സ്റ്റാന്‍ഫോര്‍ഡ് സീഡ് സ്പാര്‍ക്കിലേക്ക് 7 സ്റ്റാര്‍ട്ടപ്പുകള്‍

Posted on: April 4, 2022

കൊച്ചി : അമേരിക്കയിലെ പ്രശസ്തമായ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അഞ്ച് മാസത്തെ പരിശീലനപരിപാടിയിലേക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും ഏഴ് സംരംഭങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാര്‍ട്ടപ്പുകളുടെ വാണിജ്യസാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള സാങ്കേതിക ഉപദേശങ്ങള്‍ നേടാനും അവസരം നല്‍കുന്നതാണ് ഈ ഓണ്‍ലൈന്‍ പരിപാടി.

കിഡ് വെസ്റ്റര്‍, ബംബെറി, ഫോണോലോഗിക്‌സ്, സോഷ്യല്‍ ടൗണ്‍, ഐറോവ്, കുദ്രത്ത്, ഇസിഗോ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍. പുതിയ വാണിജ്യതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക, വിപണന ശൃംഘല വളര്‍ത്തുക എന്നിവയാണ് ഈ പരിപാടി കൊണ്ടുദ്ദേശിക്കുന്നത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസ് ആണ് ഇത് സംഘടിപ്പിക്കുന്നത്.

നാലിനും പതിനെട്ടിനും ഇടയില്‍ കുട്ടികളില്‍ സാമ്പത്തിക അവബോധം വളര്‍ത്താനുള്ള കോഴ്‌സുകളാണ് കിഡ് വെസ്റ്റര്‍ സ്റ്റാര്‍ട്ടപ്പിന്റെ ഉത്പന്നം. മണ്ണില്‍ അലിഞ്ഞ് ചേരുന്ന ശിശു അടിവസ്ത്രങ്ങളാണ് ബംബെറി. പൂര്‍ണമായും പ്രകൃതിദത്തമായ പദാര്‍ത്ഥങ്ങള്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

ഓട്ടിസം പോലുള്ള സ്വഭാവ വെല്ലുവിളികളുള്ള കുട്ടികള്‍ക്കുള്ള സംഭാഷണചികിത്സാ സാങ്കേതികവിദ്യയാണ് ഫോണോ ലോജിക്‌സിന്റെ ഉത്പന്നം. കൂടുതലായും ഈ പ്രശ്‌നങ്ങള്‍ കുട്ടികളിലാണ് കണ്ടു വരുന്നതെങ്കിലും ഏതു പ്രായത്തിലുള്ള ആളുകള്‍ക്കും ഇതിന്റെ സേവനം ലഭ്യമാണ്. സന്നദ്ധപ്രവര്‍ത്തകരടങ്ങുന്ന സാമൂഹ്യസംഘടനകള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള വേദിയാണ് ദി സോഷ്യല്‍ ടൗണ്‍. സമാനസ്വഭാവമുള്ള സാമൂഹ്യസംഘടനകള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ഇതിലൂടെ സാധിക്കും.

രാജ്യത്തെ ആദ്യ ജലാന്തര ഡ്രോണ്‍ ഐറോവ് ട്യൂണയാണ് ഐറോവിന്റെ പ്രധാന ഉത്പന്നം. എന്‍പിഒഎല്‍, ഡിആര്‍ഡിഒ, ലോകത്തെ പ്രമുഖ തുറമുഖങ്ങള്‍ എന്നിവ ഈ ഉത്പന്നത്തിന്റെ ഉപഭോക്താക്കളാണ്. മണ്ണില്‍ അലിഞ്ഞ് ചേരുന്ന പ്ലേറ്റുകള്‍, പാത്രങ്ങള്‍ തുടങ്ങിയവയാണ് കുദ്‌റത്തിന്റെ ഉത്പന്നങ്ങള്‍. സുസ്ഥിരവികസനത്തിനായുള്ള ഐക്യരാഷ്ട്രസഭാ പദ്ധതിയുടെ സഹകരണമുള്ള ഉത്പന്നമാണിത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അക്കാദമിക് വിഷയങ്ങള്‍, ഫീസ് മുതലയാവ ഏകോപിപ്പിക്കുന്നതിനുള്ള ആപ്പാണ് ഈസിഗോ. പുതിയ വിദ്യാഭ്യാസനയം നടപ്പില്‍ വരുത്തുന്ന പ്രക്രിയ ലളിതവത്കരിക്കാനും ഈ ആപ്പിലൂടെ സാധിക്കും.