കുക്ക്ബുക്ക് രുചിക്കൂട്ടുമായി റിയാഫൈ ടെക്‌നോളജീസ്

Posted on: July 23, 2015

Riafy-Technologies-Big

രുചികരമായ റെസിപ്പികൾ നല്ലഭക്ഷണം മാത്രമല്ല സാമ്പത്തിക നേട്ടവും നേടിത്തരുമെന്നു തെളിയിക്കുകയാണ് സ്റ്റാർട്ടപ്പ് വില്ലേജിലെ റിയാഫൈ ടെക്‌നോളജീസ്. കുക്ക് ബുക്ക് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി വിജയത്തിന്റെ പടവുകൾ ചവിട്ടുകയാണ് ഒരു കൂട്ടം യുവാക്കൾ. കോളജ് കാലഘട്ടത്തിലെ കൂട്ടായ്മയും വ്യത്യസ്തമായ ചിന്താഗതിയും ഈ യുവാക്കളെ ഒരുമിപ്പിച്ചു. കോലഞ്ചേരി കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം കോളജിലെ സഹപാഠികളായ ജോൺ മാത്യു, നീരജ് മനോഹരൻ, ബെന്നി സേവ്യർ, കെ.വി. ശ്രീനാഥ് എന്നിവർക്കൊപ്പം ജോസഫ് ബാബുവും ബിനോയ് ജോസഫും ചേർന്നപ്പോൾ റിയാഫൈ ടെക്‌നോളജീസിന് രൂപം കൊള്ളുകയായിരുന്നു.

കോളജിൽ പഠിക്കുന്ന കാലത്ത് ചെയ്ത പ്രോജക്ടായിരുന്നു ഇവരുടെ ജീവിതത്തിൽ വഴിത്തിരിവായത്. സിനിമ ഇറങ്ങുന്നതിനു മുമ്പു ആ സിനിമ എങ്ങനെയായിരിക്കും ആളുകൾക്ക് ഇഷ്ടപ്പെടുമോ എന്നൊക്കെ വ്യക്തമാക്കുന്ന ആപ്ലിക്കേഷനായിരുന്നു ഇത്. എല്ലാ തിങ്കളാഴ്ചയുമായിരുന്നു ഇത്തരത്തിൽ പ്രഡിക്ഷൻ നടത്തിയിരുന്നത്. ഇത്തരത്തിൽ ആപ്ലിക്കേഷനുകൾക്കു ഭാവിയിൽ വലിയ സാധ്യതകളുണ്ടെന്നു മനസിലാക്കിയ ഈ കൂട്ടുകാർ ഇത്തരം ആപ്ലിക്കേഷനിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. കൂടെ പഠിച്ചിരുന്ന മിക്കവർക്കും ജോലിക്കായി വൻകിട കമ്പനികളിൽ നിന്നും ഓഫറുകൾ വന്നിട്ടും അതൊന്നും സ്വീകരിച്ചില്ല. സ്വന്തമായൊരു സംരംഭമായിരുന്നു ഇവരുടെ ലക്ഷ്യം.

മികച്ച പ്രതികരണം ലഭിക്കുന്ന ഒരു മേഖല ആപ്ലിക്കേഷനായി തെരഞ്ഞെടുക്കണമെന്നതുകൊണ്ടു ഭക്ഷണമേഖല അവർ തെരഞ്ഞടുത്തു. കുക്ക് ബുക്ക് എന്ന പേരിൽ ആപ്ലിക്കേഷനും ആരംഭിച്ചു. വിവിധ കുക്കിംഗ് റെസിപ്പീസ്, ഷോപ്പിംഗ് ലിസ്റ്റുകൾ, റെസിപ്പികൾ സേവ് ചെയ്യാനുള്ള ഓപ്ഷൻ, ആരോഗ്യപ്രദമായ ഭക്ഷണം എങ്ങനെ ഉണ്ടാക്കാം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയായിരുന്നു കുക്ക് ബുക്ക് തയാറാക്കിയത്. ഉപയോഗിക്കുന്ന ആളുകൾക്ക് അവരുടെ റെസിപ്പികൾ ഉൾക്കൊള്ളിക്കാനുള്ള സൗകര്യവും കുക്ക് ബുക്കിലുണ്ട്.

