത സൈക്കിളുമായി സംയുക്തമായാണ് ഓൺലൈനിൽ സൈക്കിളുകൾ വിൽപനയ്‌ക്കെത്തുന്നത്. ആൺ-പെൺ വിഭാഗത്തിലുള്ള ഏതു പ്രായക്കാർക്കും അനുയോജ്യമായ സൈക്കിളുകൾ സ്വന്തമാക്കാനാകും. സൈക്കിൾ വാങ്ങിച്ച എല്ലാവർക്കും വളരെ നല്ല അഭിപ്രായമാണ് ഉള്ളതെന്നു കൃഷ്‌ണേന്ദു പറഞ്ഞു. കടയിൽ പോകാതെ കംപ്ലീറ്റിലി അസംബിൾഡ് ആയി സൈക്കിൾ വേണമെങ്കിൽ ഇപ്പോൾ ഈ സൈറ്റ് മാത്രമേ ഉള്ളുവെന്നതാണ് സവിശേഷത. വേറെ ഏതു ഓൺലൈൻ വിപണിയിൽ നിന്നു വാങ്ങിച്ചാലും ഡെലിവറി ലഭിക്കുമ്പോൾ ഉപഭോക്താവ് തന്നെ സൈക്കിൾ അസംബിൾ ചെയ്യണം.

കിടക്കകൾ

കിടക്കകളിൽ റബറൈസ്ഡ് കയർ കിടക്കകൾ, ബോണെൽ സ്പ്രിങ്ങ് മാറ്റ്‌റസ്, പോക്കറ്റഡ് സ്പ്രിങ്ങ് മാറ്റ്‌റസ്, നാച്വറൽ ലാറ്റെക്‌സ് ഫോം മാറ്റ്‌റസ്, മെമ്മറി ഫോം മാറ്റ്‌റസ്, പിയു ഫോം മാറ്റ്‌റസ് എന്നിവയുണ്ട്.

കേക്കുകൾ

അൽപം മധുരം വേണമെങ്കിൽ അതും സ്വന്തമാക്കാനുള്ള സൗകര്യം വാട്ട്‌സ് നിയർ ഡോട്ട് കോമിലുണ്ട്. 3 ഡി കേക്ക്, ചീസ് കേക്ക്, ചോക്കലേറ്റ് കേക്ക്, ഫ്രൂട്ട് കേക്ക്, ഓമൈ കേക്ക് സ്‌പെഷലൈസ്ഡ്, യുണീക് ഫ്‌ളേവർ കേക്ക് എന്നിവയൊക്കെ ഇവിടെ നിന്നു വാങ്ങാം. സാധനം ഓർഡർ ചെയ്തു രണ്ടു മുതൽ ആറു മണിക്കൂറിനുള്ളിൽ ഇവ ഉപഭോക്താവിന്റെ അടുക്കലെത്തും. കേക്ക് വിൽപന നല്ലരീതിയിൽ പോകുന്നുണ്ട്. ഇൻഫോപാർക്കിൽ നിന്നാണ് കൂടുതൽ ഓർഡറുകൾ വരുന്നത്.

പുതിയ പദ്ധതികൾ

കൊച്ചി കൂടാതെ കൊല്ലം, കോട്ടയം എന്നിവിടങ്ങളിലെ ഓർഡറുകളും വാട്ട്‌സ് നിയർ ഡോട്ട് കോമിൽ സ്വീകരിക്കുന്നുണ്ട്. ഗൃഹോപകരണങ്ങൾക്കു വേണ്ടിയുള്ള ബ്രാൻഡ് ഷോറൂം കോഴിക്കോടും തൃശൂരും അടുത്തയിടെ പ്രവർത്തനം തുടങ്ങി. കേരളത്തിനു പുറത്തേക്ക് ഉടൻതന്നെ ബിസിനസ് വ്യാപിപ്പിക്കും. വൈകാതെ ബംഗലുരുവിൽ ലോഞ്ച് ചെയ്യും. ബംഗലുരുവിലെ ഷോപ്പിൽ കിഡ്‌സ് ഫർണിച്ചർ, ഫിറ്റ്‌നസ് എക്വിപ്‌മെന്റ്‌സ്, പെറ്റ് ഫുഡ്, ബീൻ ബാഗ്, ബാംബൂ ഫർണിച്ചർ തുടങ്ങിയ വിഭാഗങ്ങളാണ് ഉൾപ്പെടുത്താൻ പോകുന്നത്. ഇതിൽ ചിലത് കൊച്ചിയിൽ ചെയ്യാനും പ്ലാൻ ഉണ്ട്. തുടർന്ന പൂനെയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.

ഏറ്റവും മികച്ച സെല്ലേഴ്‌സുമായിട്ടാണ് ഇവർ ധാരണയായിട്ടുള്ളത്. ”ഞങ്ങൾ ഒരേ ടൈപ്പ് പ്രൊഡക്ട് ചെയ്യുന്ന മൾട്ടിപ്പിൾ സെല്ലേഴ്‌സിനെ എടുക്കാറില്ല. എല്ലാ സെല്ലേഴ്‌സിനും അവർ ചെയ്യുന്ന ഉത്പന്നങ്ങളിൽ എക്‌സ്‌ക്ലൂസിവിറ്റി ഉണ്ട്. അതുകൊണ്ടുതന്നെ അവർക്ക് തരാവുന്നതിൽ ഏറ്റവും നല്ല പ്രൈസ് തന്നെ അവർ ഞങ്ങളുടെ ഉപഭോക്താക്കൾക്കു നൽകും.”- കൃഷ്‌ണേന്ദു പറഞ്ഞു. ഓണക്കാലത്ത് കമ്പനികളിലും കടകളിലും ലഭ്യമായിരുന്ന എല്ലാ ഓഫറുകളും വാട്‌സ് നിയറിലും ഒരുക്കിയിരുന്നു.

ലക്ഷ്മി എം. ലാൽ