ബജറ്റ് തയ്യാറെടുപ്പ് : സ്റ്റാര്‍ട്ടപ്പ് സ്ഥാപകരും നിക്ഷേപകരുമായി ധനമന്ത്രി ചര്‍ച്ച നടത്തി

Posted on: February 10, 2022

കൊച്ചി : സംസ്ഥാന ബജറ്റിന് മുന്നോടിയായി സ്റ്റാര്‍ട്ടപ്പ് സംരംഭകരും എയ്ഞ്ചല്‍ നിക്ഷേപകരുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ചര്‍ച്ച നടത്തി. സംസ്ഥാനത്തേക്കുള്ള നിക്ഷേപത്തിന്റെ വാതായനം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാണെന്ന് പോയ വാരം നടന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച സീഡിംഗ് കേരള ഉച്ചകോടി ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച.

സംസ്ഥാനത്തിന്റെ പ്രത്യേക വര്‍ത്തമാനകാല സ്ഥിതിവിശേഷം കണക്കിലെടുത്താല്‍ സ്റ്റാര്‍ട്ടപ്പ് മേഖലയിലൂടെയാണ് ഇനി നിക്ഷേപ സാധ്യത ഏറെയുള്ളതെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പ്രമുഖ നിക്ഷേപകരുമായി മന്ത്രി ബജറ്റ് പൂര്‍വ ആശയവിനിമയം നടത്തി.

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, ക്വാറ്റ്‌റോ ചെയര്‍മാന്‍ രമണ്‍ റോയ്, ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ് വര്‍ക്ക് സഹസ്ഥാപക പത്മജ രുപാരേല്‍, എയ്ഞ്ചല്‍ നിക്ഷേപകന്‍ രവീന്ദ്രനാഥ് കാമത്ത്, ടെരുമോ പെന്‍പോള്‍ സ്ഥാപകന്‍ സി ബാലഗോപാല്‍, ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് ചെയര്‍മാന്‍ നവാസ് മീരാന്‍, തുടങ്ങിയ പ്രമുഖരും യൂണികോണ്‍ വെഞ്ച്വേഴ്‌സ്, സ്‌പെഷ്യാല്‍ ഇന്‍വെസ്റ്റ് ഫണ്ട്, അര്‍ഥ വെഞ്ച്വേഴ്‌സ് എന്നിവയുടെ പ്രതിനിധികളുമായാണ് ധനമന്ത്രി ചര്‍ച്ച നടത്തിയത്. കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് നിക്ഷേപകര്‍ ധനമന്ത്രിയെ അറിയിച്ചു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം ബജറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ അത് നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കുമെന്നും അവര്‍ പറഞ്ഞു.

കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുമായും ധനമന്ത്രി ചര്‍ച്ച നടത്തി. 40 ബില്യണ്‍ ഡോളറാണ് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ കഴിഞ്ഞ വര്‍ഷം എത്തിയ നിക്ഷേപം. ഈ സാഹചര്യം മുതലെടുത്ത് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനുള്ള വേദി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമാണെന്ന് സംരംഭകര്‍ ധനമന്ത്രിയെ ധരിപ്പിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും സ്ഥാപകര്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. സംസ്ഥാനത്തെ ഭാവി നിക്ഷേപസാധ്യതകളില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന ധനമന്ത്രിയുടെ പ്രസ്താവന ആവേശത്തോടെയാണ് കാണുന്നതെന്നും സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ പറഞ്ഞു.