ബിരിയാണി പലവിധത്തിലുണ്ടാക്കാം അതിന് ഒരു ഒറിജിനൽ റെസിപ്പിയുണ്ടായിരിക്കും. പക്ഷേ മിക്കവരും ഇതിൽ തന്നെ പരീക്ഷണങ്ങളും നടത്തുന്നുണ്ട് അത്തരത്തിലുള്ളവർ എന്തെങ്കിലും വ്യത്യസ്തമായി ആപ്പിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കും. അത്തരത്തിൽ വൈവിധ്യമാർന്ന റെസിപ്പികളുടെ സംയോജനമാണ് കുക്ക് ബുക്ക് എന്ന് റിയാഫൈ ടെക്‌നോളജീസ് സിഇഒ ജോൺ മാത്യു പറയുന്നു. കുക്ക്ബുക്കിന്റെ അപ്‌ഡേറ്റഡ് വേർഷൻ താമസിയാതെ പുറത്തിറക്കും അതിൽ ഓഫ്‌ലൈനായും ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ടാകും. ആളുകൾക്കു കൂടുതൽ പേഴ്‌സണലായി ഉപയോഗിക്കാൻ തക്കവിധത്തിലാകും അപഡേറ്റഡ് വേർഷൻ പുറത്തിറക്കുക. റിലേഷൻ ഇന്റലിജൻസ് എന്നൊരു സങ്കേതം കൂടി ഉൾക്കൊള്ളിച്ച് ആളുകളുടെ ടേസ്റ്റുകൾ മുൻകൂട്ടികണ്ട് അവർക്കായി റെസിപ്പികൾ തയാറാക്കാനുള്ള ശ്രമത്തിലാണ് റിയാഫൈ ഇപ്പോൾ.

ആൻഡ്രോയ്ഡ് ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലായി 80 ലക്ഷത്തിലധികം ഉപയോക്താക്കൾ റിയാഫൈ ടെക്‌നോളജീസിനുണ്ട്. മൊബൈൽ അധിഷ്ടിതമായാണ് കുക്ക് ബുക്ക് പ്രവർത്തിക്കുന്നത്. ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകൾ വ്യാപകമായ പശ്ചാത്തലത്തിൽ മൊബൈൽ അധിഷ്ഠിതമായ ആപ്പുകൾക്ക് വളരെ പെട്ടന്നു മികച്ച പ്രതികരണം ഉണ്ടാക്കാൻ കഴിയും. നിലവിൽ 106 രാജ്യങ്ങളിൽ കുക്ക് ബുക്ക് ഉപയോഗിക്കുന്നുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, സ്പാനിഷ്, ഇറ്റാലിയൻ തുടങ്ങി 18 ഭാഷയിൽ കുക്ക് ബുക്കിന്റെ ആപ്ലക്കേഷൻ ലഭ്യമാകും. മലയാളത്തിലും വൈകാതെ കുക്ക് ബുക്ക് ആരംഭിക്കും.

