ഇ-കൊമേഴ്‌സ് മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കൊരുങ്ങി കേന്ദ്രം

Posted on: January 21, 2021

മുംബൈ: രാജ്യത്ത് ഇ-കൊമേഴ്‌സ് മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ ചട്ടങ്ങളില്‍ ഉള്‍പ്പെടെ വ്യവസ്ഥകള്‍ കര്‍ശനമാക്കാനും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.

ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പങ്കാളിത്തമുള്ള വിതരണക്കമ്പനികളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ അവരുടെ പ്ലാറ്റ്‌ഫോമിലൂടെ വില്‍ക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുന്നതാണ് പ്രധാനം. ഇതുനടപ്പായാല്‍ അമേരിക്കന്‍ കമ്പനിയായ ആമസോണിനും വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള ഫ്‌ളിപ്കാര്‍ട്ടിനും കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകള്‍.

വിതരണക്കമ്പനികളില്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ നേരിട്ടോ അല്ലാതെയോ ഓഹരികളെടുക്കുന്നത് നേരത്തേതന്നെ തടഞ്ഞിട്ടുണ്ട്. ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് പ്രത്യേക ഉത്പന്നങ്ങളോ ബ്രാന്‍ഡുകളോ അവരുടെ പ്ലാറ്റ്‌ഫോമില്‍ മാത്രമായി വില്‍ക്കാന്‍ വിതരണക്കമ്പനികളോട് നിര്‍ദേശിക്കാന്‍ നിലവിലെ നിയമമനുസരിച്ച് കഴിയില്ല.

എന്നാല്‍, ചില കമ്പനികള്‍ കൂടുതല്‍ലാഭം വാഗ്ദാനംചെയ്ത് ഉത്പന്നങ്ങള്‍ അവരുടെ പ്ലാറ്റ്‌ഫോമില്‍ മാത്രമായി ലഭ്യമാക്കാന്‍ ശ്രമിക്കുന്നു. വന്‍തോതിലുള്ള വിദേശനിക്ഷേപവുമായി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് മാര്‍ക്കറ്റ്‌പ്ലേസ് എന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. ഇത്തരത്തിലാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും. എന്നാല്‍, ഇതിലെ പഴുതകള്‍ മുതലാക്കി കമ്പനികള്‍ ചട്ടങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതിയ നിയന്ത്രണങ്ങള്‍ക്ക് ശ്രമം തുടങ്ങിയിരിക്കുന്നത്.

TAGS: E-commerce |