മലയാളി സ്റ്റാർട്ടപ്പിന് ദക്ഷിണ കൊറിയൻ ആക്‌സിലറേഷൻ പദ്ധതിയിലേക്ക് ക്ഷണം

Posted on: September 16, 2017

തിരുവനന്തപുരം : മലയാളി സഹോദരങ്ങൾ വികസിപ്പിച്ച ഇ കൊമേഴ്‌സ് സ്റ്റാർട്ടപ്പായ ബൈഫി ദക്ഷിണകൊറിയയുടെ ഇൻടുകൊറിയ ആക്‌സിലറേഷൻ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സഹോദരങ്ങളായ എസ്.എസ്. പ്രവീൺ, എസ്.എസ്. പ്രണവ്, എസ്.എസ്. പ്രബിൻ എന്നിവർ ചേർന്നു വികസിപ്പിച്ച സ്റ്റാർട്ടപ്പാണിത്.

പ്രാദേശികമായി ലഭിക്കുന്ന സാധനങ്ങളെയും സേവനങ്ങളെയും സംബന്ധിച്ച ഓഫറുകളെയും ഡീലുകളെയും പറ്റി ഉപഭോക്താക്കൾക്ക് ബൈഫിയിലൂടെ അറിയാനാകും. ബൈഫിയിൽ പ്രാദേശിക വ്യാപാരസ്ഥാപനങ്ങളെ പേര്, സ്ഥലം, പിൻകോഡ് എന്നിവ വഴി തിരയാം, ലഭിക്കുന്ന ഉത്പന്നങ്ങളെയും സേവനങ്ങളെയും പറ്റി മനസിലാക്കാം, വിലയും മറ്റു പ്രത്യേകതകളും അനുസരിച്ച് ഉൽപ്പന്നങ്ങളെ വേർതിരിച്ചു കാണാം, എസ്എംഎസ്, ചാറ്റ് എന്നിവ വഴി ആശയവിനിമയം നടത്താം. ഇ -വിപണിയിലെ ദൃശ്യാനുഭവം ആസ്വദിക്കാം.

തിരുവനന്തപുരം ജില്ലയിലെ ഇരുനൂറോളം വ്യാപാരസ്ഥാപനങ്ങളാണ് ഇതികനം ബൈഫിയിൽ ഇടംപിടിച്ചിട്ടുള്ളത്. ഏതാനും മാസങ്ങൾക്കകം തന്നെ മറ്റു ജില്ലകളിലും ബൈഫിയുടെ സേവനം ലഭ്യമാകും. ഇതോടൊപ്പം ഉപഭോക്താക്കൾക്കായി ആപ്പും വെബ് പോർട്ടലും തുറന്നിട്ടുണ്ട്. സ്റ്റാർട്ടപ് മിഷനുമായി ചേർന്നുള്ള പട്ടികജാതി വികസന വകുപ്പിന്റെ സംരംഭമായ സ്റ്റാർട്ടപ് ഡ്രീംസിനു കീഴിലാണ് ബൈഫി ഇൻകുബേറ്റ് ചെയ്തിരിക്കുന്നത്. പ്രാദേശിക വ്യാപാര സ്ഥാപനങ്ങളുടെ ഇ കൊമേഴ്‌സ് ശൃംഖലയിലെ ഉത്പന്നങ്ങളും സേവനങ്ങളും വിപണിയിൽ പരിചയപ്പെടുത്തുകയാണ് ബൈഫിയുടെ ലക്ഷ്യം. ടെക്‌നോപാർക്കിൽ ആക്‌സൻ സോഫ്റ്റ്‌വേർ എന്ന പേരിൽ കഴിഞ്ഞവർഷമാണ് കമ്പനി തുടങ്ങിയത്.

ദക്ഷിണകൊറിയൻ സർക്കാരിന്റെ ശാസ്ത്ര-സാങ്കേതികവിദ്യ മന്ത്രാലയം, കൊറിയയുടെ നാഷനൽ ഐടി ഇൻഡസ്ട്രി പ്രമോഷൻ ഏജൻസി (നിപ) എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ഇൻടുകൊറിയ സ്റ്റാർട്ടപ്പുകളുടെ അതിവേഗ വളർച്ചയാണ് ലക്ഷ്യമിടുന്നത്. പരിസ്ഥിതി സാങ്കേതിക വിദ്യ, ധനകാര്യ സാങ്കേതിക വിദ്യ, നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), ഇ കൊമേഴ്‌സ് എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന മുപ്പതു സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പുകൾക്കു മാത്രം ക്ഷണം ലഭിച്ച ഇൻടുകൊറിയയിലെ പങ്കാളിത്തം ബൈഫിക്ക് ലഭിച്ച അംഗീകാരമാണ്. തുടക്കക്കാരായ ഉപഭോക്താക്കൾക്കായി അവശ്യഘടകങ്ങൾ എല്ലാമുൾപ്പെടുത്തി വികസിപ്പിച്ച മിനിമം വയബിൾ പ്രോഡക്ട് (എംവിപി) വിഭാഗത്തിലാണ് ബൈഫി്ക്ക് അവസരം ലഭിച്ചത്.

ആശയങ്ങൾ എങ്ങനെ പ്രവൃത്തിയിലെത്തിക്കാമെന്നതിനെപ്പറ്റി വിദഗ്ധ സാങ്കേതികോപദേശം ലഭിക്കാനുള്ള അവസരം ഇൻടുകൊറിയയിൽ ക്ഷണിക്കപ്പെട്ടിട്ടുള്ള സ്റ്റാർട്ടപ്പുകൾക്കു ലഭിക്കും. ദക്ഷിണകൊറിയയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന പാങ്യോ സ്റ്റാർട്ടപ് കാമ്പസിൽ സൗജന്യ ഓഫിസ് സ്ഥലം, കൊറിയൻ സ്റ്റാർട്ടപ്പ് വിസ ലഭിക്കാൻ സഹായം, പെയേർഡ് മെന്റർഷിപ്പ് എന്നിവയ്ക്കും അവസരമുണ്ട്. കൂടാതെ ലോകപ്രശസ്ത കമ്പനികളായ സാംസംഗ്, എൽജി, ഹ്യൂണ്ടായ് എന്നിവയിലെ വിദഗ്ധൻമാരുമായി ആശയസംവാദത്തിനുള്ള അവസരവുമുണ്ട്. പ്രതിമാസ തൊഴിൽ മേളകളിൽ പ്രവേശനം, ഭാഷാപരിശീലനം, മികച്ച സംരംഭകരിൽനിന്ന് മാർഗനിർദേശങ്ങൾക്കുള്ള അവസരം എന്നിവയും ലഭിക്കും.