ഗൂഗിൾ മികച്ച ആപ്പ് ഡവലപ്പർമാർക്കായി നൽകുന്ന ബാഡ്ജും റിയാഫൈ ടെക്‌നോളജീസിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് റിയാഫൈ കൂടാതെ ഫ്‌ലിപ്കാർട്ടിനു മാത്രമാണ് ഈ ബാഡ്ജ് ലഭിച്ചത്. കഴിഞ്ഞ മെയിൽ നടന്ന ഗൂഗിൾ ഐഒ ഇവന്റിൽ ടോപ്പ് ഡവലപ്പറായും തെരഞ്ഞെടുത്തു. ആൻഡ്രോയ്ഡിന്റെ ഏതു പ്ലാറ്റ്‌ഫോമിലും അനായാസമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയൽ ആപ്പ് തയാറാക്കിയതിനാണ് ടോപ്പ് ഡവലപ്പറായി റിയാഫൈയെ തെരഞ്ഞെടുത്തത്. 57 രാജ്യങ്ങളിൽ ഹെൽത്ത് ആൻഡ് ഫിറ്റ്‌നസ് ആപ്പ് റേറ്റിംഗിൽ അഞ്ചാം സ്ഥാനത്താണ് റിയാഫൈ. ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്.

Riafy-Logo-big

ഗൂഗിൾ പ്ലേയിലുള്ള റിയാഫൈയുടെ റെസിപ്പി പ്ലാറ്റ്ഫോമിൽ കുക്ക് ബുക്ക് കൂടാതെ സാലഡ് റെസിപ്പീസ്, കേക്ക് റെസിപ്പീസ്, ഡസേർട്ട് റെസിപ്പീസ്, ഇറ്റാലിയൻ റെസിപ്പീസ് തുടങ്ങി 32 സ്‌പെഷലൈസഡ് ആപ്പുകൾ ഉണ്ട്. ഓഗസ്റ്റിൽ ഇറങ്ങുന്ന സോണിയുടെ ആൻഡ്രോയ്ഡ് ടിവിയുടെ ഹോം പേജിൽ കുക്ക് ബുക്കിന്റെ ആപ്ലിക്കേഷനുമുണ്ടാകും.

റിയാഫൈ 2012 ലാണ് ആരംഭിക്കുന്നത്. 2013-ൽ സ്റ്റാർട്ടപ്പ് വില്ലേജിൽ പ്രവേശിച്ചു. തങ്ങളുടെ ആശയത്തോട് മികച്ച പ്രതികരണമായിരുന്നു സ്റ്റാർട്ടപ് വില്ലേജിൽ നിന്നും ലഭിച്ചതെന്നു ജോൺ പറഞ്ഞു. സമാന മേഖലയിൽ പ്രവർത്തിക്കുന്ന കൂടുതൽ ആളുകളെ കണ്ടുമുട്ടുകയും പരിചയപ്പെടാൻ അവസരം ലഭിക്കുന്നതുമാണ് സ്റ്റാർട്ടഅപ്പിന്റെ ഏറ്റവും വലിയ ഗുണം. നമ്മുടെ ആശയങ്ങൾക്കനുസരിച്ച് വ്യക്തമായ പദ്ധതി ആവിഷ്‌കരിക്കാൻ കൂടുതലായും സഹായിക്കും – ജോൺ കൂട്ടിച്ചേർത്തു.

ഒരു ലക്ഷം രൂപ മൂലധനത്തിലാണ് റിയാഫൈ ടെക്‌നോളജീസ് ആരംഭിക്കുന്നത്. തുടക്കത്തിൽ ജോൺ മാത്യുവിന്റെ അങ്കമാലിയിലെ വീട്ടിലായിരുന്നു കമ്പനിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. പിന്നീട് കളമശേരിയിലെ സ്റ്റാർട്ടപ്പ് വില്ലേജിലേക്കു മാറുകയായിരുന്നു. ഇപ്പോൾ ഇൻഫോപാർക്കിനു സമീപം ഒലീവ് കോർട്ട്‌യാർഡിലാണ് കമ്പനി പ്രവർത്തിക്കുന്നത്. പരസ്യമാണ് കമ്പനിയുടെ വരുമാനം. ആഡ്‌മോബ് എന്ന സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം ഒരു കോടി രൂപയുടെ വരുമാനം കമ്പനിക്കു ലഭിച്ചു.

ഇ-മെയിൽ [email protected] ഫോൺ : 9496460870